മലയാളത്തിലെ എക്കാലത്തെയും ക്രൗഡ്പുള്ളര്‍ നായകന്മാരില്‍ പ്രധാനിയായ മോഹന്‍ലാലിനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പ്രചാരത്തിലുള്ള ചില വിലയിരുത്തലുകളുണ്ട്. അതിലൊന്ന് ആദ്യ ദിനങ്ങളില്‍ ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ ഒരു മോഹന്‍ലാല്‍ ചിത്രം വലിയ ഹിറ്റിലേക്ക് പോകും എന്നതാണ്.
വ്യവസായം എന്ന നിലയില്‍ അതുവരെയുണ്ടായിരുന്ന അതിരുകളെ ഭേദിക്കുന്ന സിനിമകള്‍. 'ഇന്‍ഡസ്ട്രി ഹിറ്റു'കള്‍ എന്ന് ചലച്ചിത്രലോകം വിളിച്ചുപോരുന്ന സിനിമകള്‍ വിജയിക്കുമ്പോള്‍ വ്യവസായവുമായി ബന്ധപ്പെട്ട നാനാവിധ ഘടകങ്ങളിലേക്കും അതിന്റെ ലാഭവിഹിതം എത്തുന്നു. നിര്‍മ്മാതാവ്, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ തുടങ്ങി എല്ലാവരിലേക്കും അത് എത്തുന്നു. തെലുങ്ക് സിനിമയെ സംബന്ധിച്ച് 'ബാഹുബലി'യും കന്നഡ സിനിമയെ സംബന്ധിച്ച് 'കെജിഎഫും' ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളായിരുന്നു. മലയാളത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംഭവിച്ച രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ മോഹന്‍ലാലിന്റെ പേരിലാണ്, അല്ലെങ്കില്‍ അദ്ദേഹം നായകനായെത്തിയ സിനിമകളാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013 ല്‍ പുറത്തെത്തിയ 'ദൃശ്യ'വും വൈശാഖിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തെത്തിയ 'പുലിമുരുകനും' അത്തരത്തില്‍ അടയാളപ്പെട്ട സിനിമകളാണ്. അതിന്റെ തുടര്‍ച്ചയാവുമോ 'ലൂസിഫര്‍'? അങ്ങനെയെങ്കില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം 'ഇന്‍ഡസ്ട്രി ഹിറ്റാ'വും. മലയാളത്തിലെ എക്കാലത്തെയും ക്രൗഡ്പുള്ളര്‍ നായകന്മാരില്‍ പ്രധാനിയായ മോഹന്‍ലാലിനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പ്രചാരത്തിലുള്ള ചില വിലയിരുത്തലുകളുണ്ട്. അതിലൊന്ന് ആദ്യ ദിനങ്ങളില്‍ ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ ഒരു മോഹന്‍ലാല്‍ ചിത്രം വലിയ ഹിറ്റിലേക്ക് പോകും എന്നതാണ്. നമ്മുടെ തീയേറ്ററുകള്‍ മള്‍ട്ടിപ്ലെക്‌സ് പരിവേഷത്തിലേക്ക് പുതുക്കപ്പെട്ടിട്ടും ആളെക്കൂട്ടുന്ന താരപ്രഭാവമായി തുടരുകയാണ് മോഹന്‍ലാല്‍.
undefined
ദൃശ്യം
'അപ്രതീക്ഷിത ഹിറ്റെ'ന്ന് പറയാവുന്ന വിജയമായിരുന്നു ദൃശ്യം നേടിയത്. കര്‍മയോദ്ധ, ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഗീതാഞ്ജലി തുടങ്ങി വേണ്ടത്ര ശ്രദ്ധ നേടാതെപോയ സിനിമകള്‍ക്ക് ശേഷം എത്തിയതിനാല്‍ വലിയ പ്രീറിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെയായിരുന്നു ദൃശ്യം എത്തിയത്. 2013ലെ ക്രിസ്മസ് റിലീസായി എത്തിയത് ഡിസംബര്‍ 19ന്. പ്രീ-റിലീസ് പോസ്റ്ററുകളിലൂടെ ഒരു 'സാധാരണ കുടുംബചിത്ര'മെന്ന തോന്നലുളവാക്കിയ സിനിമയ്ക്ക് റിലീസ് ദിനത്തില്‍ പ്രധാനകേന്ദ്രങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോകള്‍ ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. ഒരുതരം തണുപ്പന്‍ പ്രതികരണം.
