ശരണ്യ ആനന്ദിന്റെ സ്‌കൈകോഡ് മ്യൂസിക്: പ്രിയതമയുമായി പുതിയൊരു തുടക്കം

By Bidhun BNK  |  First Published Dec 4, 2024, 7:15 AM IST

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശരണ്യ ആനന്ദ് 'സ്‌കൈകോഡ്' മ്യൂസിക് പ്രൊഡക്ഷനിലൂടെ പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നു. സ്‌കൈകോഡിന്റെ ആദ്യ പ്രൊജക്ടായ 'പ്രിയതമ' എന്ന പ്രണയഗാനം പുറത്തിറങ്ങാനിരിക്കെ, പുതിയ സംരംഭത്തിന്റെ വിശേഷങ്ങളും ഭാവി പദ്ധതികളും ശരണ്യ പങ്കുവയ്ക്കുന്നു.


സിനിമയിലൂടെ മലയാളത്തില്‍ സജീവമായി, കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. അഭിനയത്തിലുപരിയായി കൊറിയോഗ്രാഫറായും താരം മലയാള സിനിമാ സീരിയല്‍ രംഗത്ത് സ്ഥിരം സാമീപ്യമാണ്. ബിഗ് ബോസില്‍ എത്തിയപ്പോഴാണ് താരത്തെ പ്രേക്ഷകര്‍ ഏറെ അടുത്തറിഞ്ഞത്. പ്രേക്ഷകരോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ശരണ്യ, പുതിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണിപ്പോള്‍ 'സ്‌കൈകോഡ്' മ്യൂസിക് പ്രൊഡക്ഷനിലൂടെ. സ്‌കൈകോഡിന്റെ ആദ്യ പ്രൊജക്ടായ പ്രിയതമ അടുത്തദിവസം പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിന്റെ പിന്നാമ്പുറ കഥകളും, തന്റെ അനുഭവങ്ങളും ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്ക്കുകയാണ് താരം.
 എന്താണ് സ്‌കൈകോഡ് മ്യൂസിക്

'സ്‌കൈ' ആരാണെന്ന് ചിലര്‍ക്കെങ്കിലും അറിയാം, അത് എന്നെ അടുത്തറിയുന്നവര്‍ വിളിക്കുന്ന ഒരു നിക്‌നെയിമാണ്. ആ പേര് മ്യൂസിക് പ്രൊഡക്ഷന് ഇടാന്‍ പറഞ്ഞത് ഹസ്ബന്റ് മനീഷേട്ടന്‍ തന്നെയാണ്. എന്നെ അറിയാവുന്ന എല്ലാവര്‍ക്കുംതന്നെ മനീഷേട്ടനേയും അറിയാം. എന്റെ എല്ലാ കാര്യത്തിനും, എന്റെ അതേ വേവ് ലെംഗ്ത്തില്‍ കൂടെ നില്‍ക്കുന്നയാളാണ് മനീഷേട്ടന്‍. ഇക്കാര്യത്തില്‍ അത് കുറച്ച് കൂടുതലാണെന്ന് പറയാം. എന്നേക്കാളും താല്പര്യത്തോടെ ഈയൊരു കാര്യത്തിന് മുന്നിട്ടിറങ്ങിയതും അദ്ദേഹം തന്നെയാണ്.

Latest Videos

സ്‌കൈകോഡിന്റെ ലക്ഷ്യം വലുതാണ്

പെട്ടന്ന് എടുത്ത ഒരു തീരുമാനമല്ല സ്‌കൈകോഡ് മ്യൂസിക് പ്രൊഡക്ഷന്‍ എന്നത്. മുന്നേയുള്ള ആലോചനയാണിത്, എങ്കിലും ഏകദേശം രണ്ട് വര്‍ഷത്തോളം റിസേര്‍ച്ച് ചെയ്താണ് ഇങ്ങനൊരു സംരംഭം തുടങ്ങുന്നത്. ബിഗ്‌ബോസിന് ശേഷമാണ് പെട്ടന്ന് ആരംഭിക്കാം എന്നൊരു തീരുമാനം വരുന്നത്. എന്നാലും എടുത്തുചാടിയുള്ള ഒരു തീരുമാനം എന്നൊന്നും ഒരിക്കലും പറയാന്‍ കഴിയില്ല. അത്രമേല്‍ ആഗ്രഹിച്ച് തുടങ്ങുന്നതുകൊണ്ടുതന്നെ, അത് ഗംഭീരമായി തുടങ്ങണം എന്നുതന്നെയായിരുന്നു ആഗ്രഹവും. മ്യൂസിക്ക്, ഡാന്‍സ് എല്ലാം ഒരുപാട് ഇഷ്ടമുള്ള ഏരിയയാണ്. മറ്റ് പല ഭാഷയിലും സീരിയസായിട്ടുള്ള മ്യൂസിക് പ്രൊഡക്ഷന്‍ കാണാമെങ്കിലും, മലയാളത്തില്‍ അത് അധികം കണ്ടിട്ടില്ല. അതുതന്നെയാണ് സ്‌കൈകോഡിന്റെ ലക്ഷ്യവും.

