ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിമാരില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇവരാണ്.
നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന ഒന്നാണ്. നായക നടന്മാരെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം തുലോം തുച്ഛമായിരുന്നു. മലയാളത്തെ സംബന്ധിച്ച് തൊണ്ണൂറുകള്‍ക്കിപ്പുറം, വിശേഷിച്ചും 2000 ന് ശേഷം തീര്‍ത്തും സൂപ്പര്‍താര കേന്ദ്രീകൃതമായി മാറിയ സിനിമയില്‍ നടിമാര്‍ക്കുള്ള സ്ക്രീന്‍ സ്പേസ് തന്നെ കുറവായിരുന്നു. എന്നാല്‍ പറയുന്ന കഥകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തോട് ചേര്‍ന്ന് പാത്രാവിഷ്കാരങ്ങളിലും കാര്യമായി മാറ്റം വന്നുതുടങ്ങിയ കാലമാണ് ഇത്. നായകനോ നായികയ്ക്കൊ അപ്പുറം പ്രാധാന്യമുള്ള സ്വഭാവ കഥാപാത്രങ്ങളും അവ അവതരിപ്പിക്കാന്‍ പരിചയസമ്പന്നര്‍ക്കൊപ്പം ഒരു നവനിരയും എത്തി എന്നതാണ് മലയാള സിനിമയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതുമ. അത് പൂര്‍വ്വാധികം ശോഭയോടെ ദൃശ്യമായ വര്‍ഷമാണ് ഇത്. ഒപ്പം നായികാ പ്രാധാന്യമുള്ള സിനിമകളും ഉണ്ടാവുന്നു എന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിമാരില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇവരാണ്.
ബിന്ദു പണിക്കര്‍
മൂന്ന് പതിറ്റാണ്ടായി സിനിമയിലുള്ള, സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടി. കരിയറില്‍ ഏറെയും തമാശ നിറഞ്ഞ വേഷങ്ങള്‍. അത്തരത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിച്ചിട്ടുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍. എന്നാല്‍ റോഷാക്കിലെ സീതയിലൂടെ ബിന്ദു പണിക്കര്‍ വിസ്‍മയിപ്പിച്ചു. നമ്മുടെ നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ അത് എത്രത്തോളം ഗംഭീരമാക്കും എന്നതിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉദാഹരണമായി ഈ വേഷവും ബിന്ദു പണിക്കരുടെ പകര്‍ന്നാട്ടവും. മലയാള സിനിമ മുന്‍പ് കണ്ട് പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്ലോട്ടും അവതരണരീതിയുമായിരുന്നു റോഷാക്കിന്‍റേത്. കരിയറില്‍ ഏറെ സവിശേഷതയുള്ള ഒരു കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിന് ആഴമുണ്ടാക്കിയതില്‍ ബിന്ദു പണിക്കരുടെ സീത നല്‍കിയ പങ്ക് വലുതായിരുന്നു. സിനിമയുടെ അന്ത്യത്തോടടുക്കുന്ന ചില രംഗങ്ങളില്‍ മുഖത്ത് മിന്നിമാറിയ ഭാവങ്ങളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലേക്കും ബിന്ദു പണിക്കര്‍ ടിക്കറ്റ് നേടുന്നു.
