Review 2021 Aryan Khan : ആര്യന്‍ ഖാനെ വാര്‍ത്താ തലക്കെട്ടുകളിലെത്തിച്ച ലഹരിക്കേസ്; നാടകീയതയുടെ നാള്‍വഴി

By Web Team  |  First Published Dec 19, 2021, 7:57 PM IST

ലൈംലൈറ്റില്‍ നിന്ന് അകന്നു നിന്നിരുന്ന ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 3നാണ് പൊടുന്നനെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്


2021ല്‍ രാജ്യത്ത് ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമധികം തവണ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചതില്‍ ആര്യന്‍ ഖാനെപ്പോലെ (Aryan Khan) മറ്റൊരാള്‍ ഉണ്ടാവില്ല. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകന്‍ എന്ന അതിപ്രശസ്‍തി ജന്മനാ ലഭിച്ചിട്ടുള്ള ആര്യന്‍ പക്ഷേ ലൈംലൈറ്റിന് പുറത്ത് തന്‍റെ സ്വകാര്യതയും സൗഹൃദങ്ങളുമായി കഴിഞ്ഞിരുന്ന യുവാവാണ്. സിനിമയില്‍ തന്നെ സ്ക്രീനില്‍ വരുന്നതിനേക്കാള്‍ ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കാനായിരുന്നു അയാളുടെ ഇഷ്‍ടം. പക്ഷേ ഒരു ദിവസം പ്രഭാതത്തില്‍ പൊടുന്നനെ അയാള്‍ രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളുടെ 'ബ്രേക്കിംഗ്' തലക്കെട്ടുകളിലേക്ക് എത്തപ്പെട്ടു. ഒക്ടോബര്‍ 3ന് രാവിലെയാണ് കേള്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ ഉളവാക്കിയ ആ വാര്‍ത്ത വരുന്നത്. മുംബൈ തീരത്ത് ഒരു ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി (Drugs Party) ബന്ധപ്പെട്ട് താരപുത്രന്‍ എന്‍സിബിയുടെ (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ/ NCB) പിടിയിലായി എന്നതായിരുന്നു വാര്‍ത്ത. 

അറസ്റ്റ് നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ഉദ്‍ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ട്ടി നടന്നതെന്നും രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്‍ഡ് എന്നും എന്‍സിബി പിന്നാലെ അറിയിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്കും തിരിച്ചും ഒരു സംഗീതയാത്ര എന്ന പരസ്യത്തോടെയാണ് സംഘാടകര്‍ ടിക്കറ്റുകള്‍ വിറ്റിരുന്നത്. യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. ആര്യന്‍ ഖാനൊപ്പം മറ്റ് ഏഴ് പേരെയും എന്‍സിബി കസ്റ്റഡിയിലെടുത്തു. ബോളിവുഡിന്‍റെ കിംഗ് ഖാന്‍റെ മകന്‍ അറസ്റ്റിലായ സംഭവമായതിനാല്‍ തുടക്കത്തില്‍ താരപരിവേഷം ലഭിച്ചത് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്ക് ആയിരുന്നു. നേരത്തെ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും മാധ്യമശ്രദ്ധ നേടിയിരുന്നു ഉദ്യോഗസ്ഥനാണ് ഇത്.

Latest Videos

undefined

 

ആഡംബര കപ്പലിലെ പാര്‍ട്ടിയുടെ സംഘാടകരായ ദില്ലി ആസ്ഥാനമായ നമാസ് ക്രൈ എന്ന സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ അടക്കം എട്ടു പേര്‍ കൂടി ദിവസങ്ങള്‍ക്കുള്ളില്‍ എന്‍സിബിയുടെ കസ്റ്റഡിയിലായി. ആര്യന്‍ ഖാന്‍ കേസിന് രാഷ്ട്രീയമായ ഒരു തലം കൈവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്കാണ് ഗുരുതരമായ ചില ആരോപണങ്ങള്‍ ഉയര്‍ത്തി ഇതിന് തുടക്കമിട്ടത്. ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ബോളിവുഡ് താരങ്ങളെ മാത്രമല്ല ബിജെപിക്കൊപ്പം നിന്ന് മഹാരാഷ്ട്രയെയും അപമാനിക്കാന്‍ എന്‍സിബി ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നായിരുന്നു നവാബിന്‍റെ ആരോപണം. ആര്യനില്‍ നിന്ന് നേരിട്ട് ലഹരി വസ്‍തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന വസ്‍തുത എന്‍സിബി തന്നെ പറയുന്നുണ്ടെന്നും നവാബ് മാലിക് ചൂണ്ടിക്കാട്ടി. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റിന്‍റെ കൈയും പിടിച്ച് വന്ന ഒരാള്‍ എന്‍സിബി ഉദ്യോഗസ്ഥനല്ലെന്നും ബിജെപി പ്രവര്‍ത്തകനായ ബാനുശാലിയാണെന്നും നവാബ് ആരോപിച്ചു. ആര്യന്‍ അടക്കമുള്ളവരുടെ അറസ്റ്റിനു മൂന്നാഴ്ചകള്‍ക്കു ശേഷം കേസിലെ ഒരു സാക്ഷിയായ പ്രഭാകര്‍ സെയ്‍ല്‍ നടത്തിയ ആരോപണവും ഗൗരവസ്വഭാവമുള്ള ഒന്നായിരുന്നു. 

