Minnal Murali and Netflix : നെറ്റ്ഫ്ലിക്സിനെ തുണയ്ക്കുമോ മിന്നല്‍ മുരളി? മലയാളം സൂപ്പര്‍ഹീറോയുടെ ഒടിടി വരവ്

By Vipin Panappuzha  |  First Published Dec 19, 2021, 4:09 PM IST

സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിലും നെറ്റ്ഫ്ലിക്സ് ഇത്രയും പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ടാവില്ല


മിന്നല്‍ മുരളി (Minnal Murali) എന്ന ചിത്രം ബേസില്‍ ജോസഫ് (Basil Joseph) എന്ന സംവിധായകന്‍ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എടുത്ത തയ്യാറെടുപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്. അതിനാല്‍ തന്നെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തെ വളരെ ആകാംക്ഷയോടെ മലയാള സിനിമാലോകം ഉറ്റുനോക്കുന്നു. സെറ്റ് പൊളിച്ച വിവാദമടക്കം സിനിമാ ലോകത്ത് ഏത് രീതിയില്‍ ചര്‍ച്ചയായി എന്നത് ഓര്‍ത്താല്‍ തന്നെ ഇത് വ്യക്തമാകും. പക്ഷെ കൊറോണ പ്രതിസന്ധികള്‍ വലച്ചതോടെ മിന്നല്‍ മുരളി ഒടിടി റിലീസ് ആയിരിക്കുമെന്ന് സെപ്തംബറോടെയാണ് വാര്‍ത്ത വരുന്നത്. വലിയൊരു ചിത്രത്തെ നെറ്റ്ഫ്ലിക്സ് (Netflix) പൊലുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ഒക്കെ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയും നടക്കുന്നു. പക്ഷെ കാലത്തിന്‍റെ ആവശ്യമാണ്, അല്ലെങ്കില്‍ നിലനില്‍പ്പിന്‍റെ പ്രശ്നമാണ് എന്ന രീതിയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ നേരിട്ടുള്ള ഒടിടി റിലീസിനെ അവതരിപ്പിച്ചത്.

അതേസമയം ഈ ചിത്രം ഏറ്റെടുത്തത് മുതല്‍ നെറ്റ്ഫ്ലിക്സ് എന്ന ആഗോള സ്ട്രീമിംഗ് രംഗത്തെ ഭീമന്‍ മലയാളത്തില്‍ നിന്നുള്ള ഈ ചിത്രത്തിന് നല്‍കുന്ന പ്രധാന്യത്തെ കാണാതെ പോകരുത്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്തത്ര പ്രീ-റിലീസ് പ്രൊമോഷനാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ലിക്സ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ 'സൂപ്പര്‍ ഹീറോകളി'ല്‍ പലരും സ്ട്രീമിംഗ് സ്ക്രീനിലെ 'ലോക്കല്‍' സൂപ്പര്‍ ഹീറോയ്ക്കായി പ്രമോഷന് എത്തുകയാണ്. ക്രിക്കറ്റ് താരം യുവരാജ് സിംഗും മുന്‍ റസ്ലിംഗ് താരം 'ദ് ഗ്രേറ്റ് ഖാലി'യുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതായത് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ക്രിസ്മസ് റിലീസായി ഇറക്കുന്ന ചിത്രത്തെ അത്രയും പ്രധാന്യത്തോടെയാണ് നെറ്റ്ഫ്ലിക്സ് കാണുന്നത്.

Latest Videos

undefined

 

സിനിമാ മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനയനുസരിച്ച് ഇന്നുവരെ മലയാള സിനിമയില്‍ നടന്ന ഏറ്റവും വലിയ ഒടിടി റിലീസ് ആയിരിക്കും മിന്നല്‍മുരളി. അത്രയും വലിയ ഒരു തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് അത് ഏറ്റെടുത്തിരിക്കുന്നത്. ഇത് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് മികച്ച ലാഭവും ഉള്ള ഡീലായിരുന്നു. അതിനാല്‍ ഇന്ത്യയില്‍ ഇതുവരെ ചെയ്ത ഏറ്റവും വലിയ ഡീല്‍ എന്ന നിലയ്ക്ക് മിന്നല്‍ മുരളി എന്ന ചിത്രത്തിന് നെറ്റ്ഫ്ലിക്സ് നല്‍കുന്ന പ്രധാന്യം വളരെ വലുതാണ്.

