'ഓഡിഷന് ശേഷവും പിൻവാങ്ങാൻ ആലോചിച്ചു', ഒടുവില്‍ സ്റ്റാര്‍ സിംഗര്‍ വിന്നര്‍: അരവിന്ദുമായി അഭിമുഖം

By Vipin VK  |  First Published Oct 21, 2024, 1:08 PM IST

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 വിജയിയായ അരവിന്ദ് തന്റെ വിജയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അപ്രതീക്ഷിത വിജയം, ഗ്രാൻഡ് ഫിനാലെയിലെ പാട്ടുകൾ, സ്റ്റാർ സിംഗറിലെ ബോണ്ടിംഗ്, ഭാവി പരിപാടികൾ എന്നിവയെക്കുറിച്ചെല്ലാം അരവിന്ദ് സംസാരിക്കുന്നു


ഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ല്‍ വിജയിയായത് എറണാകുളം സ്വദേശിയായ അരവിന്ദാണ്. ഫൈനലില്‍ രണ്ട് റൗണ്ടുകളിലായി ഗംഭീര പ്രകടനം പുറത്തെടുത്ത് വിജയ കിരീടം ചൂടിയ അരവിന്ദ് ഈ സ്റ്റാര്‍ സിംഗര്‍ സീസണ്‍ മുഴുവന്‍ തന്‍റെ മനോഹര ശബ്‍ദത്താല്‍ പ്രേക്ഷക മനസ് കീഴടക്കിയിരുന്നു. ജഡ്‍ജസും അരവിന്ദിന്റെ ശബ്‍ദത്തിന്റെ ആരാധകരായിരുന്നു. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9  വിജയത്തിന്റെ മധുരം അരവിന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുന്നു.

അപ്രതീക്ഷിത വിജയം

Latest Videos

ഈ സീസണിലേക്ക് എത്തുന്നത് തന്നെ അപ്രതീക്ഷിതമായാണ് എന്ന് പറയാം. ഡിഗ്രി കഴിഞ്ഞതിന് ശേഷം ഒരു ചെറിയ ഇടവേളയിലായിരുന്നു ഞാന്‍. സംഗീതരംഗത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലായിരുന്നു ഇടവേളയെടുത്തത്.  കാര്യമായി ഇത് നടക്കാത്ത അവസ്ഥയില്‍ എംബിഎ ചെയ്യാം എന്ന തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയത്താണ് ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിംഗര്‍ ഓഡിഷന്‍ വിളിച്ചത്. എനിക്ക് കാര്യമായ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചിരുന്നു. മുന്‍പും റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത അനുഭവമായിരുന്നു എന്നെ പിന്നോട്ട് വലിച്ചത്. ഓഡിഷന്‍ വിജയിച്ച ശേഷവും പിന്‍വാങ്ങാൻ ഞാൻ ആലോചിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ വേദിയില്‍ എത്തി.

വിജയം അപ്രതീക്ഷിതമായിരുന്നു. അവസാന അഞ്ച് മിനുട്ടിലാണ് എല്ലാം മാറി മറിഞ്ഞത് എന്ന് തോന്നി. ലൈവ് കണ്ടവര്‍ക്ക് അറിയാം ശരിക്കും 'കിളി പോയ അവസ്ഥ' എന്ന് പറയുന്നത് ഞാന്‍ അനുഭവിക്കുകയായിരുന്നു. എങ്കിലും കഴിവിനൊപ്പം ഭാഗ്യവും ചേര്‍ന്നതാണ് ഈ കിരീടം എനിക്ക് ലഭിക്കാന്‍ കാരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഗ്രാന്‍റ് ഫിനാലെയിലെ പാട്ടുകള്‍

രണ്ട് റൗണ്ടുകളായാണ് ഗ്രാന്‍റ് ഫിനാലെ ന‍ടന്നത്. അതില്‍ ആദ്യം വേദിയില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുംവിധം എനിക്ക് ചേരുന്ന പാട്ടാണ് സെലക്ട് ചെയ്തത്. അതിനാലാണ് മരുതമലൈ മാമണിയെ എന്ന ഗാനം തെരഞ്ഞെടുത്ത്. ഭക്തിഗാനങ്ങള്‍ എന്നും എനിക്ക് ഇഷ്ടമായിരുന്നു. അതിനാല്‍തന്നെയാണ് അത് ഞാൻ തെരഞ്ഞെടുത്തത്. രണ്ടാമത്തെ റൗണ്ടില്‍ വണ്‍ വേഴ്‍സസ് വണ്ണില്‍ ഗാനം ഞങ്ങളുടെ സെലക്ഷന്‍ ആയിരുന്നില്ല. ബലറാമിനൊപ്പം ദേവസഭാതലം എന്ന ഗാനം നന്നായി തന്നെ പാടാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്.

എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ഈ വേദി

സ്റ്റാര്‍ സിംഗര്‍ വേദിയിലേക്ക് വരാന്‍ മുന്‍പും ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു അര്‍ദ്ധ സമ്മതത്തോടെ ഈ വേദിയില്‍ എത്തിയത് ഈ സീസണിലായിരുന്നു. വന്ന് കഴിഞ്ഞാണ് എനിക്ക് ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഇതെന്ന് മനസിലായത്. എന്നെ സംബന്ധിച്ച് ഒരു ഗാനം ഒരു ടെന്‍ഷനും ഇല്ലാതെ അസ്വദിച്ച്, നമ്മുടെ ഇഷ്‍ടത്തിന് അനുസരിച്ച് തൃപ്‍തിയോടെ പാടി അവസാനിപ്പിക്കാന്‍ സാധിക്കുക എന്നതാണ് വലിയ കാര്യം. അത് പലപ്പോഴും ഈ വേദി തന്നിട്ടുണ്ട്. അതാണ് വിജയത്തിലേക്ക് കൂടി എത്തിച്ചത്.

സ്റ്റാര്‍ സിംഗറിന്‍റെ 'ബോണ്ടിംഗ്'

ഒരു വര്‍ഷത്തോളം മാസം രണ്ട് ആഴ്‍ച ഒന്നിച്ച് കാണുന്ന ഒരു സംഘം എന്നതിനപ്പുറം വലിയൊരു ബന്ധമാണ് സ്റ്റാര്‍ സിംഗര്‍ കുടുംബത്തിലെ ഒരോ അംഗത്തോടും ഉള്ളത്. അത് വെറും മത്സരാര്‍ത്ഥികളുമായി മാത്രമുള്ള സൗഹൃദം അല്ല. ആ വേദിയില്‍ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും തമ്മില്‍ ഒരു ആത്മബന്ധമുണ്ട്. ജഡ്‍ജസിന്‍റെ കാര്യം എടുത്തു പറയണം. ചിത്ര മാഡം ഇത്രയും കൂളായി നമ്മള്‍ മുന്‍പൊരു വേദിയില്‍ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഒപ്പം തന്നെ വിധു ചേട്ടനും, സിത്താര ചേച്ചിയും സ്വന്തം സഹോദരങ്ങളെപ്പോലെയാണ് കണ്ടത്. ഏത് സമയത്തും ഞങ്ങള്‍ക്ക്  എന്തിനും വിളിക്കാം എന്ന ഒരു ബന്ധം ജഡ്‍ജസ് എന്നതിനപ്പുറം അവര്‍ ഉണ്ടാക്കിയിരുന്നു. ഒപ്പം ഷോയിലെ മെന്‍റേര്‍സ് ആണെങ്കിലും ഒരു ക്രൂ മെമ്പര്‍ ആണെങ്കില്‍ പോലും അസാധ്യമായ ഒരു 'ബോണ്ടിംഗ്' സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഉണ്ടായിരുന്നു.

വിജയം പോലെ ഓര്‍ക്കുന്ന 'അനുഭവം'

എന്‍റെ സ്റ്റാര്‍ സിംഗര്‍ വേദിയിലെ രണ്ടാമത്തെ പാട്ട് പാടുന്ന സമയത്ത് ശരിക്കും എന്‍റെ ശബ്‍ദം പോയ അവസ്ഥയായിരുന്നു. ശരിക്കും കാറ്റ് മാത്രമായിരുന്നു വന്നിരുന്നത്. അമൃതമായി അഭയമായി എന്ന ഗാനമാണ് അന്ന് പാടേണ്ടിയിരുന്നത്. അന്ന് ലഭിച്ച സപ്പോര്‍ട്ട് ശരിക്കും എനിക്ക് മറക്കാന്‍ സാധിക്കാത്തതായിരുന്നു. അന്ന് കണ്ടസ്റ്റന്‍റ് കോഡിനേറ്റര്‍ മന്‍സൂര്‍ ഇക്ക അടക്കം നല്‍കിയ സപ്പോര്‍ട്ട്  വിലമതിക്കാന്‍ പറ്റാത്തതായിരുന്നു. ക്യാന്‍റീനിലെ ചേട്ടന്മാര്‍ വരെ നിനക്ക് സാധിക്കും എന്ന പറഞ്ഞ് എന്‍റെ കൂടെ നിന്നു. വിജയം പോലെ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ ഓര്‍ക്കുന്ന വാക്കുകളാണ് ഇത്.

