വിധിപ്രസ്‍താവത്തില്‍ കേരള ഹൈക്കോടതി ഉദ്ധരിച്ച പാട്ടിലേക്ക് എത്തിയ വഴി, ശ്രീകുമാരന്‍ തമ്പി പറയുന്നു
ആരാധനാലയങ്ങള്‍ക്കു വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്‍റിന് മാറ്റം വരുത്തേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്‍തുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയില്‍ കോടതി ഇങ്ങനെ പറഞ്ഞു- "ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹർജിക്കാരോടും". പി സുബ്രഹ്മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്‍ത് 1975ല്‍ പുറത്തെത്തിയ 'സ്വാമി അയ്യപ്പന്‍' എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് യേശുദാസും സംഘവും ആലപിച്ച 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന ഗാനത്തിന്‍റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം. ശ്രീകുമാരന്‍ തമ്പി തിരക്കഥ രചിച്ച സിനിമ കൂടിയായിരുന്നു സ്വാമി അയ്യപ്പന്‍. അയ്യപ്പ ഭക്തനായിരുന്നു 'സുബ്രഹ്മണ്യം മുതലാളി'യുടെ ചിത്രത്തിലേക്ക് എത്താനുണ്ടായ കൗതുകകരമായ കാരണങ്ങളെക്കുറിച്ചും ജഡ്‍ജി ഉദ്ധരിച്ച വരികള്‍ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.
ALSO READ: 'വികസനത്തിന് ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളും', ഹൈക്കോടതി
undefined
ആശയം ഈശാവാസ്യോപനിഷത്തില്‍ നിന്ന്
അയ്യപ്പന്‍ മണികണ്ഠന്‍ ആയിരിക്കുമ്പോള്‍, ഗുരുകുല വിദ്യാഭ്യാസത്തിന്‍റെ കാലത്ത് മണികണ്ഠനും മറ്റു കുട്ടികള്‍ക്കും ഗുരു പാടിക്കൊടുക്കുന്ന പാട്ടായിട്ടാണ് സിനിമയില്‍ ഈ ഗാനം. ഈ പാട്ടിനെക്കുറിച്ച് സുബ്രഹ്മണ്യം മുതലാളി കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഈശ്വര ചൈതന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്ന, എന്താണ് ദൈവമെന്ന് ലളിതമായി പറയുന്ന ഒരു പാട്ട് എന്നേ പറഞ്ഞുള്ളൂ. ഉപനിഷത്തുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈശാവാസ്യോപനിഷത്ത്. ആ ഉപനിഷത്തിലെ ആദ്യ ശ്ലോകം തന്നെ പറയുന്നത് ഈ പ്രപഞ്ചത്തില്‍ എല്ലായിടത്തും ഈശ്വരന്‍ വസിക്കുന്നു (ഈശാവാസ്യം ഇദം സര്‍വ്വം) എന്നാണ്. ഈശാവാസ്യം എന്നതിനര്‍ഥം ഈശ്വരന്‍റെ വാസം എന്നാണ്. ഈശ്വരന്‍ ഇല്ലാത്ത ഒരു സ്ഥലവും ഈ ഭൂമിയില്‍ ഇല്ല.
ദേവാലയത്തില്‍ മാത്രമാണ് ദൈവം എന്ന് ചിന്തിക്കുന്നത് തെറ്റല്ലേ? ക്ഷേത്രത്തിലോ പള്ളിയിലോ മാത്രമാണ് ദൈവം എന്ന് ധരിക്കുന്നത് തെറ്റാണെന്നാണ് ജഡ്‍ജി പറഞ്ഞിരിക്കുന്നത്. ആ ആശയം പെട്ടെന്ന് സാധാരണക്കാര്‍ക്ക് മനസിലാവാന്‍ വേണ്ടി ഈ പാട്ട് എടുത്ത് പറഞ്ഞുവെന്നേയുള്ളൂ. ദൈവം എല്ലായിടത്തുമുണ്ട്. ഒരു സിനിമാപ്പാട്ട് ജഡ്‍ജ്‍മെന്‍റില്‍ ഇടംപിടിക്കുക എന്നു പറയുന്നത് ഒരു അപൂര്‍വ്വതയാണ്. സിനിമാഗാനങ്ങളോട് മൊത്തത്തില്‍ ഒരു പുച്ഛമാണല്ലോ ബുദ്ധിജീവികള്‍ക്ക്.
