ഇത്തരം കഥകള്‍ സീരിസ് ആക്കാനുള്ള തന്‍റെ പ്രത്യേക കഴിവ് ഹന്‍സല്‍ മേത്ത ഈ സീരിസിലും പ്രകടിപ്പിക്കുന്നു എന്ന് തന്നെയാണ് പ്രേക്ഷക വിലയിരുത്തലുകള്‍ വരുന്നത്.
മുംബൈ: നെറ്റ്ഫ്ലിക്സില്‍ റിലീസായ വെബ് സീരിസാണ് 'സ്കൂപ്പ്'. സ്കാം 92 എന്ന സീരിസിന് ശേഷം ഹന്‍സല്‍ മേത്ത ഒരുക്കുന്ന ഈ സീരിസ് ഇതിനകം വളരെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ക്രൈം ജേണലിസ്റ്റ് രംഗത്തെ സംഭവങ്ങളും, അധോലോകവും, മുംബൈ പൊലീസിന്‍റെ ഉള്ളുകളികളും എല്ലാം വിഷയമാകുന്നു ഇതില്‍. ജേണലിസ്റ്റ് ജിഗ്ന വോറയുടെ പുസ്തകം ബിഹൈൻഡ് ബാര്‍സ് ഇൻ ബൈകുല്ല: മൈ ഡെയ്സ് ഇൻ പ്രിസൺ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആറ് എപ്പിസോഡുകള്‍ ഉള്ള ഈ സീരിസ് ഒരുക്കിയിരിക്കുന്നത്.
ഇത്തരം കഥകള്‍ സീരിസ് ആക്കാനുള്ള തന്‍റെ പ്രത്യേക കഴിവ് ഹന്‍സല്‍ മേത്ത ഈ സീരിസിലും പ്രകടിപ്പിക്കുന്നു എന്ന് തന്നെയാണ് പ്രേക്ഷക വിലയിരുത്തലുകള്‍ വരുന്നത്. ശ്രദ്ധേയമായ ഇദ്ദേഹത്തിന്‍റെ മുന്‍ സീരിസ് സ്കാം 92 ഹര്‍ഷദ് മേത്തയുടെ നേതൃത്വത്തില്‍ നടന്ന 1992ലെ ബോംബെ സ്റ്റോക്ക് എക്സേഞ്ച് സ്കാം അധികരിച്ചാണ്. അത് പുറത്ത് എത്തിച്ച മാധ്യമ പ്രവര്‍ത്തക സുചേത ദലാലിന്‍റെ പുസ്തകത്തെ അധികരിച്ചായിരുന്നു ആ സീരിസ്. സ്കൂപ്പും അത്തരത്തില്‍ തന്നെയാണ് 2011 ല്‍ കൊല്ലപ്പെട്ട മിഡ് ഡെ പത്രത്തിലെ ക്രൈം റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ഡെയുടെ മരണവും. അതില്‍ പ്രതിയായി ജയിലില്‍ അടക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തയാകുകയും ചെയ്ത ജിഗ്ന വോറ എന്ന മാധ്യമ പ്രവര്‍ത്തകയുടെ കഥയുമാണ് ഈ സീരിസ് പറയുന്നത്.
undefined
പുസ്തകത്തില്‍ നിന്നും സീരിസിലേക്ക് എത്തുമ്പോള്‍ ഹന്‍സല്‍ മേത്ത സ്കാം 92 വിനെക്കാള്‍ കൂടുതല്‍ ഡ്രമാറ്റിക്ക് ആക്കിയെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. അതിന് പുറമേ സ്കാം 92 പോലെ യഥാര്‍ത്ഥ പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടില്ല. അതേ സമയം പുസ്തകത്തിലും അന്നത്തെ സംഭവങ്ങളിലും പരാമര്‍ശിക്കുന്ന അധോലോക നായകന്മാരുടെ പേരുകള്‍ അതുപോലെ തന്നെ സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ദാവൂദ് ഇബ്രാഹിം, ഛോട്ടാരാജന്‍, ഷോട്ട ഷക്കീല്‍ എന്നീ പേരുകള്‍ അതുപോലെ തന്നെ ഉള്‍കൊള്ളിച്ചിരിക്കുന്നു.
