കന്നഡയുടെ 'ഡി ബോസ്' കുടുങ്ങിയ കൊലക്കേസ്; എന്താണ് രേണുക സ്വാമി കൊലക്കേസ്, ആരാണ് പവിത്ര ഗൗഡ

By Web Team  |  First Published Jun 11, 2024, 1:19 PM IST

ഈ വര്‍ഷത്തെ ഇതുവരെയുള്ള കന്നഡയിലെ ഏറ്റവും വലിയ വിജയവും ഈ ചിത്രം തന്നെയാണ്. പക്ഷെ അപ്രതീക്ഷിതമായാണ് താരം ഒരു കൊലക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത എത്തിയത്. 


ബംഗളുരു : കന്നഡ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ദര്‍ശന്‍. ഡി ബോസ് എന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്‍റെ മകനായ ദര്‍ശന്‍ 2001 ല്‍ മജസ്റ്റിക് എന്ന ചിത്രത്തിലൂടെയാണ് സാന്‍റല്‍വുഡിലേക്ക് നായകനായി എത്തിയത്. അവസാനമായി ഇറങ്ങിയ ദര്‍ശന്‍റെ കാറ്റെര എന്ന ചിത്രം വിജയമായിരുന്നു. ഈ വര്‍ഷത്തെ ഇതുവരെയുള്ള കന്നഡയിലെ ഏറ്റവും വലിയ വിജയവും ഈ ചിത്രം തന്നെയാണ്. പക്ഷെ അപ്രതീക്ഷിതമായാണ് താരം ഒരു കൊലക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത എത്തിയത്. 

രേണുക സ്വാമി കൊലക്കേസ്

Latest Videos

കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയുടെ ശവശരീരം ജൂണ്‍ 9മാണ്  ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിഞ്ഞു.

തുടര്‍ന്ന് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. അതേ സമയം ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം നീണ്ടതോടെ മരിച്ചയാളെക്കുറിച്ച് വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലായവര്‍ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. അവര്‍ ആദ്യം സാമ്പത്തിക തര്‍ക്കത്തില്‍ കൊലപാതകം നടത്തിയെന്നാണ് പറ‍ഞ്ഞത്. എന്നാല്‍ തുടര്‍ന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതല്‍പ്പേര്‍ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ദര്‍ശന്‍റെ പങ്ക് പൊലീസ് മനസിലാക്കിയത്. 

തുടര്‍ന്നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. മൈസൂരില്‍ ഷൂട്ടിംഗിലായിരുന്നു ദര്‍ശനെന്നും അവിടെ എത്തിയാണ് അറസ്റ്റ് എന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണത്തിൽ ദർശൻ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രേണുകയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. തന്‍റെ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ വഴി രേണുക സ്വാമിയെ കണ്ടെത്തി അയാളെ ബംഗലൂരുവില്‍ എത്തിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് രാജരാജേശ്വരി നഗറിലെ ദർശന്‍റെ വീട്ടിലെ ഗാരേജിൽ വെച്ച് ദർശന്‍റെ മുന്നിൽ വെച്ച് രേണുക ആയുധങ്ങൾ കൊണ്ട് അടിച്ച് കൊല്ലപ്പെടുത്തി. തുടർന്ന്  മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞുവെന്നും പൊലീസിനെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ആരാണ് പവിത്ര ഗൗഡ

ദര്‍ശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന കന്നഡ നടി പവിത്ര ഗൗഡയെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം സന്ദേശമയച്ച് ശല്യപ്പെടുത്തിയതിനാണ് അരുണ സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് എഫ്ഐആര്‍ പറയുന്നത്. വളരെക്കാലമായി ദര്‍ശനുമായി ബന്ധമുണ്ടെന്ന് ഗോസിപ്പുകള്‍ കേള്‍ക്കുന്ന നടിയാണ് പവിത്ര. ഇരുവരും തമ്മിലുള്ള ബന്ധം 2015 മുതല്‍ തുടങ്ങിയതാണ് എന്നാണ് സാന്‍റല്‍വുഡിലെ റിപ്പോര്‍ട്ടുകള്‍.

