'കൈയ്യറിഞ്ഞ് നല്‍കുന്ന സഹായങ്ങളിലേ ഒരു സമൂഹമായി നമ്മള്‍ നിലനില്‍ക്കൂ'

By Web Team  |  First Published Mar 31, 2020, 3:52 PM IST

'താരങ്ങളെയൊക്കെ സംബന്ധിച്ച് ഒരുപക്ഷേ ഇതൊരു ഒഴിവുകാലം പോലെ ആയിരിക്കാം. പക്ഷേ ദിവസേനയുള്ള ചെറിയ വരുമാനം കൊണ്ട് അന്നന്നത്തെ ചെലവ് നടന്നുപോകുന്ന ഒരു വലിയ വിഭാഗം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥ അവര്‍ക്ക് ഇരുട്ടടിയാണ്.'


എല്ലാവരെയും പോലെ ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുകയാണ് ഞാനും. ചില സിനിമകളുടെയൊക്കെ ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ വന്നത്.  ഇപ്പോഴത്തെ അവസ്ഥയില്‍ വീട്ടിലിരുന്ന് അതൊന്നും ചിന്തിക്കാന്‍ പറ്റുന്നില്ല. ഒന്നാമത് അതൊന്നും ആലോചിക്കാനുള്ള മാനസികാവസ്ഥയില്ല. അതിന് ഏറ്റവും പ്രധാന കാരണം കുടുംബം ഇപ്പോള്‍ ദുബായില്‍ ആണ് എന്നതാണ്. ഭാര്യയും മകനും മകളും ഭാര്യയുടെ മാതാപിതാക്കളും ദുബായില്‍ ആണിപ്പോള്‍. ഞങ്ങള്‍ക്ക് അവിടെ ബിസിനസ് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കുടുംബം അവിടെയായതിന്‍റെ ടെന്‍ഷന്‍ ഉണ്ട്. നമുക്ക് അങ്ങോട്ട് പോകാനും പറ്റില്ലല്ലോ. 

കുട്ടികള്‍ അവിടെയാണ് പഠിക്കുന്നതും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‍കൂള്‍ അടച്ചിരിക്കുന്നതിനാല്‍ അവിടെ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. രോഗം അവിടെ എത്രത്തോളം പടര്‍ന്നിട്ടുണ്ടെന്ന വിവരം ഇപ്പോഴും വ്യക്തമല്ല. ലേബര്‍ ക്യാമ്പുകളിലെയൊക്കെ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും എത്തിയിട്ടില്ല. ആളുകള്‍ ഭയപ്പെടേണ്ട എന്ന് കരുതിയാവും അത്. ഇപ്പോള്‍ ഭക്ഷണമടക്കം അവശ്യസാധനങ്ങള്‍ക്കൊന്നും കുഴപ്പമില്ല. സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഇവിടുത്തേത് പോലെയുള്ള ലോക്ക് ഡൌണേ അവിടെയുമുള്ളൂ. പക്ഷേ എത്ര നാള്‍ ഇങ്ങനെ പോകാനാവും എന്നതാണ്. വാടക കൊടുക്കണമല്ലോ. പണം കൈയില്‍ നിന്ന് ഇട്ട് എത്രനാള്‍ വാടക കൊടുക്കാന്‍ കഴിയും? ബിസിനസ് ഒക്കെ അടച്ചിട്ടിരിക്കുന്നതിനാല്‍ വരുമാനം ഉണ്ടാവുന്നില്ലല്ലോ. അതേസമയം വാടക കൊടുത്തുകൊണ്ടിരിക്കുകയും വേണം. ചെറുകിട ബിസിനസ് ഒക്കെ നടത്തുന്നവരാണെങ്കില്‍, ജോലിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മിനിമം ശമ്പളമെങ്കിലും കൊടുക്കണം. ഇപ്പോഴത്തെ അവസ്ഥ ഇതേപോലെ തുടരുകയാണെങ്കില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാവും.. അതേക്കുറിച്ചൊക്കെ ആലോചിച്ചുള്ള ടെന്‍ഷനുണ്ട്. ഇത് എന്ന് മാറും എന്ന് അറിയില്ലല്ലോ. സത്യം പറഞ്ഞാല്‍ നല്ല പേടിയുണ്ട്. പ്രത്യേകിച്ച് കുടുംബം അവിടെ നില്‍ക്കുന്നതില്‍. ഇതിനിടയില്‍ സിനിമാ ആലോചനയൊന്നും പറ്റില്ല. പ്രവാസികളില്‍ ഒരു വലിയ ശതമാനത്തിനും കാര്യമായ സേവിംഗ്‍സ് ഒന്നും ഉണ്ടാവില്ല. അവരില്‍ ഭൂരിഭാഗവും കിട്ടുന്നതൊക്കെ നാട്ടിലേക്ക് അയക്കുന്നവരാണ്. വരുമാനമില്ലാതെ അവരവിടെ എങ്ങനെ നില്‍ക്കും എന്നത് ഒരു ചോദ്യമാണ്. 

