ഒടുവിൽ ചിരിച്ചു ചിരിച്ച്, തോക്കിൽ അവശേഷിച്ചിരുന്ന ബാക്കി മൂന്നു വെടിയുണ്ടകളും മൂന്നുപേരുടെയും നെഞ്ചിൽ നിക്ഷേപിച്ചിട്ട്, ഗബ്ബർ സിംഗിന്റെ പഞ്ച് ഡയലോഗ്, " ജോ ഡർ ഗയാ.. സംഝോ മർ ഗയാ.. " - പേടിച്ചുപോയവനെ കാത്തിരിക്കുന്നത്, മരണമാണ്..!
ഹിന്ദി സിനിമയിലെ ഏറ്റവും പേടിപ്പെടുത്തുന്ന വില്ലൻ ആരെന്നു ചോദിച്ചാൽ അവർ ഒരേസ്വരത്തിൽ പറയുന്ന ഒരു പേരുണ്ട്. അംജദ് ഖാൻ. വില്ലനായി അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ ജനമനസ്സുകളിൽ ലബ്ധപ്രതിഷ്ഠനാക്കിയത് 1975 -ൽ പുറത്തിറങ്ങി, ഏറെക്കാലം ബോളിവുഡ് ബോക്സോഫീസുകൾ അടക്കിവാണ ഷോലെ എന്ന അമിതാഭ്- ധർമേന്ദ്ര-സഞ്ജീവ് കുമാർ-ഹേമമാലിനി-ജയാഭാദുരി ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ്, ഗബ്ബർ സിങ്ങ്. ഇരുപത്തേഴു വർഷം മുമ്പ് ഇന്നേദിവസമാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
കുറസോവയുടെ സെവൻ സമുറായിസിന്റെ ചുവടു പിടിച്ച് സലിം ജാവേദ് എഴുതിയ തിരക്കഥയിൽ രമേശ് സിപ്പി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഷോലെ. ഗബ്ബർ സിങ്ങ് എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരനെ അമർച്ച ചെയ്യാൻ ജയ്-വീരു( അമിതാഭ്-ധർമേന്ദ്ര) എന്നീ രണ്ടു തെമ്മാടികളെ ഏർപ്പാടുചെയ്തുകൊണ്ട് രാംഗഢ് ഗ്രാമത്തിലെ ഠാക്കൂര്‍ (സഞ്ജീവ് കുമാർ) ചെയ്യുന്ന പ്രതികാരശ്രമമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒരു കമേഴ്‌സ്യൽ സിനിമയുടെ വിജയത്തിനുവേണ്ട ചേരുവകളെല്ലാം തന്നെ സമാസമം ചേർത്ത് തയ്യാറാക്കിയ ഈ ചിത്രം ഏറെക്കാലം ബോക്സോഫിസിലെ സകല റെക്കോർഡുകളും കയ്യടക്കി വെച്ചിരുന്നു. ഷോലെ അംജദ് ഖാന്റെ ആദ്യത്തെ ചിത്രമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തെ ഷോട്ടുവരെ ഈ കഥാപാത്രത്തിന്റെ ലെഗസിയിലായിരുന്നു അദ്ദേഹം. ആ സിനിമയിലെപ്പോലെ തന്മയത്വത്തോടെ അഭിനയിക്കാൻ പിന്നീട് ഒരു ചിത്രത്തിലും അംജദ് ഖാനെക്കൊണ്ടായില്ല.
ആ ചിത്രത്തിലെ ഒരു ക്‌ളാസ്സിക് സീനുണ്ട്. ഗ്രാമത്തിൽ നിന്നും ധാന്യം പിരിച്ചുകൊണ്ടു വരാൻ പറഞ്ഞയച്ചിട്ട് , അടിയും വാങ്ങി പേടിച്ചോടി വെറും കയ്യോടെ തിരിച്ചുവന്നിരിക്കുകയാണ് ഗബ്ബറിന്റെ സംഘത്തിലെ മൂന്നുപേർ. വെടിയുണ്ട തിരുകിവെച്ചിരിക്കുന്ന അരയിലെ ബെൽറ്റ് ഊരി കയ്യിൽ പിടിച്ച്, അതും തറയിൽ ഇഴച്ചുകൊണ്ട്, പാറക്കെട്ടിലൂടെ ഉലാത്തുന്നു ഗബ്ബർ. മുഖം ഫ്രയിമിൽ വരുന്നില്ല. ബൂട്ട്സിട്ട കാലുകൾ മാത്രം. പശ്ചാത്തലത്തിൽ ആ ഘനഗംഭീര ശബ്ദവും..
undefined
പേടിച്ചരണ്ട് കയ്യും കെട്ടി നിൽക്കുന്ന അവരോട് മുഴങ്ങുന്ന ഗബ്ബർ സിങ്ങിന്റെ ചോദ്യം, " കിത്‌നേ ആദ്‌മി ഥേ..? " - അവർ എത്ര പേരുണ്ടായിരുന്നു..?
" സർദാർ ദോ ആദ്മി.." - രണ്ടു പേർ അങ്ങുന്നേ... എന്ന് പേടിച്ചുവിറച്ചുള്ള മറുപടി..
