വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി! 'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേത്?

By Web Team  |  First Published Sep 9, 2022, 10:38 PM IST

ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത്


സമീപകാലത്ത് ഇറങ്ങിയ ട്രെയ്‍ലറുകളില്‍ റോഷാക്കിനെപ്പോലെ പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും സൃഷ്ടിച്ച ഒരു ട്രെയ്‍ലര്‍ ഉണ്ടാവില്ല. മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയ്‍ലര്‍. ഒന്നും വിട്ടുപറയാത്ത, കഥാ സൂചനകള്‍ സൂക്ഷിച്ചു മാത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച ട്രെയ്‍ലറില്‍ നിന്നും ചില കണ്ണികള്‍ ചേര്‍ത്ത് വായിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ് സിനിമാപ്രേമികള്‍. സിനിമയുടെ കഥയെക്കുറിച്ച് പല തരം തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. അതിലൊന്ന് ചിത്രത്തില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പീഡനമുറയുടെ റെഫറന്‍സ് ഉണ്ടാവും എന്നതാണ്. കഥയില്‍ ഇത് പ്രാധാന്യത്തോടെ കടന്നുവരുമെന്നും പ്രേക്ഷകരില്‍ ചിലര്‍ വിശ്വസിക്കുന്നു.

അത് വൈറ്റ് റൂം ടോര്‍ച്ചര്‍ സൂചന?

Latest Videos

undefined

ട്രെയ്‍ലറിന്‍റെ ഏറ്റവുമൊടുവില്‍ സീ യു സൂണ്‍ എന്ന എഴുത്തിനൊപ്പം വെളുത്ത നിറത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മുറിയില്‍ മമ്മൂട്ടിയുടെ കഥാപാത്രം തലകുനിച്ച് ഇരിക്കുന്ന രംഗം കാണിക്കുന്നുണ്ട്. ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫര്‍ണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്. മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിന്‍റെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തില്‍ തന്നെ. വെളുപ്പല്ലാതെ മറ്റൊരു നിറവും ആ ഫ്രെയ്മില്‍ ഇല്ല. ഈ ദൃശ്യത്തില്‍ നിന്നാണ് ചിത്രത്തില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ കടന്നുവരുന്നുവെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ അനുമാനിക്കുന്നത്.

 

എന്താണ് വൈറ്റ് റൂം ടോര്‍ച്ചര്‍?

ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍, വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. കുറ്റാരോപിതര്‍ക്കെതിരെ പല സര്‍ക്കാരുകളും രഹസ്യാന്വേഷണ ഏജന്‍സികളുമൊക്കെ പ്രയോഗിച്ചിട്ടുള്ള ഈ രീതി മനശാസ്ത്രപരമായ ഒരു പീഡനമുറയാണ്. ശാരീരികമായ മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം. കുറ്റാരോപിതരെ ഒരു മുറിയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ടാവും ആ മുറിക്ക്. വെളുപ്പല്ലാതെ മറ്റൊരു നിറവും എവിടെയും കാണാനാവില്ല, സ്വന്തം നിഴല്‍ പോലും. റോഷാക്ക് ട്രെയ്‍ലറിലെ ദൃശ്യം പോലെ ഭിത്തിയും തറയും സീലിംഗും ഫര്‍ണിച്ചറുകളുണ്ടെങ്കില്‍ അതും ധരിച്ചിരിക്കുന്ന വസ്ത്രവും ഭക്ഷണം കഴിക്കാനുള്ള പാത്രവും ഭക്ഷണം പോലും വെളുത്ത നിറത്തില്‍ മാത്രം. കുറ്റാരോപിതരുടെ ഇന്ദ്രിയാനുഭവങ്ങളെ ഏറെക്കുറെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കാഴ്ച എന്ന ഇന്ദ്രിയാനുഭവത്തെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചാണ് മറ്റു നിറങ്ങളുടെ കാഴ്ചാനുഭവം നിഷേധിക്കുന്നത്. അതിനാണ് വൈറ്റ് റൂമുകള്‍ ഉപയോ​ഗിക്കുന്നത്. സ്വന്തം നിഴല്‍ പോലും കാണാനാവാത്ത തരത്തില്‍ മുകളില്‍ പ്രത്യേകതരത്തിലാവും വെളിച്ചത്തിന്‍റെ വിതാരം. 