Latest Videos

undefined

 

കൊവിഡ് 19 മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന സ്വാധീനം എന്തായിരിക്കുമെന്നും ഞാന്‍ ഈ ദിവസങ്ങളില്‍ ആലോചിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി മാറിയാല്‍ വലിയ സിനിമകള്‍ക്ക് പിന്നെയും സ്പേസ് കിട്ടും.  പക്ഷേ ചെറിയ സിനിമകളെ ഇത് ദോഷകരമായി ബാധിക്കും. ഞാനൊക്കെ ചെയ്യുന്ന സിനിമകളില്‍ വലിയ താരങ്ങളൊന്നും ഉണ്ടാവില്ലല്ലോ. അങ്ങനെയുള്ള സിനിമകള്‍ക്ക് വലിയ പ്രശ്നമായിരിക്കും ഇനി. കാരണം തീയേറ്ററുകളും റിലീസ് ഡേറ്റും ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. തീയേറ്റര്‍ കിട്ടിയാലും പ്രതിസന്ധി അവസാനിക്കില്ല. കാരണം അത്തരം ചിത്രങ്ങള്‍ക്ക് ഇനിഷ്യല്‍ പുള്‍ ഉണ്ടാവില്ല. കുറച്ച് ദിവസം തീയേറ്ററില്‍ കളിച്ച്, മൌത്ത് പബ്ലിസിറ്റിയൊക്കെ ആവുമ്പോഴേ അത് കയറൂ. ഇപ്പോഴത്തെ അവസ്ഥ മാറുമ്പോള്‍ ഒരുപാട് സിനിമകള്‍ അടുത്തടുത്ത് റിലീസ് ചെയ്യപ്പെട്ടേക്കാം. ചെറിയ സിനിമകളാണ് ആ സാഹചര്യത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുക. 

കൊവിഡ് 19 എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കും. മറ്റ് മേഖലകളില്‍ നിന്നുള്ള പണമാണല്ലോ നിര്‍മ്മാതാക്കള്‍ വഴി സിനിമയിലേക്ക് എത്തുന്നത്. അതിനാല്‍ മറ്റ് മേഖലകളെ ബാധിക്കുമ്പോള്‍ സമീപഭാവിയിലെ സിനിമാവ്യവസായത്തെ അത് സാരമായിത്തന്നെ ബാധിക്കും. താരങ്ങളുടെയൊക്കെ പ്രതിഫലത്തില്‍ പോലും അതിന്‍റെ സ്വാധീനം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. മലയാളസിനിമ ഇപ്പോള്‍ അത്യാവശ്യം നല്ല അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിഭാഗക്കാര്‍ക്കും അത്യാവശ്യം നല്ല പ്രതിഫലം എന്ന നിലയിലെത്തിയിരുന്നു. ഡെയ്‍ലി ബാറ്റക്കാര്‍ക്ക് അടക്കം. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതും ദിവസ വേതനക്കാരാണ്. താരങ്ങളെയൊക്കെ സംബന്ധിച്ച് ഒരുപക്ഷേ ഇതൊരു ഒഴിവുകാലം പോലെ ആയിരിക്കാം. പക്ഷേ ദിവസേനയുള്ള ചെറിയ വരുമാനം കൊണ്ട് അന്നന്നത്തെ ചെലവ് നടന്നുപോകുന്ന ഒരു വലിയ വിഭാഗം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥ അവര്‍ക്ക് ഇരുട്ടടിയാണ്. പക്ഷേ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളടക്കം സഹായവുമായി എത്തുന്നുണ്ട്. കൈയറിഞ്ഞ് നല്‍കുന്ന അത്തരം സഹായങ്ങള്‍ കൊണ്ടേ ഇതുപോലെയൊരു സാഹചര്യത്തെ നമുക്ക് നേരിടാന്‍ പറ്റൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊക്കെ കഴിയാവുന്നവരൊക്കെ സംഭാവന നല്‍കേണ്ടതാണ്. 