" സുവർ കെ ബച്ചോ.." എന്നും പറഞ്ഞ് ഗബ്ബർ തന്റെ തോക്ക് അവർക്കുനേരെ ചൂണ്ടുന്നു. രണ്ടു പേരോട് മുട്ടി ജയിക്കാൻ പറ്റാതെ പേടിച്ചോടി വന്ന നിങ്ങളെ പൂവിട്ടു സ്വീകരിക്കും എന്ന് കരുതിയോ എന്നായി ചോദ്യം. പിന്നെ, ഗബ്ബർ സിങ്ങ് എന്ന കൊള്ളക്കാരന്റെ നിലനിൽപ്പിന് ജനങ്ങളുടെ മനസ്സിൽ ഭയം നിലനിർത്തേണ്ടതിനെപ്പറ്റി ഒരു ക്‌ളാസ് ആണ്.
ശിക്ഷ തന്നേ പറ്റൂ എന്നായി. തോക്കെടുക്കുന്നു. മൂന്നു വെടിയുണ്ടകൾ ആകാശത്തേക്ക് പായിക്കുന്നു. പിന്നെ റിവോൾവറിന്റെ സിലിണ്ടർ കറക്കി, മൂന്നുപേരുടെയും തലയിൽ ഒന്നൊന്നായി റിവോൾവർ വെച്ചുകൊണ്ടുള്ള ഒരു ഡ്രാമാറ്റിക്ക് ഷൂട്ടിങ് സീക്വൻസ്. അതിനൊടുവിൽ, "മൂന്നു പേരും രക്ഷപ്പെട്ടല്ലോ..." എന്നും പറഞ്ഞ് ദിഗന്തങ്ങൾ ഞെട്ടിവിറച്ചുപോകുന്ന തരത്തിലുള്ള ചിരിയാണ്, ഗബ്ബറിന്റെ.. പേടിപ്പിക്കുന്ന ആ അട്ടഹാസം, മരണം മുന്നിൽ കണ്ടുനിൽക്കുന ആ മൂന്നുപേരിലും, ചുറ്റിനും നിൽക്കുന്ന മറ്റുള്ള കൊള്ള സംഘാംഗങ്ങളിലും ആദ്യം സംഭ്രമവും പിന്നീട് ചിരിയും ജനിപ്പിക്കുന്നു.
ഒടുവിൽ ചിരിച്ചു ചിരിച്ച്, ബാരലിൽ അവശേഷിച്ച ബാക്കി മൂന്നു വെടിയുണ്ടകളും മൂന്നുപേരുടെയും നെഞ്ചിൽ നിക്ഷേപിച്ചിട്ട്, ഗബ്ബർ സിംഗിന്റെ പഞ്ച് ഡയലോഗ്, " ജോ ഡർ ഗയാ.. സംജോ വോ മർ ഗയാ.. "
ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം എഴുപതുകളിൽ ജനം നാലും അഞ്ചും വട്ടം തിയേറ്ററിൽ കേറി. 1978 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം ആദ്യത്തെ രണ്ടാഴ്ചത്തെ വളരെ മോശം പ്രകടനത്തിനുശേഷം, മൂന്നാമത്തെ ആഴ്ചമുതൽ മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ മാത്രം ഹൗസ് ഫുൾ ഷോകളിലേക്ക് എത്തി. നൂറു തിയറ്ററുകളിൽ സിൽവർ ജൂബിലി ആഘോഷിച്ച ആദ്യത്തെ ചിത്രമാണ് ഷോലെ. മുംബയിലെ മിനർവ തിയേറ്ററിൽ ഈ സിനിമ തുടർച്ചയായി അഞ്ചു വാഴ്സഷത്തോളം പ്രദർശിപ്പിക്കപ്പെട്ടു. ഷോലെയുടെ റെക്കോർഡിനെ ഭേദിക്കാൻ പിന്നീട് 1996-ൽ ദിൽവാലെ ദുൽഹനിയാ വരേണ്ടി വന്നു.
ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഷോലേയ്ക്ക് ശേഷം സത്യജിത് റായിയുടെ ശത്‌രഞ്ജ് കെ ഖിലാഡി പോലുള്ള കലാമൂല്യമുള്ള പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും, ഗബ്ബർ സിങ്ങ് എന്ന കഥാപാത്രത്തിന്റെ തിളക്കത്തെ മറികടക്കാൻ അംജദ് ഖാന് പിന്നീട് ഒരിക്കലുമായില്ല.
1976 -ൽ മുംബൈ ഗോവ ഹൈവേയിൽ നടന്ന ഒരു കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അംജദ് ഖാൻ കോമയിലായി. ശസ്ത്രക്രിയക്കിടെ കൊടുത്ത ചില മരുന്നുകളുടെ പാർശ്വഫലമായി അമിതവണ്ണം വന്നുപോയ അംജദ് ഖാൻ പിന്നീട് തന്റെ അമ്പത്തൊന്നാം വയസ്സിൽ ഹൃദ്രോഗ ബാധിതനായി, ഒടുവിൽ ഒരു ഹൃദയസ്തംഭനം വന്നു മരിച്ചു പോവുകയായിരുന്നു.