ALSO READ : ഒടിടി റിലീസില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റ് ആയി 'പാപ്പന്‍'; സീ 5 ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

കാഴ്ച കൂടാതെ കേള്‍വി, സ്പര്‍ശം എന്നിങ്ങനെയുള്ള ഇന്ദ്രിയാനുഭവങ്ങളെയും വൈറ്റ് റൂം ടോര്‍ച്ചറില്‍ ഇല്ലായ്‍മ ചെയ്യുന്നുണ്ട്. ഏകാന്ത തടവറയിലേക്ക് മറ്റു ശബ്ദങ്ങളൊന്നും കടത്തിവിടില്ല. കുറ്റാരോപിതരുടെ കാഴ്ചയ്ക്ക് പുറത്ത് കാവലിന് ആളുണ്ടെങ്കില്‍ അവര്‍ ധരിച്ചിരിക്കുന്ന് ബൂട്ട് പോലും ശബ്ദമുണ്ടാക്കാത്ത തരത്തില്‍ മാര്‍ദ്ദവമുള്ള സോള്‍ കൊണ്ട് ഡിസൈന്‍ ചെയ്യപ്പെട്ടതായിരിക്കും. സ്പര്‍ശം എന്ന അനുഭവത്തെ ഇല്ലാതാക്കാനായി ഏറെ മിനുസപ്പെടുത്തിയതായിരിക്കും മുറിയിലെ പ്രതലങ്ങള്‍.

 

മനുഷ്യനെ ഒരു പരീക്ഷണവസ്തുവാക്കുന്ന ഈ പീഡനമുറയില്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ പോലും തടവുകാരെ പാര്‍പ്പിച്ചെന്നുവരാം. അതിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് സമാനതകളില്ലാത്ത പീഡാനുഭവമാണ് ഉണ്ടാവുന്നത്. പ്രഭാതമോ പ്രദോഷമോ എന്ന് അറിയാന്‍ പറ്റാത്ത, ദിവസത്തിലെ സമയമേതെന്ന് അറിയാനാവാത്ത, ഇന്ദ്രിയബോധങ്ങള്‍ നിലച്ചുപോകുന്നതിനാല്‍ താന്‍ ആരെന്നത് പോലും മറന്നുപോകുന്ന ഒരു ഭീകരാവസ്ഥ. കുറ്റവാളികള്‍ ഈ അവസ്ഥയില്‍ എത്തുന്നതോടെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് കുറ്റസമ്മതം നടത്തിക്കാം എന്നതാണ് ഈ പീഡനമുറയുടെ പ്രയോക്താക്കള്‍ ലക്ഷ്യമാക്കുന്നത്.

പില്‍ക്കാലത്ത് സ്വതന്ത്രരായാലും വൈറ്റ് റൂം ടോര്‍ച്ചര്‍ ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് ഒരു മനുഷ്യന് പുറത്തുകടക്കുക പ്രയാസമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ നിന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷിച്ചിട്ടുള്ളത്. 

അതേസമയം മമ്മൂട്ടി നായകനായ റോഷാക്കില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ തന്നെയാണോ കടന്നുവരുന്നത് എന്നത് കണ്ടറിയേണ്ട കാര്യമാണ്. അങ്ങനെ ആവുന്നപക്ഷം അത് മലയാള സിനിമയെ സംബന്ധിച്ച് ഇതുവരെ കാണാത്ത കാഴ്ചയും അനുഭവവും ആയിരിക്കും. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്നതാണ് ഈ ചിത്രം. 

click me!