ദര്‍ശനൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും പവിത്ര തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ പവിത്ര പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്‍റെ ക്യാപ്ഷന്‍ ഇരുവരും തമ്മില്‍ പതിറ്റാണ്ട് നീണ്ട ബന്ധമാണ് എന്നാണ് പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം റീലില്‍ പവിത്രയുടെ മകളുടെ ജന്മദിന പാര്‍ട്ടിക്ക് ദര്‍ശന്‍ കേക്ക് മുറിക്കുന്നത് അടക്കം കാണാമായിരുന്നു. 2003 ല്‍ വിജയലക്ഷ്മിയെ വിവാഹം ചെയ്തിരുന്നു ദര്‍ശന്‍. ഇരുവര്‍ക്കും വിനീഷ് എന്ന മകനും ഉണ്ട്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ബന്ധം പിരിഞ്ഞോ എന്ന് വ്യക്തമല്ല. 

പവിത്രയുടെ പേര് ഇപ്പോള്‍ രേണുക സ്വാമി കൊലക്കേസില്‍ ഉയര്‍ന്നുവരുകയാണ്. പൊലീസ് എഫ്ഐആറില്‍ പവിത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശമയച്ചതിന്‍റെ പേരിലാണ് കൊലപാതകം എന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നും വിവാദത്തിന്‍റെ തോഴനായ 'ഡി ബോസ്'

2011 സെപ്റ്റംബറിൽ ഗാര്‍ഹിക പീഡന പരാതിയുമായി ദര്‍ശന്‍റെ ഭാര്യ പോലീസിനെ സമീപിച്ചതോടെ ദര്‍ശന്‍ അറസ്റ്റിലായിരുന്നു. അന്ന് 14 ദിവസം പരപ്പന അഗ്രഹാരയിൽ ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു താരത്തിന്. തുടര്‍ന്ന് ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കുകയായിരുന്നു. ഈ കേസില്‍ ദര്‍ശന്‍ ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. ഈ കേസ് ദര്‍ശന്‍റെ കരിയറിനെ ബാധിക്കും എന്ന് കരുതിയെങ്കിലും പിന്നീട് ഇറങ്ങിയ ചിത്രം സാരഥി വന്‍ ഹിറ്റായി മാറി. 

2021ൽ മൈസൂരിലെ ഹോട്ടലിൽ വെയിറ്ററെ മർദ്ദിച്ചുവെന്നാരോപിച്ചാണ് ദർശനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേസ് ഒത്തുതീര്‍പ്പായതായും  വെയിറ്റർക്ക് 50,000 രൂപ നല്‍കി കേസ് ഒതുക്കിയതായും ആരോപണമുയർന്നിരുന്നു. 2022-ൽ ദർശന്‍ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ കന്നഡ സിനിമാ നിർമ്മാതാവായ ഭരത് പോലീസിൽ പരാതി നൽകിയിരുന്നു.  2023 ജനുവരിയിൽ നടൻ ദർശന്‍റെ ഫാം ഹൗസില്‍ വനം വകുപ്പിന്‍റെ റെയ്ഡ് നടന്നതും വിവാദമായിരുന്നു. പലപ്പോഴും എതിര്‍ താരങ്ങളുടെ ഫാന്‍സ് സാന്‍റല്‍വുഡിലെ റൗഡി എന്ന് പോലും ദര്‍ശനെ വിശേഷിപ്പിക്കാറുണ്ട്. ആരാധകരെ തല്ലിയ വീഡിയോകളും ദര്‍ശന്‍റെതായി പലപ്പോഴും വൈറലായിട്ടുണ്ട്. 

ബാലകൃഷ്ണയുടെ 'തള്ളല്‍ വിവാദവും' തുണച്ചില്ല, വന്‍ പരാജയം: ചിത്രം രണ്ടാം ആഴ്ചയില്‍ ഒടിടിയില്‍ !

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

click me!