പക്ഷേ അവകാശവാദങ്ങളൊന്നുമില്ലാതെയെത്തിയ 'ദൃശ്യം' തങ്ങള്‍ വിചാരിച്ചതുപോലെ ഒരു 'പാവം' സിനിമയല്ല എന്നത് മോഹന്‍ലാല്‍ ആരാധകരെത്തന്നെ ഞെട്ടിച്ചു. ആ വാരാന്ത്യത്തില്‍ത്തന്നെ ചിത്രം തീയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്നു. ആദ്യവാരം തന്നെ ആരാധകര്‍ക്കൊപ്പം കുടുംബപ്രേക്ഷകരും ധാരാളമായി എത്തിത്തുടങ്ങി. ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആവണമെങ്കില്‍ ആവശ്യമുള്ള 'റിപ്പീറ്റ് ഓഡിയന്‍സി'നെ ധാരാളമായി ലഭിച്ച സിനിമയുമായിരുന്നു ദൃശ്യം. ത്രില്ലര്‍ ആയിരുന്നതിനാല്‍ ആദ്യകാഴ്ചയില്‍ സസ്‌പെന്‍സ് അറിഞ്ഞതിന് ശേഷമുള്ള ആസ്വാദനത്തിനായി രണ്ടാമതും മൂന്നാമതും ദൃശ്യം കണ്ടവര്‍ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമായിരുന്നില്ല. പിന്നീടുള്ള ആഴ്ചകളില്‍ തീയേറ്ററുകള്‍ സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വ്വമായ തിരക്കിനായിരുന്നു. സിനിമ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന നിരൂപണങ്ങള്‍ ഉണ്ടായെങ്കിലും മധ്യവര്‍ഗ്ഗ മലയാളി കുടുംബങ്ങളുടെ ഭയത്തെ ഒരര്‍ഥത്തില്‍ 'മുതലെടുത്ത' സിനിമയായിരുന്നു ദൃശ്യം.
പുലിമുരുകന്‍
മോഹന്‍ലാലിന്റെ സമീപകാല കരിയറില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്ന സിനിമയാണ് പുലിമുരുകന്‍. മുന്‍പ് മാസ് ഹിറ്റുകള്‍ ഒരുക്കിയ വൈശാഖും വലിയ ബജറ്റും ചിത്രത്തിന്റെ പേരുമൊക്കെ ആരാധകരിലും ഇന്‍ഡസ്ട്രിയിലും പ്രതീക്ഷകള്‍ ഉളവാക്കി. എന്നാല്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോയി. അവസാനം 2016 ഒക്ടോബര്‍ ഏഴിന് ചിത്രം തീയേറ്ററുകളിലെത്തി. ദൃശ്യത്തെപ്പോലെ ആരാലും ശ്രദ്ധിക്കപ്പെടാതെയായിരുന്നില്ല 'പുലിമുരുകന്റെ' വരവ്. പ്രധാന ദിനപത്രങ്ങളില്‍ ഫുള്‍ ഒന്നാം പേജ് പരസ്യത്തോടെയായിരുന്നു റിലീസ്. അതിരാവിലെ തന്നെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോകള്‍ ആരംഭിച്ചു. പത്ത് മണിയോടെ കാതുകളില്‍ നിന്ന് കാതുകളിലേക്ക് അഭിപ്രായം പ്രവഹിക്കാന്‍ തുടങ്ങി. ഇതുവരെ മലയാളത്തിന് ഭാവനയില്‍ കാണാനാവാത്തതരം വിജയത്തിലേക്ക് പ്രവേശിക്കുമെന്ന് ഇന്‍ഡസ്ട്രി റിലീസ് ദിവസം തന്നെ വിലയിരുത്തിയ സിനിമയാണ് പുലിമുരുകന്‍. റിലീസ് വാരാന്ത്യത്തില്‍ തീയേറ്ററുകളില്‍ അക്ഷരാര്‍ഥത്തില്‍ ജനപ്രളയമായിരുന്നു. പലസ്ഥലത്തും ടിക്കറ്റ് കരിഞ്ചന്തയില്‍ എക്കാലത്തെയും വലിയ വിലയില്‍ ആരാധകര്‍ പുലിമുരുകന്‍ ടിക്കറ്റുകള്‍ സ്വന്തമാക്കി.
