തുടക്കത്തിൽ സാന്ദർഭികമായി നർമ്മം സൃഷ്ടിച്ച്, പോകെപ്പോകെ ആക്ഷേപഹാസ്യത്തിലേക്ക് വഴിമാറി, ഒടുവിൽ പ്രേക്ഷകന്റെ നടുമ്പുറത് ഊക്കനൊരടിപോലെ വന്നുവീഴുന്നതാണ് ബോങ് ജൂൻ ഹോയുടെ പരിചരണം
കഴിഞ്ഞ വർഷം മേയിൽ കാൻ ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടന്ന ഒരു കൊച്ചു ചിത്രമാണ് പാരാസൈറ്റ്. ബോങ് ജൂൻ ഹോ എന്ന ദക്ഷിണ കൊറിയൻ സംവിധായകൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് കോമഡി ചിത്രം IFFK 'യിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഈ ചിത്രത്തിനുള്ള ക്യൂവിൽ നിന്ന്, ഉള്ളിൽ കയറാനാവാതെ തിരിച്ചുപോരേണ്ടി വന്നു പലർക്കും. അതുകൊണ്ടുതന്നെ ഓസ്കർ അവാർഡിന് മുമ്പ് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നിരുന്നു. മികച്ച ചിത്രത്തിനും മികച്ച വിദേശ ചിത്രത്തിനുമുള്ള ഇരട്ട നോമിനേഷനുകൾ ചരിത്രത്തിൽ ആദ്യമായി പാരസൈറ്റിന് ലഭിച്ചതോടെ സകലരും അവാർഡ് പ്രഖ്യാപനത്തിനായി സാകൂതം കാതോർത്തു.
വിദേശഭാഷയിലുള്ള ഒരു ചിത്രം ആസ്വദിക്കുക അത്ര എളുപ്പമല്ല. സബ്ടൈറ്റിലുകൾ ഉണ്ടെങ്കിൽ പോലും പലപ്പോഴും അത് ദൃശ്യഭാഷയിലേക്ക് പൂർണ്ണ ശ്രദ്ധ ചെലുത്തുന്നതിന് വിഘാതമാവുകയും നിങ്ങളുടെ കാഴ്ചാനുഭവത്തെ വിപരീതമായി ബാധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, പാരസൈറ്റ് എന്ന ചിത്രത്തിന്റെ കാര്യത്തിൽ ഇതൊക്കെ ഒരു അപവാദമായി മാറുകയാണ്. 134 മിനിറ്റ് നേരം നീണ്ടു നിൽക്കുന്ന ഈ ചിത്രം കണ്ടുകൊണ്ടിരിക്കെ ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ നിങ്ങൾക്കാവില്ല. അത് ഉറപ്പുവരുത്തുന്നതിൽ ഒരുപരിധിവരെ വിജയം കണ്ടിട്ടുണ്ട് കൊറിയൻ സിനിമയ്ക്ക് മുമ്പ് ദി ഹോസ്റ്റ്, സ്നോ പിയേഴ്സർ തുടങ്ങിയ പ്രേതചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ബോങ് ജൂൻ ഹോ എന്ന ഹൊറർ മാസ്റ്റർ. സമൂഹത്തിലെ സമ്പത്തിന്റെ ആനുപാതികമല്ലാത്ത വിതരണം, അത് സൃഷ്ടിക്കുന്ന ജീവിതസാഹചര്യങ്ങളിലെ അജഗജാന്തരം. ഈയൊരു വൈരുദ്ധ്യത്തെയാണ് സിനിമ എടുത്തുകാട്ടുന്നത്. സമൂഹത്താൽ പാർശ്വവൽക്കരിക്കപ്പെട്ട്, തീരെ സൗകര്യമില്ലാത്ത ഒരു നിലവറയിൽ വാടകയ്ക്ക് കഴിഞ്ഞു കൂടേണ്ടി വരുന്ന 'കിം കുടുംബ'ത്തിന്റെ കഥയാണ് ഒരു വശത്ത്. മറുവശത്ത്, അതിന്റെ നേർ വിപരീത സാഹചര്യത്തിൽ, സമ്പൽസമൃദ്ധിയുടെ കൊഴുപ്പിൽ അർമാദിച്ചു കഴിയുന്ന 'പാർക്ക് കുടുംബം'. പണക്കൊഴുപ്പിന്റെയും വയറ്റിപ്പിഴപ്പിന്റെയും രണ്ടു ധ്രുവങ്ങളെ തുടക്കത്തിൽ തന്നെ വളരെ കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട് ഈ ചിത്രത്തിൽ.