ആഗോളതലത്തില്‍ നോക്കിയാല്‍ സിഡിയും ഡിവിഡിയും വാടകയ്ക്ക് നല്‍കുന്ന ഒരു ചെറു സംരംഭത്തില്‍ നിന്നും ലോകത്തിലെ ഒരു വിധം മുക്കിലും മൂലയിലും എത്തിയ ഒരു ആഗോള കോര്‍പ്പറേറ്റാണ് നെറ്റ്ഫ്ലിക്സ്. അതിനാല്‍ 'ഷോ' ബിസിനസിന്‍റെ ചെറു നമ്പര്‍ മുതല്‍ വലിയ കളികള്‍ വരെ അവര്‍ കളിക്കും. എന്നാല്‍ ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് എത്തിയത് മുതല്‍ അവര്‍ക്ക് കാര്യമായി കാലുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന വിലയിരുത്തലാണ് പൊതുവില്‍ വിപണി നിരീക്ഷകര്‍ നടത്തിയത്. സേക്രഡ് ഗെയിംസ് പോലുള്ള സിരീസുകള്‍ വന്‍ ശ്രദ്ധ നേടിയിരുന്നെങ്കിലും അവയൊന്നും നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യന്‍ ബേസില്‍ ഒരു പ്രദേശിക വിഭവം ഉണ്ടാക്കേണ്ട സ്വാഭാവിക വളര്‍ച്ച ഉണ്ടാക്കിയില്ല എന്നാണ് അവര്‍ തന്നെ ഒരു ഘട്ടത്തില്‍ വിലയിരുത്തിയത്. ഇന്ത്യന്‍ കണ്ടന്‍റുകളെക്കാള്‍ നെറ്റ്ഫ്ലിക്സിന് ഇന്ത്യയില്‍ ഗുണം ചെയ്തത് അവരുടെ പല ഒറിജിനല്‍ സീരിസുകളുമായിരുന്നു. അതില്‍ പ്രധാനം 'മണി ഹെയ്സ്റ്റ്' തന്നെ. അവസാനം വന്ന 'സ്ക്വിഡ് ഗെയിം' മറ്റൊരു ഉദാഹരണം.

2016 ല്‍ ഇന്ത്യയില്‍ എത്തിയതാണ് നെറ്റ്ഫ്ലിക്സ്. കൃത്യമായ സമയത്തു തന്നെയാണ് ഈ വരവ് എന്നു പറയാം. കാരണം ഇന്ത്യയില്‍ 4ജിയുടെ അരങ്ങേറ്റ കാലമായിരുന്നു അത്. അതിന് അനുസൃതമായി നെറ്റ്ഫ്ലിക്സ് വളര്‍ന്നുവന്നു. തങ്ങളുടെ ട്രേഡ് മാര്‍ക്കായ സീരിസുകള്‍ 'നാര്‍ക്കോസ്', 'സ്ട്രെയ്ഞ്ചര്‍ തിംഗ്സ്', എന്നിവയൊക്കെ വിറ്റ് തന്നെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. അതേസമയം ഒരു പരിധിക്ക് അപ്പുറത്തേക്ക് വളരാന്‍ അവര്‍ക്ക് വലിയ തടസം ഉണ്ടായിരുന്നു. അതിന് കാരണം മറ്റൊന്നുമായിരുന്നില്ല, മറിച്ച് വില കൂടി പ്ലാനുകള്‍ തന്നെയായിരുന്നു. അതേസമയം ഇന്ത്യന്‍ കണ്ടന്‍റുകളുടെ അഭാവം അവരെ വലച്ചു. അതേസമയത്ത് എതിരാളികളായ ആമസോണ്‍ പ്രൈം വീഡിയോ പ്രദേശിക ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും മറ്റൊരു എതിരാളിയായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ തങ്ങളുടെ തനത് ടിവി സ്പോര്‍ട്സ് കണ്ടന്‍റുകള്‍ വഴിയും ആളെ ആകര്‍ഷിച്ചുവന്നു.

 

2020 ലെ കൊവിഡ് കാലം ഇന്ത്യയിലെ സ്ട്രീമിംഗ് വ്യവസായ രംഗത്തിന്‍റെ തലക്കുറി മാറ്റിയെന്ന് പറയാം. കൂടുതല്‍ ആളുകള്‍ സ്ട്രീം ചെയ്യുന്ന അവസ്ഥ വന്നതോടെ തങ്ങളുടെ കണ്ടന്‍റ് ലൈബ്രറി വിപൂലികരിക്കേണ്ടത് ഈ ആപ്പുകളുടെ ബാധ്യതയായി മാറി. തിയറ്റര്‍ തുറക്കാത്ത അവസ്ഥയില്‍ കൂടുതല്‍ ചലച്ചിത്രങ്ങള്‍ ഒടിടി മാര്‍ഗ്ഗം സ്വീകരിച്ചതും ഈ കാലത്തായിരുന്നല്ലോ. ശരിക്കും കൊവിഡ് ഇന്ത്യന്‍ സ്ട്രീമിംഗ് വ്യവസായത്തില്‍ 3 കൊല്ലം കൊണ്ട് ഉണ്ടാകേണ്ട സ്വഭാവിക മാറ്റത്തെ പത്ത് പതിനൊന്ന് മാസത്തിനുള്ളില്‍ കൊണ്ടുവന്നു കൊടുത്തു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഇത്തരം ഒരു ഘട്ടത്തിലാണ് പുതിയ കണ്ടന്‍റുകള്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിക്കാനും ഒരു വിപുലീകരണത്തിനും നെറ്റ്ഫ്ലിക്സ് തുനിഞ്ഞത്. നെറ്റ്ഫ്ലിക്സ് സൌത്ത് എന്ന പേരില്‍ പുതിയ കണ്ടന്‍റ് രീതി തന്നെ അവര്‍ അവതരിപ്പിച്ചു, നീരജ് മാധവും തമിഴ് പോപ്പ് സിംഗര്‍ അറിവും എല്ലാം പാടി അഭിനയിച്ച സൌത്ത് ആന്തം വന്‍ ഹിറ്റായിരുന്നു. 'മലയാളി വന്നെടാ' എന്ന ഗാനം ഇന്‍സ്റ്റ റീലുകളില്‍ ഇന്നും നിറഞ്ഞിരിക്കുന്നു.