വൈഡ് റിലീസ് വ്യാപകമായതിന് ശേഷം ആഴ്ചകളോളം തീയേറ്ററുകളില്‍ തുടര്‍ന്ന ചിത്രവുമാണ് പുലിമുരുകന്‍. 50, 100 ദിനങ്ങളിലെ പോസ്റ്ററുകള്‍ അടിക്കുന്നതിനുവേണ്ടി സാധാരണ നിര്‍മ്മാതാക്കള്‍ ചെയ്യാറുള്ളതുപോലെ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഒന്നോ രണ്ടോ പ്രദര്‍ശനങ്ങള്‍ നടത്തുന്നതുപോലെ ആയിരുന്നില്ല അത്. മറിച്ച് ഇന്‍ഡസ്ട്രി അത്ഭുതപ്പെട്ടുപോയ പ്രേക്ഷകപങ്കാളിത്തമായിരുന്നു ഗ്രാമ, നഗര വ്യത്യാസമില്ലാതെ തീയേറ്ററുകളില്‍. 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചുവെന്ന പോസ്റ്റര്‍ അടിച്ചപ്പോഴും അതിനെ അവിശ്വസിക്കേണ്ട സാഹചര്യം ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നില്ല. കാരണം റിലീസിന്റെ ഒരു മാസത്തിന് ശേഷവും തീയേറ്ററുകള്‍ക്ക് മുന്നില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂക്കിയ സിനിമയായിരുന്നു പുലിമുരുകന്‍.
ലൂസിഫര്‍
മലയാളസിനിമയുടെ സമീപകാല ചരിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ സ്വീകരിച്ച പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ലൂസിഫറിന്റേത്. ഒരു തിരുവോണദിനത്തില്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ അപ്രതീക്ഷതമായി വന്നതുമുതല്‍ ഈ സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പുണ്ടായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ യുഎസ്പി. മുരളി ഗോപിയുടെ തിരക്കഥയും ആശിര്‍വാദിന്റെ നിര്‍മ്മാണവുമൊക്കെ പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളായിരുന്നു. മലയാളസിനിമയിലെ സമീപകാല ദുരനുഭവങ്ങള്‍ മുന്നില്‍കണ്ട് പ്രീ-റിലീസ് പബ്ലിസിറ്റി ശ്രദ്ധാപൂര്‍വ്വം ചെയ്ത സിനിമയുമാണ് ലൂസിഫര്‍. പൃഥ്വിരാജോ മോഹന്‍ലാലോ മുരളി ഗോപിയോ ഒക്കെ അളന്നുതൂക്കിയ വാക്കുകളില്‍ മാത്രമാണ് റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഒരു ആരാധകന്‍ എന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെ സ്‌ക്രീനിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതായിരുന്നു പൃഥ്വിരാജിന്റെ പ്രീ-റിലീസ് അഭിമുഖങ്ങളുടെ ആകെത്തുക.