'അയ്യപ്പന്‍ തീരുമാനിച്ചു, തമ്പി എഴുതിയാല്‍ മതി'
വലിയ അയ്യപ്പ ഭക്തനായിരുന്ന സുബ്രഹ്മണ്യം മുതലാളി അയ്യപ്പനെക്കുറിച്ച് 'സ്വാമി അയ്യപ്പന്‍' എന്ന സിനിമയെടുക്കാന്‍ തീരുമാനിക്കുന്നു. തിരക്കഥ ആരെക്കൊണ്ട് എഴുതിക്കണമെന്ന തീരുമാനമാണ് ആദ്യം വേണ്ടത്. അതിനായി ശബരിമലയില്‍ പോയി നറുക്കെടുക്കാന്‍ തീരുമാനിച്ചു. പ്രമുഖരായ മൂന്നുപേരുടെ പേരെഴുതി മേല്‍ശാന്തിയെക്കൊണ്ട് നറുക്കെടുപ്പിക്കാനായിരുന്നു തീരുമാനം. ആ മൂന്നില്‍ എന്‍റെ പേര് ഉണ്ടായിരുന്നില്ല. പക്ഷേ അയ്യപ്പവിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സുബ്രഹ്മണ്യം മുതലാളിയുടെ മനസിലേക്ക് എന്‍റെ പേര് വന്നു. അങ്ങനെ എന്‍റെ പേരുകൂടി എഴുതിയിട്ടു. മേല്‍ശാന്തിയുടെ കയ്യില്‍ കിട്ടിയത് എന്‍റെ പേരാണ്. അയ്യപ്പന് ഇഷ്ടപ്പെട്ടത് തമ്പിയെയാണ് എന്ന് സുബ്രഹ്മണ്യം മുതലാളി കരുതി. ആ സമയത്ത് ഞാന്‍ പുരാണസിനിമകളൊന്നും എഴുതിയിട്ടില്ല. എനിക്ക് 34 വയസേ അന്നുള്ളൂ. സാധാരണ മലയാളത്തില്‍ ഇത്തരം തിരക്കഥകളൊക്കെ എഴുതുന്നത് നാഗവള്ളി ആര്‍ എസ് കുറുപ്പിനെപ്പോലുള്ള മുതിര്‍ന്നവരാണ്.
സുബ്രഹ്മണ്യം മുതലാളി ഇക്കാര്യം എന്നെ വിളിച്ചുപറഞ്ഞു. അപ്പോള്‍ സ്വന്തം സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് മദ്രാസിലാണ് ഞാന്‍. എന്നെ സിനിമയില്‍ അവതരിപ്പിച്ചത് പി സുബ്രഹ്മണ്യമാണ്. ആ നന്ദി ഉള്ളതുകൊണ്ട് ഞാന്‍ മദ്രാസില്‍ നിന്ന് ഓടിപ്പിടിച്ചു വന്നു. പുരാണകഥ എഴുതാനുള്ള ബുദ്ധിമുട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'താന്‍ എഴുതിയാല്‍ മതിയെന്ന് പറയുന്നത് അയ്യപ്പനാ, എനിക്കു മാറ്റാന്‍ പറ്റില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഈ സിനിമയിലെ ഗാനവിഭാഗം വയലാര്‍-ദേവരാജന്‍ എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. വയലാര്‍ നാല് പാട്ടുകള്‍ എഴുതിയിരുന്നു, ദേവരാജന്‍ ട്യൂണ്‍ ചെയ്‍തു. ശബരിമലയില്‍ തങ്കസൂര്യോദയമൊക്കെ വയലാറിന്‍റേതാണ്. പക്ഷേ വയലാറിന് പിന്നീട് സുഖമില്ലാതായി. ആ വര്‍ഷമാണ് അദ്ദേഹം മരിക്കുന്നതും. അദ്ദേഹത്തിന് സുഖമില്ലാതായിപ്പോഴാണ് രണ്ട് പാട്ടുകള്‍ എഴുതാനുള്ള നിയോഗം എന്നിലേക്ക് വരുന്നത്. അതും സുബ്രഹ്മണ്യം മുതലാളിയാണ് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് ഇരുന്നാണ് ഈ പാട്ട് എഴുതിയത്. റെക്കോര്‍ഡ് ചെയ്‍ത് കേട്ടത് മദ്രാസിലും. അന്ന് ഇവിടെ റെക്കോര്‍ഡിംഗ് ഉണ്ടായിരുന്നില്ലല്ലോ.
സിനിമയും സന്ദര്‍ഭവും കടന്നുപോകുന്ന പാട്ടുകള്‍
സിനിമയിലെ ഒരു സന്ധര്‍ഭത്തിനുവേണ്ടി പാട്ടെഴുതുമ്പോള്‍ അത് ആ സന്ദര്‍ഭത്തിനുവേണ്ടി മാത്രമാവരുത് എന്നെനിക്കു നിര്‍ബന്ധമുണ്ട്. ആ സന്ദര്‍ഭവും സിനിമയും കടന്ന് കാലാതിവര്‍ത്തിയായി ജനങ്ങള്‍ പാടുന്ന പാട്ടാവണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെയാണ് 'സ്വന്തമെന്ന പദത്തിനെന്തര്‍ഥം', 'തല്‍ക്കാല ദുനിയാവ് കണ്ടുനീ മയങ്ങാതെ, എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ' എന്ന വരികളൊക്കെ എഴുതുന്നത്. പല സാഹചര്യങ്ങള്‍ക്കും യോജിക്കുന്നവയാണ് അവയൊക്കെ. സിനിമയില്‍ മാത്രം നില്‍ക്കുന്നവയല്ല എന്‍റെ ഒരു പാട്ടും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona