തിരശ്ശീലയിൽ സമ്മാനിച്ച ഹിറ്റുകളുടെ വിജയത്തിളക്കം സ്വന്തം ജീവിതത്തിൽ പക്ഷേ സ്‍മിതക്ക് ഉണ്ടായിരുന്നില്ല
വർഷങ്ങളായി പെട്ടിയിൽ ഇരിക്കുന്ന ചലച്ചിത്രങ്ങൾ പുറത്തിറക്കാനും വിജയിപ്പിക്കാനും ഒരൊറ്റ കാര്യം ചെയ്താൽ മതിയായിരുന്നു. സിൽക്ക് സ്മിതയുടെ ഒരൊറ്റ നൃത്തരംഗം കൂട്ടിച്ചേർക്കുക. ദക്ഷിണേന്ത്യൻ സിനിമാലോകത്ത് സിൽക്ക് സ്മിത എന്ന താരത്തിന്റെ പ്രേക്ഷകപ്രീതി മനസ്സിലാക്കാൻ തമിഴ് ചലച്ചിത്ര ചരിത്രകാരനായ രാൻഡർ ഗൈ എന്ന എം രംഗദൊരൈയുടെ ഈ വാചകം മാത്രം മതി.
തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ പോലും വിജയം ഉറപ്പാക്കാൻ അനിവാര്യമായിരുന്നു സിൽക്ക് സ്മിത. മാദകത്വമുള്ള ശരീരം കൊണ്ടുള്ള അനായാസ ചുവടുകളും കണ്ണിലെ കനൽ കൊണ്ടും തിരശ്ശീലയിൽ തീ പൊഴിച്ച സ്മിത 17 വർഷം കൊണ്ട് അഭിനയിച്ചത് 450ലേറെ സിനിമകളിലാണ്. ദക്ഷിണേന്ത്യൻ സിനിമയിൽ ഗ്ലാമർ എന്നതിന്റെ പര്യായം തന്നെ ആയിരുന്ന സ്മിത പക്ഷേ മുപ്പത്തി ആറാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇന്നേക്ക് 26 വർഷം മുന്‍പ്, 1996 സെപ്റ്റംബർ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സ്മിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചു. പക്ഷേ എന്തിന് എന്ന വലിയ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഉണ്ടായിരുന്നില്ല. അന്നും ഇന്നും.
undefined
തിരശ്ശീലയിൽ സമ്മാനിച്ച ഹിറ്റുകളുടെ വിജയത്തിളക്കം സ്വന്തം ജീവിതത്തിൽ സ്മിതക്ക് ഉണ്ടായിരുന്നില്ല. ഉൾവലിഞ്ഞ പ്രകൃതവും കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും കുറച്ച് മുൻശുണ്ഠിയും കാരണം സ്മിതക്ക് അധികം സ്നേഹിതർ ഉണ്ടായിരുന്നില്ല. പലപ്പോഴും അവളുടെ പെരുമാറ്റം അഹന്തയും അഹങ്കാരവും ആയി വിമർശിക്കപ്പെടുകയും ചെയ്തു. ശിവാജി ഗണേശൻ സെറ്റിൽ വന്നപ്പോൾ കാലിൽ കാലും കയറ്റി വെച്ചിരുന്നു, മുഖ്യമന്ത്രി ആയിരുന്ന എംജിആർ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ആന്ധ്രയിൽ ഷൂട്ടിങ്ങിന് പോയി എന്നിങ്ങനെ പല കഥകൾ,. ഉൾവലിഞ്ഞു നിന്നതല്ലാതെ സ്വയം പ്രതിരോധിക്കാൻ സ്മിതക്ക് സാമർത്ഥ്യം പോരായിരുന്നു. മങ്ങിയ വെളിച്ചത്തിലും നിറങ്ങൾ മാറിമാറി വന്നു പോകുന്ന രംഗങ്ങളിലും നൃത്തച്ചുവടുകളുമായി മാത്രം വന്നു പോകാതെ അഭിനയ സാധ്യതയുള്ള രംഗങ്ങൾ എന്ന ആഗ്രഹം സ്മിതക്ക് വളരെ ചുരുക്കമായിരുന്നു സാധ്യമായത്. മൂൻട്രാം പിറൈ, അലൈകൾ ഒഴിവതില്ലൈ, അഥർവം, സ്ഫടികം തുടങ്ങി വളരെ ചുരുക്കം സിനിമകളിൽ ആണ് അഭിനയിക്കാനുള്ള എന്തെങ്കിലും ഒരു സാധ്യത സ്മിതക്ക് കിട്ടിയത്. സിനിമ നിർമ്മിക്കാനുള്ള മോഹം കനത്ത സാമ്പത്തിക നഷ്ടത്തിലും എത്തിച്ചു. കാശിനല്ലാതെ പ്രണയിക്കപ്പെടാനുള്ള മോഹവും നടന്നില്ല. നിരാശപ്പെടാൻ സ്മിതക്ക് കാരണങ്ങൾ ഉണ്ടായിരുന്നു. അടുത്ത സ്നേഹിതയായ നടി അനുരാധയയേയും നടൻ രവിചന്ദ്രനേയും മരണദിവസവും തലേന്നുമായി സ്മിത വിളിച്ചിരുന്നു. ചിലത് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞു. മകളെ സ്കൂളിൽ വിട്ട് സ്മിതയെ കാണാൻ വീട്ടിലെത്തിയ അനുരാധയാണ് തൂങ്ങിമരിച്ച നിലയിൽ സ്മിതയെ കാണുന്നത്.
1960ൽ ആന്ധ്രയിലെ ഏലൂരിനടുത്ത് കൊവ്വാലി എന്ന ഗ്രാമത്തിൽ ജനിച്ച വിജയലക്ഷ്മി സിനിമാലോകത്ത് ചുവടു വെച്ച് ടച്ച് അപ് ഗേൾ ആയിട്ട്. ഇണയെ തേടി എന്ന ചിത്രത്തിൽ അഭിനയിക്കാനായി സ്മിത എന്ന പുതിയ പേര് സമ്മാനിച്ചത് ആന്റണി ഈസ്റ്റ്മാൻ. പുതുജീവൻ നൽകിയത് വിനു ചക്രവർത്തി. 80ൽ വണ്ടിച്ചക്രം എന്ന സിനിമയിലെ ചാരായക്കാരി സ്മിതയെ സിൽക്ക് സ്മിത ആക്കി. പിന്നെ അതൊരു പേരും പ്രതീകവും തന്നെ ആയി.
ഹിന്ദിയിലും കന്നടയിലും മലയാളത്തിലും സ്മിതയുടെ ജീവിതം പ്രചോദനമായ സിനിമകൾ വന്നു. ഒരു പാടു സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാൻ ഉണ്ടായ കാരണം മാത്രം പ്രേക്ഷകർക്ക് ഇപ്പോഴും അജ്ഞാതം.