ജിഗ്ന വോറയുടെ പേര് സീരിസില്‍ എത്തുമ്പോള്‍ ജാഗ്രുതി പാഠക് എന്നാണ്. കരീഷ്മ താന്നയാണ് ഈ ലീഡ് റോള്‍ അഭിനയിച്ചിരിക്കുന്നത്. അതേ സമയം മുഹമ്മദ് സീഷൻ അയ്യൂബും, ഹർമൻ ബവേജയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡെയുടെ കഥാപാത്രം പ്രൊസന്‍ജിത്ത് ചാറ്റര്‍ജിയാണ് അഭിനയിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പേര് ജയ്ദേബ് സെന്‍ എന്നാണ് സീരിസില്‍.
ആരാണ് ജിഗ്ന വോറ?
മുംബൈയിലെ ദ ഏഷ്യൻ ഏജ് ദിനപത്രത്തിൽ ക്രൈം റിപ്പോർട്ടറായിരുന്നു ജിഗ്ന വോറ. നിയമത്തില്‍ ബിരുദം നേടിയതിന് പിന്നാലെ ചെറുപ്പത്തില്‍ തന്നെ ജിഗ്ന വോറയെ മാതാപിതാക്കള്‍ വിവാഹം കഴിച്ച് അയച്ചു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനം ഏറ്റതോടെ ഈ ബന്ധം അവസാനിപ്പിച്ച് 2005-ൽ 4 വയസ്സുള്ള മകനുമായി ജിഗ്ന മുംബൈയിലെ കുടുംബത്തിന് അടുത്ത് തിരിച്ചെത്തി.
തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലേക്കാണ് ജിഗ്ന കടന്നത്. ഫ്രീ പ്രസ് ജേണലിൽ (എഫ്പിഎസ്) ജിഗ്ന തന്‍റെ പത്രപ്രവര്‍ത്തന കരിയര്‍ ആരംഭിച്ചത്. അവിടെ കോടതി റിപ്പോര്‍ട്ടിംഗ് അടക്കം നോക്കിയ ജിഗ്ന ആർതർ റോഡ് ജയിലിനുള്ളിലെ ടാഡ കോടതിയിൽ അബു സലേമിന്‍റെ കേസ് കവർ ചെയ്യാൻ നിയോഗിക്കപ്പെട്ടു. പിന്നീടാണ് മിഡ് ഡെ പത്രത്തിലേക്ക് ഇവര്‍ മാറുന്നത്. കോടതി റിപ്പോര്‍ട്ടിംഗ് കാലത്ത് ചില വിചാരണതടവുകാരുമായും മറ്റും ഉണ്ടാക്കിയ ബന്ധം അക്കാലത്ത് ഇവര്‍ക്ക് തുണയായി. തുടര്‍ന്ന് മിഡ് ഡെയില്‍ നിരവധി മികച്ച സ്കൂപ്പുകള്‍ നല്‍കി.
തുടര്‍ന്ന് ജിഗ്ന 2008 ല്‍ ദ ഏഷ്യൻ ഏജ് പത്രത്തില്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് പിന്നീട് ജിഗ്ന വോറയുടെ വലിയ സ്കൂപ്പുകള്‍ വരുന്നത്. മുംബൈയിലെ ഭര്‍ത്താവിന്‍റെ ബിസിനസ്സ് തട്ടിയെടുക്കാന്‍ അയാളെ തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് അറസ്റ്റിലായ ജയ ഛേദയുടെ സംഭവം ഒരു വലിയ വാര്‍ത്തയായിരുന്നു. തന്‍റെ കരിയറിന്‍റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് ജിഗ്ന വോറ ജ്യോതിര്‍മയി ഡെ വധക്കേസില്‍ പ്രതിയാകുന്നത്. ജെ ഡെയുടെ മരണത്തിന് 15 ദിവസം മുന്‍പ് ജിഗ്ന വോറ പ്രസിദ്ധീകരിച്ച വലിയൊരു സ്കൂപ്പ് തന്നെയാണ് ഈ കൊലപാതക കേസില്‍ അവരെ പ്രതിയാക്കിയത്. അധോലോക നായകന്‍ ഛോട്ടരാജനുമായുള്ള അഭിമുഖം.!