സിനിമാ ബാക്ഗ്രൗണ്ടുള്ള ഒരാളല്ല ഞാനും മനീഷേട്ടനുമൊന്നും, ഇത്തരമൊരു പൊസിഷന്‍ വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് ശരിക്കുമറിയാം. അതുകൊണ്ടുതന്നെ വരുന്ന കാലത്ത് പരമാവധി പുതിയ പ്ലേബാക്ക് പാട്ടുകാരേയും, മറ്റ് ആളുകളേയും തിരഞ്ഞെടുക്കാനും സ്‌കൈകോഡും ഞങ്ങളും മുന്നിലുണ്ടാകും.

മലയാളത്തില്‍ മാത്രം ഒതുങ്ങാനില്ല

തുടക്കം മലയാളത്തിലാണെങ്കിലും, മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാനല്ല തീരുമാനം. എങ്കിലും പ്രധാന ലക്ഷ്യം മലയാളവും, സൗത്ത് ഇന്ത്യയും തന്നെയാണ്. അടിസ്ഥാനപരമായി ഞങ്ങള്‍ മലയാളികളാണെങ്കിലും എല്ലാ ഭാഷയും ഞങ്ങള്‍ക്ക് ഒരുപോലെതന്നെയാണ്. അതുകൊണ്ടുതന്നെ വലിയൊരു യാത്രയുടെ ചെറിയൊരു തുടക്കമാണ് പ്രിയതമ. അതുപൊലെതന്നെ ആദ്യം വന്നത് പ്രണഗാനം ആയതുകൊണ്ട് അതുമാത്രമേ ഉണ്ടാകു എന്ന് ആരും കരുതരുത്. എല്ലാ ജോണറും ഇവിടെയുണ്ടാകും. ഇപ്പോള്‍ത്തന്നെ കുറച്ചധികം പാട്ടുകള്‍ മനസ്സിലുണ്ട്. അതില്‍ ചിലതില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുമുണ്ട്. അതെല്ലാം വ്യത്യസ്തതയുള്ളതാണ്.

'പ്രിയതമ' പ്രണയം തന്നെയാണ്

'പ്രിയതമ' എന്ന വാക്കിന്റെ അര്‍ത്ഥം മലയാളികള്‍ക്ക് ഞാനായിട്ട് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ. എല്ലാവര്‍ക്കും അറിയാം പ്രിയതമ എന്ന വാക്ക് അത്രയേറെ പ്രണയാര്‍ദ്രമായ ഒന്നാണെന്ന്. ഞാന്‍ മനീഷേട്ടന്റെ പ്രിയതമയെന്നപോലെ (ചിരിക്കുന്നു.). എല്ലാവര്‍ക്കും ആഘോഷിക്കാനുള്ളൊരു പ്രണയഗാനമായിരിക്കും പ്രിയതമ എന്നത് തീര്‍ച്ചയാണ്. എല്ലാവരും കാണണം, കേള്‍ക്കണം, അഭിപ്രായം പറയണം. ഒന്ന് കണ്ണടച്ചിരുന്നാല്‍ നിങ്ങളെ അത്രമേല്‍ സ്വാധീനിക്കുന്ന തരത്തിലാണ് ഈ പാട്ടിന്റെ വരികളും ഈണവുമെല്ലാം ഒരുക്കിയിരിക്കുന്നത്.

വീനീതിന്റെ മനോഹരമായ ശബ്ദം നിങ്ങളെ സന്തോഷിപ്പിക്കും

ചെറിയൊരു ബാനറില്‍ തട്ടിക്കൂട്ടിയതല്ല പ്രിയതമ. വളരെ നാളുകൊണ്ട് തീരുമാനിച്ച്, അതിനായി നല്ല ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പോപ്പുലറായിട്ടുള്ള വലിയൊരു നിരതന്നെ പ്രിയതമയ്ക്ക് പിന്നിലുണ്ട്. വിനു വിജയ് ആണ് ആല്‍ബം ഡയറക്ട് ചെയ്തിരിക്കുന്നത്. സ്‌കൈകോഡിനൊപ്പം റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സും, ഫെയറിടെയില്‍ഫ്രെയിംസും ഒന്നിച്ചാണ് പ്രിയതമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിരവധി മനോഹര ഗാനങ്ങള്‍ക്ക് പേന ചലിപ്പിച്ചിട്ടുള്ള ഹരിനാരായണന്റെ വരികള്‍ക്ക്, മ്യൂസിക് പകര്‍ന്നിട്ടുള്ള ബി.മുരളീകൃഷ്ണനാണ്. അതുപോലെതന്നെ നിരവധി ആളുകളുടെ ഒത്തൊരുമയാണ് പ്രയതമ. ഏറ്റവും പ്രധാനമായി പറയേണ്ടത് വിനീത് ശ്രീനിവാസനെ തന്നെയാണ്. ഈ വരികള്‍ മറ്റാര് പാടിയാലും, ഇത്ര മനോഹരമാകില്ല എന്ന രീതിയിലാണ് വീനീത് ഇത് പാടിയിരിക്കുന്നത്. നിങ്ങള്‍ക്കത് ഫീല്‍ ചെയ്യും, തീര്‍ച്ചയാണ്.