വലിയ ഹൈപ്പോടെയെത്തിയ ചില സിനിമകള്‍ക്ക് ആദ്യദിനം തന്നെ മോശം അഭിപ്രായം ലഭിച്ച സമകാലിക സാഹചര്യത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ഇന്‍ഡസ്ട്രി ലൂസിഫറിന്റെ ഫസ്റ്റ് ഷോ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ത്തത്. എന്നാല്‍ ആ കാത്തിരിപ്പിന് ആശ്വാസം പകരുന്ന ഇനിഷ്യല്‍ അഭിപ്രായങ്ങള്‍ റിലീസ് ദിനം പത്ത് മണിയോടടുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ആദ്യദിനമെത്തിയ ആരാധകര്‍ ഏറെക്കാലത്തിന് ശേഷം തങ്ങള്‍ക്ക് ആഘോഷിക്കാനുള്ള മോഹന്‍ലാല്‍ ചിത്രം എന്ന തരത്തിലാണ് ലൂസിഫറിനെ കണ്ടതും പ്രചരിപ്പിച്ചതും. കേരളത്തില്‍ മാത്രം നാനൂറ് കേന്ദ്രങ്ങളിലായിരുന്നു ലൂസിഫറിന്റെ റിലീസ്. റിലീസ് കേന്ദ്രങ്ങളെല്ലാം മികച്ച പ്രേക്ഷക പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ സമീപകാലത്ത് ആദ്യ വാരാന്ത്യത്തില്‍ തീയേറ്ററുകാര്‍ ഏറ്റവുമധികം സ്‌പെഷ്യല്‍ ഷോകള്‍ സംഘടിപ്പിച്ചതും ലൂസിഫറിന് വേണ്ടിയാണ്. ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ആദ്യ വാരാന്ത്യ കളക്ഷനില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളില്‍ പലതും ലൂസിഫര്‍ കടപുഴക്കിയതായാണ് വിവരം.
വന്‍വിജയം ഉറപ്പായെങ്കിലും ഒരു 'ഇന്‍ഡസ്ട്രി ഹിറ്റി'ലേക്ക് ചിത്രം എത്തുമോ എന്നറിയാന്‍ വരുന്ന ഒരാഴ്ച കൂടിയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ദൃശ്യവും പിന്നീട് പുലിമുരുകനുമൊക്കെ അത്തരത്തിലുള്ള വന്‍വിജയങ്ങളിലേക്ക് പിടിച്ചുകയറിയത് ഒരേപോലെയുള്ള മൗത്ത് പബ്ലിസിറ്റിയിലും റിപ്പീറ്റ് ഓഡിയന്‍സിലുമൊക്കെയാണ്. ആദ്യദിനങ്ങളിലെ ആരാധക അഭിപ്രായങ്ങളില്‍ നിന്ന് വിഭിന്നമായ ചില പ്രേക്ഷകപ്രതികരണങ്ങളെങ്കിലും ഈ ദിവസങ്ങളില്‍ ലൂസിഫറിന് ലഭിക്കുന്നുണ്ട്. വലിയ ഹൈപ്പ് കൊടുക്കാതെയാണ് അണിയറക്കാര്‍ റിലീസിന് മുന്‍പുള്ള പ്രചാരണപരിപാടികളില്‍ പങ്കെടുത്തതെങ്കില്‍ ആദ്യദിന ആരാധക പ്രതികരണങ്ങള്‍ അതിനെയെല്ലാം മറികടക്കുന്നതായിരുന്നു. ആരാധകര്‍ ആദ്യദിനം സൃഷ്ടിച്ച ഹൈപ്പ് ചിത്രം ഇനി കാണാനുള്ള പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കും എന്നതിനെ ആശ്രയിച്ചാവും ലൂസിഫര്‍ നേടാനിരിക്കുന്ന വിജയത്തിന്റെ വലിപ്പം തീരുമാനിക്കപ്പെടുക.