ജ്യോതിര്‍മയി ഡെയുടെ കൊലപാതകം
2011 ജൂണ്‍ 11 മിഡ് ഡെ പത്രത്തിന്‍റെ ക്രൈം റിപ്പോര്‍ട്ടറായ ജ്യോതിര്‍മയി ഡെ മുംബൈ പൊവായിലെ റോഡിലൂടെ തന്‍റെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അതിരാവിലെ റോഡില്‍ തിരക്ക് കുറവായിരുന്നു. എന്നാല്‍ പിന്നാലെ ബൈക്കില്‍ എത്തിയ ഹെല്‍മറ്റിനാല്‍ മുഖം മൂടിയ രണ്ടുപേര്‍ ജെ ഡെയെ വെടിവച്ച് വീഴ്ത്തി. ബൈക്കില്‍ നിന്നും തെറിച്ചു വീണ ഡെയുടെ അടുത്ത് ബൈക്ക് നിര്‍ത്തി അവര്‍ വീണ്ടും അഞ്ച് പ്രാവശ്യം ഡെയെ വെടിവച്ചു. അന്ന് ആശുപത്രിയില്‍ വച്ച് ജ്യോതിര്‍മയി ഡെ മരണപ്പെട്ടു.
മുംബൈ മാധ്യമ ലോകത്ത് ക്രൈം റിപ്പോര്‍ട്ടിംഗിലെ ഒരു കിംഗ് ആയിരുന്നു ജെ ഡെ. അത്രയും ബന്ധങ്ങള്‍ പൊലീസിലും, അധോലോകത്തും അയാള്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ പൊലീസിലും അധോലോകത്തും ഒരു പോലെ ശത്രുക്കള്‍ ഉണ്ടായിരുന്നു. മിഡ് ഡെയുടെ പേജുകളില്‍ പലപ്പോഴും സ്കൂപ്പുകള്‍ നിറയ്ക്കുന്ന വ്യക്തിയായിരുന്നു ഡെ.
എന്തായാലും മുംബൈ മാധ്യമലോകം ഒന്നടങ്കം ഡെയുടെ കൊലപാതകികളെ പിടികൂടാന്‍ തെരുവില്‍ ഇറങ്ങി. വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ മുംബൈ പൊലീസ് കൊലപാതകത്തിന് പിന്നില്‍ ഛോട്ട രാജന്‍ സംഘമാണ് എന്ന് അറിയിച്ചു. നിരന്തരം ഛോട്ടരാജനെതിരെ ഡെ വാര്‍ത്ത നല്‍കിയിരുന്നുവെന്നും. അയാള്‍ മുംബൈ അധോലോകത്ത് ദുര്‍ബലനാണെന്ന് നിരന്തരം എഴുതിയെന്നും. അതിന്‍റെ ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും മുംബൈ പൊലീസ് പറഞ്ഞു. ഒപ്പം അതിന് ഛോട്ടാരാജന് സഹായം കിട്ടിയതായും പൊലീസ് സൂചിപ്പിച്ചു. ഈ സൂചനയില്‍ നിന്നാണ് അടുത്ത സംഭവങ്ങള്‍ നടക്കുന്നത്.!