 

ഈ സാഹചര്യത്തില്‍ എനിക്ക് തോന്നിയ മറ്റൊരു കാര്യം നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളെക്കുറിച്ചാണ്. ലക്ഷങ്ങളും കോടികളുമൊക്കെ ചിലവഴിച്ച് പണിഞ്ഞ പള്ളികളും അമ്പലങ്ങളുമൊക്കെ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. കോടികളുടെ ആസ്തികളും അവയുമായി ബന്ധപ്പെട്ടുണ്ട്. നാടിന്‍റെ ക്ഷേമത്തിനായി അതിലെ ഒരു വിഹിതം സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നാണ് എന്‍റെ അഭിപ്രായം. ദൈവത്തിനുവേണ്ടി സ്വത്ത് കൂട്ടിവെച്ചിട്ട് കാര്യമില്ലെന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മള്‍ മനസിലാക്കേണ്ടതല്ലേ? അതേസമയം വിശ്വാസികള്‍ വീടുകളിലിരുന്നും പ്രാര്‍ഥിക്കുന്നുമുണ്ട്. ആരാധനാലയങ്ങള്‍ക്കായി കോടികള്‍ മുടക്കേണ്ടതില്ലെന്ന തിരിച്ചറിവ് കുറേപ്പേര്‍ക്കെങ്കിലും ഉണ്ടായാല്‍ അത് നന്നായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചികിത്സയ്ക്കും ക്വാറന്‍റൈനിനുമൊക്കെയായി ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബന്ധപ്പെട്ടവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായാല്‍ അതും ഒരു നന്മയുടെ ഒരു കാഴ്‍ച ആയേനെ. അതാവും യഥാര്‍ഥ പ്രാര്‍ഥന. 

അമേരിക്കയില്‍ എന്‍റെ ഒരു സുഹൃത്തുണ്ട്, ടെക്സാസില്‍. അവിടെ തോക്ക് വില്‍പ്പനശാലകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂവിനെപ്പറ്റിയാണ് വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞത്. രോഗാവസ്ഥ നീണ്ടുനിന്നാല്‍ ഉണ്ടാകാവുന്ന സാമൂഹികമായ അസ്വസ്ഥതകളെ ഭയന്നാണ് ഇത്. അസുഖത്തെ നമുക്ക് എങ്ങനെയെങ്കിലും ചികിത്സിക്കുകയോ നിയന്തിക്കുകയോ ഒക്കെ ചെയ്യാം. അസുഖത്തിനൊപ്പം ദാരിദ്ര്യം കൂടി വന്നാല്‍ സ്ഥിതി എവിടേക്ക് പോകും എന്നത് പേടിപ്പെടുത്തുന്ന ഒരു കാര്യമാണ്. 

അതേസമയം പോസിറ്റീവ് ആയിട്ട് ചിന്തിച്ചാല്‍, ലോകത്തിന് ഇത് പുതിയൊരു തുടക്കമാവട്ടെയെന്ന് ആശിക്കാം. മനുഷ്യന്മാര് തമ്മിലടിച്ച്, കുറേ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി പൈസ കളയാതെ, പരസ്പരം സഹായിക്കുന്ന ഒരു സ്ഥിതിയേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കാം, പ്രാര്‍ഥിക്കാം.

click me!