അതിന്‍റെ അടുത്തഘട്ടത്തിലാണ് മിന്നല്‍ മുരളി പോലെ ഒരു പടം വാങ്ങി നെറ്റ്ഫ്ലിക്സ് അതിന് വന്‍ പ്രമോഷന്‍ കൊടുക്കുന്നത്. യുഎസ് ക്രിസ്മസ് അവധിക്കാലമാണ് നെറ്റ്ഫ്ലിക്സിന്‍റെ 'സീസണ്‍' എന്ന് പറയുന്നത്. അതുകൊണ്ടാണ് കരാര്‍ ഒപ്പിട്ടിട്ടും പടം കൈമാറിയിട്ടും ഒരു ഉത്സവ സീസണ്‍ ഗ്രാന്‍റ് തീയറ്റര്‍ റിലീസ് പോലെ 'മിന്നല്‍ മുരളിയെ' നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്രധാന ഉത്പന്നമായി അവതരിപ്പിക്കുന്നത്. പക്ഷെ പ്രമോഷന്‍ മാത്രം പോരല്ലോ. അവിടെയാണ് മുരളിയെയും തങ്ങളുടെ മൊത്തം സീസണിനെയും മിന്നിക്കാന്‍ അടുത്ത പരിപാടി നെറ്റഫ്ലിക്സ് എടുത്തത്. തങ്ങളുടെ പ്ലാനില്‍ 60 ശതമാനം കിഴിവ് പ്രഖ്യാപിക്കലായിരുന്നു അത്.

ഇന്ത്യയില്‍ എത്തിയത് മുതല്‍ പണച്ചിലവേറിയത് എന്ന പരാതി ഉണ്ടായതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് 199 രൂപ മാസ നിരക്കില്‍ ഒരു പ്ലാന്‍ അവതരിപ്പിച്ചത്. മൊബൈല്‍ സ്ക്രീന്‍ സ്ട്രീമിംഗ് ലഭിക്കുന്ന ഈ പ്ലാന്‍ ഇനി ലഭിക്കുക 149 രൂപയ്ക്കായിരിക്കും. ബേസിക് നെറ്റ്‍ഫ്ലിക്സ് പ്ലാൻ 499 രൂപയില്‍ നിന്ന് 199 രൂപയായും കുറച്ചിട്ടുണ്ട്. മുഖ്യ എതിരാളികളായ ആമസോണ്‍ പ്രൈം വീഡ‍ിയോ കൂടുതല്‍ ചെലവേറിയതാകുന്ന ദിനത്തിലാണ് നെറ്റ്ഫ്ലിക്സ് സബ്‍സ്ക്രൈബേഴ്‍സിനെ ആകര്‍ഷിക്കാൻ നിരക്ക് കുറച്ച് രംഗത്ത് എത്തിയത് എന്നതാണ് ശ്രദ്ധേയം. അതായത് മിന്നല്‍ മുരളി പോലെയുള്ള ഒരു റിലീസ് 199 രൂപയ്ക്ക് ആസ്വദിക്കാം എന്നാണെങ്കില്‍ കൂടുതല്‍ ആളുകള്‍ നെറ്റ്ഫ്ലിക്സ് അനുഭവത്തിലേക്ക് കടന്നുവരും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്ന പദ്ധതി. അത് അത്യാന്തികമായി മിന്നല്‍ മുരളിക്കും മലയാള സിനിമയ്ക്കും ഗുണം ചെയ്തേക്കും. നെറ്റ്ഫ്ലിക്സിലേക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പുതിയ സബ്സ്ക്രൈബേര്‍സിനെ ലഭിക്കുന്ന ഒരു കാലത്ത് അവര്‍ക്ക് മുന്നിലേക്ക് പ്രധാന വിഭാവമായി എത്തുന്നത് ഒരു മലയാള സിനിമയാണ് എന്നതില്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് അഭിമാനിക്കാനുള്ള വകയുണ്ട്.

click me!