ജിഗ്ന വോറയും ഡെയുടെ കൊലപാതകവും
ഡെയുടെ കൊലപാതകത്തിന് ഏകദേശം 15 ദിവസം മുമ്പ് 2011 മെയ് 26-ന് ഏഷ്യന്‍ ഏജില്‍ ജിഗ്ന വോറയുടെ സ്കൂപ്പ് വരുന്നത്. ഛോട്ടരാജനുമായി അഭിമുഖം. എന്നാല്‍ ഈ അഭിമുഖത്തിന് വേണ്ടി നടത്തിയ സംഭാഷണത്തില്‍ ഛോട്ടരാജന്‍ ഡെയെ സംബന്ധിച്ച് ചില വിവരങ്ങള്‍ ജിഗ്ന വോറയില്‍ നിന്നും തേടിയെന്നും അത് ജിഗ്ന നല്‍കിയെന്നും മുംബൈ പൊലീസ് ആരോപിച്ചു.
ദാവൂദിനും ഐഎസ്‌ഐക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് ഡെ എന്നത് അടക്കം വോറ തന്‍റെ ഒരു ബിസിനസ് പങ്കാളിയെ വിളിച്ച് ധരിപ്പിച്ചെന്ന് ഛോട്ടാരാജന്‍ പറയുന്ന ഓഡിയോ ലഭിച്ചുവെന്നാണ് മുംബൈ പൊലീസ് ജിഗ്ന വോറയ്ക്കെതിരായ പ്രധാന തെളിവായി പറഞ്ഞത്.
ഒപ്പം ഡെ കൊല്ലപ്പെട്ടപ്പോല്‍ ഡെയുടെ ഒടിച്ചിരുന്ന ബൈക്ക് നമ്പർ, സ്ഥിരം സഞ്ചരിക്കുന്ന വഴി തുടങ്ങിയ കാര്യങ്ങള്‍ രാജനോട് വോറ വെളിപ്പെടുത്തിയെന്നും മുംബൈ പൊലീസ് ആരോപിച്ചു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമായിരുന്ന ജിഗ്നയുടെ അറസ്റ്റ്. ഒപ്പം തന്നെ ജിഗ്നയ്ക്ക് ഡേയൊട് ജോലിപരമായ ശത്രുത ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഒരു തവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും 'നിങ്ങളെ ഞാന്‍ കണ്ടോളാം' എന്ന് എസ്എംഎസ് അയച്ചെന്നും പൊലീസ് പറഞ്ഞു. ഇരുവരും മിഡ് ഡേയില്‍ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്തെ ശത്രുതയുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതില്‍ പലകാര്യവും കുറ്റപത്രത്തില്‍ കൊണ്ടുവരാന്‍ മുംബൈ പൊലീസിന് സാധിച്ചില്ല.
അതേ സമയം അറസ്റ്റിലായ ജിഗ്ന വോറ 10 മാസത്തോളം മുംബൈ ബൈകുല്ല ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. പത്ത് മാസത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും ജാമ്യം നല്‍കിയില്ല. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം സ്വഭാവിക ജാമ്യം ലഭിക്കില്ലായിരുന്നു. ഒടുവില്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വലിയ വാദങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രത്തില്‍ കാര്യമായ ഒന്നും ഇല്ലെന്ന് തെളിയിച്ച് ജിഗ്ന വോറയ്ക്ക് ജാമ്യം ലഭിച്ചത്.
ഡെയെ കൊന്നത് ആര്?
2011ൽ ജെ ഡെയെ കൊലപ്പെടുത്തിയ കേസിൽ ഛോട്ടാ രാജനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു പ്രതിയായ വിനോദ് അസ്രാനി വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിധി കേട്ട ശേഷം രാജൻ 'ടീക്ക് ഹെ' എന്ന് മാത്രമാണ് പറഞ്ഞതെന്ന് അന്നത്തെ പത്ര വാര്‍ത്തകളിലുണ്ട്. അന്ന് വെടിവച്ച ഷൂട്ടര്‍ അടക്കം 6 പേരും ശിക്ഷിക്കപ്പെട്ടു. 2015 ഒക്ടോബറിൽ ഇന്തോനേഷ്യ സർക്കാർ രാജനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു അന്നുമുതൽ ഛോട്ടാരാജന്‍ തിഹാർ ജയിലിലാണ്.
'സ്കൂപ്പ്' സീരിസിലേക്ക് വരുമ്പോള്‍
തന്‍റെ ജയില്‍ അനുഭവങ്ങളും മറ്റുമാണ് ജിഗ്ന പുസ്തകമാക്കിയത്. പെന്‍ഗ്വിനും ബ്ലൂ സാള്‍ട്ടും ആണ് പ്രസിദ്ധീകരിച്ചത്. ഇതിലെ ബ്ലൂസാള്‍ട്ട് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഹുസൈന്‍ സയീദ്ദിയുടെയാണ്. ബ്ലാക്ക് ഫ്രൈഡേ അടക്കം മുംബൈ അധോലോകത്തെക്കുറിച്ച് എണ്ണം പറഞ്ഞ ബുക്കുകള്‍ എഴുതിയ ഇദ്ദേഹം ജിഗ്ന ഏഷ്യന്‍ ഏജില്‍ കത്തിനില്‍ക്കുന്ന കാലത്ത് അവിടുത്തെ റസിഡന്‍റ് എഡിറ്ററായിരുന്നു. സീരിസില്‍ മുഹമ്മദ് സീഷൻ അയ്യൂബ് അവതരിപ്പിച്ച ഇമ്രാന്‍ സിദ്ദിഖി ഇദ്ദേഹത്തിന്‍റെ ക്യാരക്ടറാണ്.
എന്ത് കൊണ്ട് ജിഗ്നയെ ഡെ വധക്കേസില്‍ മുംബൈ പൊലീസ് ഒരു ബലിയാടാക്കിയെന്ന് ഹന്‍സല്‍ മേത്ത അവതരിപ്പിക്കുന്നുണ്ട്. അതിനായി മുംബൈ അധോലോകത്തിന്‍റെ കഥയും അണ്‍ എത്തിക്കല്‍ ജേര്‍ണലിസത്തിന്‍റെ പ്രശ്നവും ഒക്കെ വിഷയമാകുന്നു. ദാവൂദിന്‍റെ ഇടപെടലും മാഫിയ രാഷ്ട്രീയ ബന്ധങ്ങളും ദൃശ്യമാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തന്നെ ഇപ്പോഴും എന്തിന് ബലിയാടാക്കിയെന്ന് അറിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തില്‍ ജിഗ്ന പറയുന്നത്.
അതേ സമയം ഇതിലെ മറ്റൊരു രസകരമായ കാര്യം ഛോട്ടരാജന്‍ ഈ സീരിസിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നതാണ്. തന്‍റെ അനുവാദം ഇല്ലാതെ തന്‍റെ പേരും ചിത്രവും നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഛോട്ടാരാജന്‍റെ വാദം. എന്നാല്‍ സീരിസ് നിര്‍ത്തിവയ്ക്കണം എന്ന ഛോട്ടാരാജന്‍റെ ആവശ്യം കോടതി തള്ളി. കേസ് ഫയലില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതി ഇതില്‍ ഹന്‍സല്‍ മേത്തയും നെറ്റ്ഫ്ലിക്സും എതിര്‍ സത്യവാങ്മൂലം നല്‍കി. കേസ് മാറ്റിവച്ചിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് വെബ് സീരിസ് 'സ്കൂപ്പ്' നിരോധിക്കണം: ഛോട്ടാ രാജന്‍റെ ആവശ്യം നിരസിച്ച് കോടതി
'സെക്സ് കോമഡി' വീണ്ടും: ‘ലസ്റ്റ് സ്റ്റോറീസി’ന് രണ്ടാം ഭാഗം വരുന്നു -ടീസര്‍