ദര്‍ശന രാജേന്ദ്രന്‍
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് ദര്‍ശന രാജേന്ദ്രന്‍. ദര്‍ശനയുടെ പ്രതിഭയില്‍ മലയാള സിനിമയ്ക്കുള്ള പ്രതീക്ഷയുടെ അടയാളമായിരുന്നു ഈ വര്‍ഷം അവരുടേതായി പുറത്തെത്തിയ ചിത്രങ്ങള്‍. പ്രണവ് മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തി, ട്രെന്‍ഡ് സെറ്റര്‍ ആയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം, വിനീത് കുമാറിന്‍റെ സംവിധാനത്തില്‍ ടൊവിനോയ്ക്കൊപ്പം എത്തിയ ഡിയര്‍ ഫ്രണ്ട്, വിപിന്‍ ദാസിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫിനൊപ്പമെത്തിയ ജയ ജയ ജയ ജയ ഹേ. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയങ്ങളായപ്പോള്‍ ഡിയര്‍ ഫ്രണ്ട് തിയറ്റര്‍ റിലീസിനു പിന്നാലെയുള്ള ഒടിടി റിലീസില്‍ പ്രേക്ഷകപ്രീതി നേടി. പ്രകടന സാധ്യതയില്‍ ജയ ജയ ജയ ജയ ഹേയിലെ ടൈറ്റില്‍ കഥാപാത്രമായിരുന്നു മുന്നില്‍. തന്‍റെ കംഫര്‍ട്ട് സോണില്‍പ്പെടുന്ന കഥാപാത്രമാണെങ്കിലും ജയയ്ക്ക് ഒരു സവിശേഷ വ്യക്തിത്വവും ജീവനും പകരുന്നതായിരുന്നു ദര്‍ശനയുടെ പ്രകടനം.
രേവതി
റോഷാക്കിലെ ബിന്ദു പണിക്കരുടെ ഉദാഹരണത്തിന് സമാനമാണ് ഭൂതകാലത്തിലൂടെ രേവതിക്ക് ലഭിച്ച അവസരം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ രേവതി ഇന്നോളമവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തയായിരുന്നു ഭൂതകാലത്തിലെ ആശ. വിഷാദരോഗം നേരിടുന്ന ഒരു മധ്യവയസ്ക. യുവാവായ മകന്‍ ഒപ്പമുണ്ടെങ്കിലും തന്നെ വരിഞ്ഞുമുറുക്കുന്ന മനസിന്‍റെ തോന്നലുകളില്‍ നിന്ന് അവര്‍ക്ക് മോചനമില്ല. പ്രധാനമായും രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയചിത്രമാക്കി മാറ്റിയത് രേവതിയുടെയും ഒപ്പമഭിനയിച്ച ഷെയ്ന്‍ നിഗത്തിന്‍റെയും അഭിനയപ്രതിഭയായിരുന്നു. രേവതിക്ക് കരിയറിലെ ആദ്യ സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു ഈ ചിത്രം. വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്‍മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസിന്‍റെ വിഹ്വലതകളെ അതിസൂക്ഷ്‍മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്, എന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.
പൗളി വല്‍സന്‍
കെപിഎസി ലളിത അടക്കം പഴയ തലമുറയിലെ മുതിര്‍ന്ന സ്വഭാവനടിമാര്‍ സൃഷ്ടിച്ച വിടവ് വലുതാണ്. എന്നാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് ധൈര്യപൂര്‍വ്വം കാസ്റ്റ് ചെയ്യാവുന്ന ചില നവാഗതര്‍ വരുന്നുണ്ട് താനും. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് എണ്ണമറ്റ വേഷങ്ങളില്‍ എത്തിയ പൌളി വല്‍സനെ ഒരു നവാഗത എന്ന് വിളിക്കാനാവില്ല. എന്നാല്‍ ലഭിച്ച വേഷങ്ങളൊക്കെ മികവുറ്റതാക്കിയ അവരെത്തേടി സ്ക്രീന്‍ ടൈം കൂടുതലുള്ള വേഷങ്ങളും എത്തിത്തുടങ്ങി. മജുവിന്‍റെ സംവിധാനത്തിലെത്തിയ അപ്പനിലെ കുട്ടിയമ്മ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ക്രൂരനായ ഭർത്താവിന്റെ ഭാര്യയായി ജീവിച്ചതിന്റെ നഷ്ടബോധവും ദൈന്യതയും ഈർഷ്യയും സമരസപ്പെടലുമെല്ലാം ഒറ്റഭാവത്തിൽ, നോട്ടത്തിൽ, സംഭാഷണത്തിൽ ഒതുക്കത്തോടെ കൈകാര്യം ചെയ്തു പൗളി വിൽസൺ. അവർ ഇതുവരെ ചെയ്തതിൽ ഏറ്റവും ഗംഭീരമെന്ന് പറയാവുന്ന പ്രകടനം. കുടുംബ ബന്ധങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന വ്യഥയെ നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തിലായിരുന്നു പൗളി വിൽസൻ കുട്ടിയമ്മയെ അവതരിപ്പിച്ചത്. മലയാളസിനിമ കണ്ട ഏറ്റവും ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളിൽ ഒന്നാണ് അപ്പനിലെ പൗളി വിൽസന്റെ കുട്ടിയമ്മയെന്ന് നിസംശയം പറയാം.