സമീര്‍ വാംഖഡെ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മകന്‍റെ അറസ്റ്റിലൂടെ ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് പ്രഭാകര്‍ സെയ്‍ല്‍ ആരോപിച്ചത്. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെക്കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്തുവിട്ടു. കേസില്‍ എന്‍സിബി സാക്ഷിയാക്കിയ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനായിരുന്നു പ്രഭാകര്‍ സെയ്‍ല്‍. ആര്യന്‍റെ അറസ്റ്റിനു പിറ്റേന്ന് കിരണ്‍ ഗോസാവിക്ക് അരക്കോടി രൂപ കിട്ടിയെന്നും എന്‍സിബി ഓഫീസില്‍ വച്ച് സമീര്‍ വാംഖഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പിടീയ്ക്കുകയായിരുന്നെന്നും പ്രഭാകര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു എന്‍സിബി. എന്നാല്‍ ആരോപണങ്ങള്‍ എന്‍സിബി നിഷേധിച്ചെങ്കിലും മുംബൈ പൊലീസ് സമീര്‍ വാംഖഡെയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഒപ്പം സമീറിനെ ചോദ്യം ചെയ്യാനായി എന്‍സിബിയുടെ വിജിലന്‍സ് സംഘവും മുംബൈയില്‍ എത്തി. 

 

അറസ്റ്റിനു പിന്നാലെ ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ അഭിഭാഷക സംഘം തുടങ്ങിയിരുന്നെങ്കിലും 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ആര്യനുവേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായത്. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരിഉപയോഗം നടന്നതായുള്ള വൈദ്യപരിശോധനാഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ് ചാറ്റ് 2018 കാലത്തേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു.  എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്. പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും വെള്ളിയാഴ്ചകളില്‍ എന്‍സിബി ഓഫീസിലെത്തണം എന്നിങ്ങനെ 14 കര്‍ശന വ്യവസ്ഥകളോടെയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചത്. ഇതില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാമെന്നും ബോംബെ ഹോക്കോടതി അറിയിച്ചിരുന്നു. അറസ്റ്റ് നടന്ന് 26 ദിവസത്തിനു ശേഷം ഒക്ടോബര്‍ 30നാണ് ആര്യന്‍ ഖാന്‍ ജയിലിനു പുറത്തെത്തുന്നത്. മകനെ കൂട്ടിക്കൊണ്ടുവരാനായി മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. 

കേസിന്‍റെ അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാംഖഡെയെ നീക്കിയത് നവംബര്‍ 5നാണ്. സഞ്ജയ് സിംഗ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. എന്‍സിബിയുടെ ദില്ലി ആസ്ഥാനത്തിനാണ് മേല്‍നോട്ടം. അതേസമയം ആര്യന് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ എന്‍സിബിക്ക് വന്‍ തിരിച്ചടിയാണ്. ഉത്തരവിന്‍റെ വിശദാംശങ്ങള്‍ നവംബര്‍ 20നാണ് പുറത്തെത്തിയത്. ആര്യനും സൃഹൃത്തായ വനിതാ മോഡലും ലഹരി ഇടപാടിനായി ഗൂഢാലോചന നടത്തി എന്നതിന് തെളിവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി എന്‍സിബി ഹാജരാക്കിയ വാട്‍സ്ആപ് ചാറ്റുകള്‍ ഇത് തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും നിരീക്ഷിച്ചു. ആരോപണങ്ങളൊന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടെത്താൻ അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധന നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ആര്യൻ ഖാനെതിരായ എൻസിബിയുടെ തെളിവുകളും കണ്ടെത്തലും പ്രഥമദൃഷ്ട്യാ തന്നെ തള്ളുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

 

ആര്യന്‍ ഇപ്പോള്‍

തനിക്ക് ഏറ്റവും താല്‍പര്യമുള്ള ചലച്ചിത്ര സംവിധാനം പഠിക്കാനായി വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു ആര്യന്‍. അപ്പോഴാണ് കേസും അറസ്റ്റുമൊക്കെ ഉണ്ടായത്. എന്നാല്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ വിദേശയാത്ര നിലവില്‍ സാധ്യമല്ല. അതിനാല്‍ മുംബൈയില്‍ തന്നെ നിന്നുകൊണ്ട് ചില പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങളിലാണ് ആര്യനെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ആദിത്യ ചോപ്രയുടെ യഷ് രാജ് ഫിലിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഇവയൊക്കെ ഷാരൂഖ് ഖാന് ഏറെ അടുപ്പമുള്ള നിര്‍മ്മാണ കമ്പനികളാണ്. ഇവരുടെ അടുത്ത ചിത്രങ്ങളില്‍ ഏതിലെങ്കിലും ആര്യന്‍ ഖാനും സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!