പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്.
'100 കോടി ക്ലബ്ബ്'.. ഒരുകാലത്ത് ബോളിവുഡ് സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വഴി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ പ്രയോഗം. മലയാളത്തിന് ഒരിക്കലും പ്രാപ്യമല്ലെന്ന് പ്രേക്ഷകരാലും ഇന്‍ഡസ്ട്രിയാലും കരുതപ്പെട്ട ഈ നേട്ടത്തിന് ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ് സിനിമകളില്‍ ധാരാളം അവകാശികള്‍ ഉണ്ടായി. അപ്പോഴും മലയാള ചലച്ചിത്ര വ്യവസായത്തിന് അപ്രാപ്യമായ നേട്ടമായാണ് '100 കോടി ക്ലബ്ബ്' വിലയിരുത്തപ്പെട്ടിരുന്നത്, 2016 വരെ. 2016 ഒക്ടോബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകനി'ലൂടെ മലയാളം ആ സ്വപ്‌നനേട്ടം സ്വന്തമാക്കി. സിനിമകള്‍ നേടുന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ പോസ്റ്ററുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്റിനും 'പുലിമുരുകന്‍' മലയാളത്തില്‍ തുടക്കം കുറിച്ചു.
undefined
എന്നാല്‍ 100 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിച്ചിരുന്നില്ല പുലിമുരുകന്‍. 150 കോടി നേട്ടമെന്ന കണക്കും നിര്‍മ്മാതാവ് പിന്നീടുള്ള ആഴ്ചകളില്‍ പുറത്തുവിട്ടു. ഇപ്പോഴിതാ മറ്റൊരു 150 കോടി ചിത്രവും മലയാളത്തിന് ലഭിച്ചിരിക്കുന്നു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫര്‍'. തിരക്കഥാകൃത്തുക്കളും സംവിധായകരും ഛായാഗ്രാഹകരുമൊക്കെ രണ്ട് ചിത്രങ്ങളിലും വെവ്വേറെ ആളുകള്‍. രണ്ട് ചിത്രങ്ങളിലും പൊതുവായുള്ള ഒരേയൊരു ഘടകം- മോഹന്‍ലാല്‍..
പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്.
ഈ സ്വപ്‌നനേട്ടം സാധ്യമായതിന് പിന്നില്‍ പിഴവില്ലാത്ത വിതരണ ശൃംഖലയും മാര്‍ക്കറ്റിംഗുമുണ്ട്. മറ്റ് വിഷു റിലീസുകളൊക്കെ എത്തുന്നതിന് മുന്‍പ് കേരളത്തില്‍ മാത്രം 400 സ്‌ക്രീനുകളിലാണ് ലൂസിഫര്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ കേരളാ കളക്ഷന്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 150 കോടി ഗ്രോസില്‍ ഒരു ഭാഗം മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഒരു മലയാളചിത്രം റിലീസിന് കടന്നുചെന്നിട്ടില്ലാത്ത വിദേശ മാര്‍ക്കറ്റുകളിലേക്കൊക്കെ ലൂസിഫര്‍ കടന്നുചെന്നു. കേരളവും മറ്റ് സംസ്ഥാനങ്ങളും കഴിഞ്ഞാല്‍ യുഎഇ, ജിസിസി റിലീസിന് മാത്രം പ്രാധാന്യം കൊടുത്തിരുന്ന മലയാളസിനിമാ പതിവിന് വിപരീതമായി യുഎസിലേക്കും യുകെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെ ലൂസിഫര്‍ എത്തി. ഇവിടങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ആദ്യ എട്ട് ദിനങ്ങളില്‍ 100 കോടി എന്ന സ്വപ്‌ന നേട്ടത്തിലേക്ക് ചിത്രം എത്തിയത്.
തീയേറ്ററുകളിലെത്തി 23 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്. പ്രധാന കേന്ദ്രങ്ങളില്‍ ചില ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുന്നതിനൊപ്പം മിക്ക പ്രദര്‍ശനങ്ങള്‍ക്കും 85-90 ശതമാനം തീയേറ്റര്‍ ഒക്കുപ്പന്‍സിയും ലഭിക്കുന്നുണ്ട് ഇപ്പോഴും ചിത്രത്തിന്. മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴും ഷോകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ലൂസിഫറിന് നാളെയുള്ളത് 36 പ്രദര്‍ശനങ്ങളാണ്. ചെന്നൈ ഉള്‍പ്പെടെ മലയാളികള്‍ ധാരാളമുള്ള മെട്രോ നഗരങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം തുടരുന്നു. ഇനിയും ഒന്നരമാസത്തെ അവധിക്കാലമാണ് കേരളത്തില്‍ ചിത്രത്തിന് മുന്നിലുള്ളത്. ലോംഗ് റണ്ണില്‍ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം അതിനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണ്.