അര്‍ജ്ജുനും ശ്രീതുവും എത്തിയത് ആകസ്മികമായാണ്

അര്‍ജ്ജുനേയും ശ്രീതുവിനേയും മുന്നില്‍ കണ്ടാണ് ഈ പാട്ടും മറ്റും ചെയ്തതെന്ന്, പ്രിയതമ കാണുമ്പോള്‍ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ഇന്നസെന്റ് ഫേസുള്ള ആളുകളാകണം, കാണുമ്പോള്‍തന്നെ ആര്‍ക്കും പ്രണയം തോന്നണം എന്നതെല്ലാം മനസ്സില്‍വച്ച്, ആരെ കാസ്റ്റ് ചെയ്യും എന്ന ചെറിയൊരു ചര്‍ച്ചയ്ക്കിടെ, ശ്രീതു എന്ന പേര് മുന്നിലേക്കിട്ടത് മനീഷേട്ടനാണ്. പെട്ടന്നുതന്നെ അര്‍ജ്ജുന്‍ എന്ന പേര് ഞാനും പറഞ്ഞു. പിന്നീടാണ് മനസ്സിലായത്. ഈയൊരു മ്യൂസിക്കില്‍ അവരെക്കാള്‍ ചേരുന്ന മറ്റാരും ഉണ്ടാകില്ലെന്ന്. അത്ര പ്രര്‍ഫക്ടാണ് അവര്‍.

സീരിയലിലേക്ക് ഇനി പെട്ടന്ന് ഉണ്ടാകില്ല.

സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വന്നതെങ്കിലും എന്നെ ആളുകള്‍ക്ക് സുപരിചിതയാക്കുന്നത്, പരമ്പരകള്‍ തന്നെയാണ്. പ്രധാനമായും കുടുംബവിളക്കിലെ വേദിക തന്നെ. ഏങ്കിലും തല്ക്കാലം ഇനി  പരമ്പരയിലേക്കില്ല. ചില സിനിമകളില്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. പരമ്പരകളിലേക്ക് ഇനി ഒട്ടുമില്ല എന്നല്ല പറയുന്നത്. ചെറിയൊരു ബ്രേക്ക് അത്ര മാത്രം. മ്യൂസിക് പ്രൊഡക്ഷനും സീരിയസായി എടുത്തുകഴിഞ്ഞു. എന്റെ സ്വന്തം യൂട്യൂബ് ചാനലിലും കുറച്ച് ദിവസമായി അപ്‌ഡേഷന്‍സ് ഒന്നു കൊടുത്തിട്ടില്ല. പ്രിയതമയുടെ പിന്നാലെയുള്ള ഓട്ടമായിരുന്നു.

മലയാളികളുടെ സ്‌നേഹത്തിന് അളവില്ല

സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സ്‌നേഹവും അംഗീകാരവുമെല്ലാം ടെലിവിഷനില്‍നിന്നും, ബിഗ്‌ബോസില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം തോന്നിയത് മലയാളികളോടുള്ള സ്‌നേഹം തന്നെയാണ്. കേരളത്തിന് പുറത്ത് വളര്‍ന്നെങ്കിലും, കേരളത്തോടുള്ള സ്‌നേഹം ഇപ്പോഴും ഹൃദയത്തിലുണ്ട്. മലയാളികളുടെ സ്‌നേഹം കാണുമ്പോള്‍, എന്റെ ഹൃദയത്തിലുള്ള സ്‌നേഹവും ഇരട്ടിയാവുകയാണ് ചെയ്യുന്നത്. പ്രിയതമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ പെട്ടന്ന് സേഷ്യല്‍മീഡിയ ആഘോഷിക്കുകയായിരുന്നു. എത്രമാത്രം അന്വേഷണങ്ങളും, ഷെയറുകളുമാണ് അതിന്റെ ഭാഗമായി കിട്ടിയതെന്ന് കയ്യും കണക്കുമില്ല. അവരോടെല്ലാം വളരേറെ നന്ദിയുണ്ട്. അവരില്ലെങ്കില്‍ നമ്മളില്ലല്ലോ. അടുത്ത ദിവസം 'പ്രിയതമ' ഇറങ്ങിക്കഴിഞ്ഞിട്ടും അവരുടെയെല്ലാം സ്‌നേഹവും സന്തോഷവുമെല്ലാം ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹവും, സന്തോഷവും, നന്ദിയും മാത്രം.
 

ഹിറ്റടിച്ച്.. ഹിറ്റടിച്ച് ബേസില്‍ നസ്രിയ ചിത്രം 50 കോടി ക്ലബില്‍: 'സൂക്ഷ്മദര്‍ശിനി' വന്‍ വിജയം

"തുക കേട്ട സുമ്മ അതറതില്ലെ": പുഷ്പ 2 റിലീസ് ഡേ തുക ഇത്രയും, പ്രവചനത്തില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ രംഗം !

click me!