സംഗീതം, ഭാവി പരിപാടികള്‍

ചെറുപ്പകാലം മുതല്‍ സംഗീതം പഠിച്ച ഒരു വ്യക്തിയൊന്നും അല്ല ഞാന്‍. എറണാകുളം ഭവന്‍സിലാണ് പഠിച്ചത്. അവിടെ ചില സംഗീത മത്സരങ്ങളില്‍ പങ്കെടുത്താണ് മുന്നോട്ട് വന്നത്. എട്ടാം ക്ലാസ് മുതല്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. കോളേജിലും മത്സരവേദികളില്‍ പങ്കെടുത്തിട്ടുണ്ട് ഞാൻ. ചില റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത അനുഭവും ഉണ്ട്. അതിനാല്‍ തമാശയായി മറ്റ് മത്സരാര്‍ത്ഥികള്‍ നീ സീനിയര്‍ അല്ലെ എന്നൊക്കെ പറയുമായിരുന്നു. അത്തരം വേദികളില്‍ നിന്നും സ്റ്റാര്‍ സിംഗര്‍ വേദിക്ക് വലിയ വ്യത്യാസമുണ്ട്. ഒരിക്കല്‍ സ്റ്റാര്‍ സിംഗര്‍ അതിഥിയായി എത്തിയ ശ്രീനിവാസ് സാര്‍ പറഞ്ഞത് ഓര്‍ക്കുന്നു, പാട്ട് ഏത് എന്നതല്ല അത് പാടുമ്പോള്‍ നിങ്ങള്‍ ആസ്വദിച്ച് പാടുന്നുണ്ടോ എന്നതാണ് കാര്യം. അത്തരത്തില്‍ ഒരോ ഗായകനും ആസ്വദിച്ച് പാടാനുള്ള അവസരം സ്റ്റാര്‍ സിംഗറില്‍ ലഭിച്ചു. അടുത്ത സീസണില്‍ സ്റ്റാര്‍ സിംഗര്‍ വേദിയിലേക്ക് വരുന്ന ഗായകരോടും ഈ സീസണ്‍ വിജയി എന്ന നിലയില്‍ അല്ല ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ അസ്വദിച്ച് പാടൂ എന്നെ എനിക്ക് പറയാനുള്ളൂ.

 സംഗീതം മുന്നോട്ട് പ്രഫഷനായി കൊണ്ടുപോകണം എന്നാണ് എന്‍റെ ആഗ്രഹം. അതിനിടയില്‍ ചിലപ്പോള്‍ എംബിഎ ചെയ്തേക്കും. വീട്ടില്‍ അച്ഛന്‍ ദിലീപ് നായര്‍ ബിസിനസുകാരനാണ്. അമ്മ ശര്‍മിലി ഹൗസ് വൈഫാണ്. സഹോദരി സായി ഭദ്രയും ഗായികയാണ്.

സംഗീതം, പുതിയ സംഗീതം

സംഗീതം വേര്‍തിരിവുകള്‍ ഇല്ലാതെ അസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാളത്തില്‍ പുതുതരംഗമായ മലയാളം റാപ്പുകള്‍ ഡെബ്‍സിയെയും, വേടനെയും മറ്റും അസ്വദിക്കാറുണ്ട്. വരികളാണ് അതിലെ ജീവന്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരു ഗായകന്‍, ഒരു സംഗീത സംവിധായകന്‍ എന്ന ഇഷ്‍ടം ഇല്ലാതെ എല്ലാ ഗാനവും അസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അത്തരത്തില്‍ തന്നെ സംഗീതം എല്ലാം ചേര്‍ന്നതായിരിക്കണം എന്നാണ് ആഗ്രഹവും.

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ്

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ട് വീണ്ടും 'അപൂർവ്വ പുത്രന്മാർ'

click me!