നാടകകൃത്ത്, നാടക സംവിധായകന്‍, സാഹിത്യ നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലൊക്കെ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്ക് അദ്ദേഹം എത്തിയത്
നരേന്ദ്ര പ്രസാദ് (Narendra Prasad) എന്ന പ്രതിഭയെക്കുറിച്ച് മലയാളിയുടെ പൊതുമണ്ഡലത്തിലുള്ള ഓര്‍മ്മകള്‍, ഇമേജുകള്‍ എന്തൊക്കെയാണ്? ജനപ്രിയ മാധ്യമമായ സിനിമയിലേക്ക് ആഗ്രഹിച്ച് എത്തിയതല്ലെങ്കിലും അദ്ദേഹം അവതരിപ്പിച്ച ചില കഥാപാത്രങ്ങളാവും തീര്‍ച്ഛയായും ഒട്ടുമിക്കവരും ഈ പേര് കേള്‍ക്കുമ്പോള്‍ ഓര്‍ത്തെടുക്കുക. ആറാം തമ്പുരാനിലെ 'കുളപ്പുള്ളി അപ്പന്‍', ആലഞ്ചേരി തമ്പ്രാക്കളിലെ 'ചന്ദപ്പന്‍ ഗുരുക്കള്‍', സുകൃതത്തിലെ 'ഡോക്ടര്‍', ആയിരപ്പറയിലെ 'പദ്‍മനാഭ കൈമള്‍', ഏകലവ്യനിലെ 'സ്വാമി അമൂര്‍ത്താനന്ദ', മേലേപ്പറമ്പില്‍ ആണ്‍വീടിലെ 'ത്രിവിക്രമന്‍ പിള്ള'... അങ്ങനെയങ്ങനെ. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് കുളപ്പുള്ളി അപ്പനും അമൂര്‍ത്താന്ദയുമൊക്കെയാവും. പക്ഷേ നരേന്ദ്രപ്രസാദ് എന്ന പ്രതിഭ ഈ വേഷങ്ങളെ അത്ര ഗൗരവത്തോടെ കണ്ടിരുന്നോ എന്നത് സംശയമാണ്.
"കച്ചവട സിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്‍റെ മനസ് അതിലില്ല. സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ", ചലച്ചിത്രതാരം എന്ന നിലയില്‍ പ്രശസ്‍തിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതാണിത്. ശ്യാമപ്രസാദിന്‍റെ 'പെരുവഴിയിലെ കരിയിലകള്‍' എന്ന ടെലിഫിലിമിലൂടെയാണ് അദ്ദേഹം ആദ്യം ക്യാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്. സിനിമയിലെ അരങ്ങേറ്റം കഥാപാത്രം ആവുന്നതിനു മുന്നേ ശബ്‍ദസാന്നിധ്യമായിട്ടായിരുന്നു. ഭരതന്‍റെ വൈശാലിയില്‍ ബാബു ആന്‍റണി അവതരിപ്പിച്ച 'ലോമപാദ രാജാവി'ന് ശബ്‍ദം പകര്‍ന്നത് നരേന്ദ്രപ്രസാദ് ആയിരുന്നു. പി ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ തൊട്ടു പിറ്റേവര്‍ഷം റിലീസ് ചെയ്യപ്പെട്ട 'അസ്ഥികള്‍ പൂക്കുന്നു' എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്ക്രീനില്‍ അഭിനേതാവായും എത്തി.
undefined
വി ആര്‍ ഗോപിനാഥിന്‍റെ 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' എന്ന ചിത്രവും അതേവര്‍ഷം എത്തി. ആകാരത്തിലും അഭിനയത്തിലും ശബ്‍ദത്തിലും ഒറ്റയടിക്ക് ശ്രദ്ധിക്കപ്പെടുന്ന ഈ അഭിനേതാവിനെ മലയാള സിനിമാലോകം വേഗത്തില്‍ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്‍തു. അദ്വൈതം, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, പൈതൃകം തുടങ്ങിയ ചിത്രങ്ങളൊക്കെ പിന്നാലെയെത്തി. അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചതും ജയരാജ് സംവിധാനം ചെയ്‍ത പൈതൃകത്തിനായിരുന്നു. പിന്നീട് ഒരു സിനിമാനടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 14 വര്‍ഷം കൊണ്ട് അഭിനയിച്ചത് 120ലേറെ ചിത്രങ്ങളില്‍.
ഭൂരിഭാഗം മലയാളികളും നരേന്ദ്ര പ്രസാദിനെ ഒരു സിനിമാതാരം എന്ന നിലയിലാവും പരിഗണിക്കുകയെങ്കിലും കലാരംഗത്ത് അദ്ദേഹം എന്തൊക്കെയായിരുന്നില്ല എന്നത് അടുപ്പക്കാര്‍ക്കറിയാം. നാടകകൃത്ത്, നാടക സംവിധായകന്‍, സാഹിത്യ നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലൊക്കെ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്ക് അദ്ദേഹം എത്തിയത്. കോളെജ് അധ്യാപകനായിരിക്കെയാണ് 'നാട്യഗൃഹം' എന്ന പേരില്‍ ഒരു നാടകട്രൂപ്പ് അദ്ദേഹം ആരംഭിക്കുന്നത്. നടന്‍ മുരളിയടക്കമുള്ളവര്‍ നാട്യഗൃഹത്തിന്‍റെ നാടകങ്ങളിലൂടെ അരങ്ങിലെത്തിയിട്ടുണ്ട്. 1985ല്‍ അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സൗപര്‍ണ്ണിക' എന്ന നാടകം കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്‍കാരങ്ങള്‍ നേടി. ആത്മപ്രകാശനത്തിന് തനിക്ക് ഏറെ ഉതകുന്ന വഴിയായി നരേന്ദ്രപ്രസാദ് നാടകവേദിയെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ സാമ്പത്തിക ബാധ്യതകള്‍ പെരുകിയതോടെ ട്രൂപ്പ് പൂട്ടേണ്ടിവന്നു. താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും സിനിമ നല്‍കിയ അവസരത്തിനു മുന്നില്‍ അദ്ദേഹം കൈമലര്‍ത്താതിരുന്നതിന് ഒരു കാരണം ആ തിക്താനുഭവമായിരുന്നു.
തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു അദ്ദേഹം. പാലക്കാട് വിക്ടോറിയ കോളെജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്‍കൂള്‍ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിലൊക്കെ അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ക്ക് മറ്റു ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ പോലും ചെന്നിരിക്കുമായിരുന്നു. ഷേക്സ്പിയര്‍ ക്ലാസുകള്‍ക്കായിരുന്നു വിദ്യാര്‍ഥികളില്‍ ആരാധകര്‍ ഏറെ. ഓരോ കഥാപാത്രങ്ങളുടെ ഡയലോഗ് മോഡുലേഷനുകള്‍ ഒരു നാടകവേദിയിലെന്നപോലെ അദ്ദേഹം പുനരാവിഷ്കരിക്കുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ അനുസ്‍മരിച്ചിട്ടുണ്ട്. അധ്യാപനം, സാഹിത്യ നിരൂപണം, നാടകം, സിനിമ എന്നീ വിഭിന്നമേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയുടെ വിയോഗം 2003 നവംബര്‍ 3ന് ആയിരുന്നു. ആ ഓര്‍മ്മയ്ക്ക് ഇന്നേയ്ക്ക് 18 വര്‍ഷങ്ങള്‍.