ദിവ്യ പ്രഭ
ഒറ്റ കഥാപാത്രം കൊണ്ട് ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ ബ്രേക്ക് ലഭിക്കാനുള്ള സാധ്യതയാണ് ദിവ്യ പ്രഭയ്ക്ക് അറിയിപ്പ് എന്ന ചിത്രം നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന മഹേഷ് നാരായണന്‍റെ ഡ്രാമ ചിത്രത്തിലെ രശ്മി ഹരീഷ് ഏത് അഭിനേത്രിയും മോഹിക്കുന്ന വേഷമാണ്. നായകനായ കുഞ്ചാക്കോ ബോബനൊപ്പം മത്സരിച്ചുള്ള അഭിനയം ഐഎഫ്എഫ്കെയില്‍ ദിവ്യക്ക് കൈയടി നേടിക്കൊടുത്തിരുന്നു. ഇപ്പോള്‍ നെറ്റ്ഫ്ലിക്സിലും ലഭ്യമാണ് ചിത്രം.
ഗ്രേസ് ആന്‍റണി
ഗൌരവമുള്ള ക്യാരക്റ്റര്‍ റോളുകളാണോ, അതോ നര്‍മ്മത്തിന്‍റെ മിനുസമുള്ള കഥാപാത്രങ്ങളോ? ഇവിടെ എന്തും സേഫ് ആണെന്ന് രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും മിനിമം ഗ്യാരന്‍റി നല്‍കുന്ന നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഗ്രേസ് ആന്‍റണി. സോഷ്യല്‍ മീഡിയ വിലയിരുത്തലുകളില്‍ പലപ്പോഴും ഉര്‍വ്വശിയുമായി താരതമ്യം ചെയ്യപ്പെടാറുണ്ട് ഗ്രേസ്. ആറ് ചിത്രങ്ങളാണ് ഗ്രേസിന്‍റേതായി ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്. അതില്‍ നിസാം ബഷീര്‍ ചിത്രം റോഷാക്ക് ആയിരുന്നു ഏറ്റവും ശ്രദ്ധേയം. പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ ലൂക്ക് ആന്‍റണിക്കൊപ്പം ബലാബലത്തില്‍ നില്‍ക്കേണ്ട കഥാപാത്രമായിരുന്നു ഗ്രേസ് അവതരിപ്പിച്ച സുജാത. പ്രതിഭയുള്ള നടി അല്ലെങ്കില്‍ അത് ചിത്രത്തെ മൊത്തത്തില്‍ ബാധിക്കുമായിരുന്നു. മമ്മൂട്ടിയെന്ന പരിചയസമ്പന്നനൊപ്പമുള്ള തീവ്രമായ ചില സീക്വന്‍സുകള്‍ നോക്കിയാല്‍ മതി ഗ്രേസിലെ നടിക്ക് മാര്‍ക്കിടാന്‍.
ALSO READ : ഇന്ത്യന്‍ സിനിമ 2022: ബോളിവുഡിന് വീഴ്ച; തെന്നിന്ത്യ തിളങ്ങി, മാറുന്ന ഒടിടി ട്രെന്‍റ്!