undefined
ഒരു സുഹൃത്ത് വഴി പാർക്ക് കുടുംബത്തിലെ പെൺകുട്ടിയെ ട്യൂഷൻ പഠിപ്പിക്കാനുള്ള അവസരം തരപ്പെടുന്ന കിം കുടുംബത്തിലെ കി വൂ എന്ന യുവാവ്. ഇല്ലാത്ത സർവകലാശാലാ ബിരുദം ഉണ്ടെന്ന് അവകാശപ്പെട്ട്, ആളുകളെ പറഞ്ഞുമയാക്കാനുള്ള തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് ആ ജോലി നേടിയെടുത്ത കി വൂ, സമ്പന്നമായ പാർക്ക് കുടുംബത്തിലേക്ക്, ആ ലക്ഷ്വറി ബംഗ്ളാവിലേക്ക് ഒരു പാരസൈറ്റ് അഥവാ പരാദജീവിയായി കടന്നു കയറുന്നിടത്താണ് സിനിമയിലെ ആദ്യത്തെ വഴിത്തിരിവുണ്ടാകുന്നത്. ആ രണ്ടു ജീവിത പരിസരങ്ങൾ തമ്മിലുള്ള വൈപരീത്യം കൃത്യമായി അടയാളപ്പെടുത്താൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോംങ് ക്യുങ് പ്യോയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവറ പോലെ ഒരു വാടകക്കെട്ടിടത്തിൽ താമസിക്കുന്ന കിം കുടുംബം നിത്യം ഉണ്ടുറങ്ങുന്നതിന് ഒരു നില മുകളിലാണ് അവർ നടന്നുപോകുന്ന നിരത്തുപോലും. അവരുടെ തീൻമുറിയിൽ നിന്ന് മുകളിലേക്ക് നോക്കിയാലാണ് തെരുവിലെ ബഹളങ്ങൾ കാണുക. തെരുവിൽ മൂത്രമൊഴിക്കുന്നവർ പോലും അവർക്ക് ദുർഗന്ധം പകരുന്നു. ആ 'പൊട്ട' മണം പിന്നീട് അവരുടെ ദേഹത്തേക്കും, വസ്ത്രങ്ങളിലേക്കും, ജീവിതങ്ങളിലേക്കും ഒക്കെ അവരറിയാതെ പടർന്നുകയറുന്നു. കി വൂവിന് പിന്നാലെ ഒന്നൊന്നായി ആ കുടുംബത്തിലെ എല്ലാവരും ഇത്തിൾക്കണ്ണിയെപ്പോലെ ആ ധനിക കുടുംബത്തിലേക്ക് വലിഞ്ഞു കയറിച്ചെല്ലുന്നത് ഏറെ കയ്യടക്കത്തോടെയാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്.
തുടക്കത്തിൽ സാന്ദർഭികമായി നർമ്മം സൃഷ്ടിച്ച്, പോകെപ്പോകെ ആക്ഷേപഹാസ്യത്തിലേക്ക് വഴിമാറി, ഒടുവിൽ പ്രേക്ഷകന്റെനടുമ്പുറത് ഊക്കനൊരടിപോലെ വന്നുവീഴുന്നതാണ് ബോങ് ജൂൻ ഹോയുടെ പരിചരണം. പതിവ് അളവുകോലുകൾ വെച്ചുനോക്കിയാൽ, സിനിമയിൽ നായക പരിവേഷമുള്ള ഒരു കഥാപാത്രം പോലുമില്ല, ആ അർത്ഥത്തിൽ നോക്കുമ്പോൾ വില്ലന്മാരും. വില്ലൻ സ്ഥാനത്ത് എന്തിനെയെങ്കിലും കൊണ്ടുനിർത്തണമെങ്കിൽ, അത് നമ്മുടെ സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന സാഹചര്യത്തിന്റെ ക്രൂരയാഥാർത്ഥ്യത്തെയാവും. വളരെ എളുപ്പത്തിൽ ക്ളീഷെയിലേക്ക് വഴുതി വീഴാവുന്ന ഒരു പ്ലോട്ടിനെ വളരെ കൃതഹസ്തതയോടെയാണ് ബോങ്ങും, തിരക്കഥാരചനയ്ക്ക് കൂടെയുണ്ടായിരുന്ന ഹാൻ ജിൻ വോണും കൈകാര്യം ചെയ്തിരിക്കുന്നത്.
മികച്ച ഒരു കാസ്റ്റിംഗും, അപ്രതീക്ഷിതമായ ഒരു കഥാതന്തുവും അതർഹിക്കുന്ന പരിചരണവും ഒത്തുചേരുമ്പോൾ സംവിധായകന്റെ ഒരു മാസ്റ്റർപീസായി ഈ ചിത്രം മാറുന്നു. അതുകൊണ്ടുതന്നെയാണ് ജോക്കർ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഐറിഷ് മാൻ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ച് ഒടുവിൽ 92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചർ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ലഭിക്കുക എന്ന അഭൂതപൂർവമായ നേട്ടത്തിന് പാരസൈറ്റ് കാരണമാകുന്നത്. നാല് ഓസ്കർ പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് കിട്ടിയത്. ഒരർത്ഥത്തിൽ, നുഴഞ്ഞുകയറുന്ന ഒരു പരാദജീവി, വീടിന്റെ ഉടമസ്ഥനെ തന്നെ കീഴടക്കുന്ന ചിത്രത്തിന്റെ ക്ളൈമാക്സിനോട് സാമ്യമുണ്ട് ഈ ഓസ്കർ പുരസ്‌കാര ലബ്ധിക്കുപോലും.