ഒരു അഭിനേതാവിന് വലിയ ഭീഷണി ആയി വരാവുന്നൊരു ഘടകമാണ് അയാളുടെ നാടൻ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളോ സംഭാഷണരീതികളോ എല്ലാം. എന്നാല്‍ ഇതേ വാളിനെ തനിക്ക് നൂറ് ശതമാനവും അനുകൂലമാകുന്ന സാഹചര്യത്തിലേക്ക് മാമുക്കോയ എത്തിച്ചു.
ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രമായി മാറുകയാണല്ലോ അഭിനേതാവ് ചെയ്യുന്നത്. എന്നാല്‍ മാമുക്കോയ എന്ന നടൻ വ്യത്യസ്തനാകുന്നതും, മലയാള സിനിമാചരിത്രത്തില്‍ തന്നെ 'മാസ്' സാന്നിധ്യമാകുന്നതും ഇവിടെയാണ്. കഥാപാത്രമായി മാറുന്നതിന് പകരം കഥാപാത്രത്തെ തന്‍റേതാക്കി മാറ്റുന്ന മായികത.
ഹംസക്കോയ ആയാലും കുഞ്ഞിക്കണ്ണൻ ആയാലും ഒരു കുലുക്കവും തട്ടാത്ത ഘടനയില്‍, ഒട്ടും രസം ചോരാതെ മാമുക്കോയ ആ വേഷത്തിന് തന്‍റേതാക്കി മാറ്റും. കാഴ്ചക്കാര്‍ക്ക് ആര്‍ക്കും പരാതിയില്ലാത്തവിധം- അവരുടെ സ്നേഹത്തോടെ അദ്ദേഹം സ്വന്തം സിനിമകളിലൂടെ അങ്ങനെയൊരു മേല്‍ക്കോയ്മ നടത്തിയെന്ന് ഉറപ്പിച്ച് പറയാനാകും.
undefined
ഒരു അഭിനേതാവിന് വലിയ ഭീഷണി ആയി വരാവുന്നൊരു ഘടകമാണ് അയാളുടെ നാടൻ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളോ സംഭാഷണരീതികളോ എല്ലാം. എന്നാല്‍ ഇരുതല മൂര്‍ച്ചയുള്ളൊരു വാള്‍ പോലെയാണ് ഈ അവസ്ഥയെന്ന് മാമുക്കോയ തെളിയിച്ചു. തന്‍റെ ന്യൂനതയാകാൻ സാധ്യതയുണ്ടായിരുന്ന ഒരു വിഷയത്തെ തന്‍റെ നേട്ടമാക്കി അദ്ദേഹം മാറ്റി.
മലബാറില്‍ ജനിച്ചാല്‍ ഏത് മഹര്‍ഷിയും ഇങ്ങനെയേ സംസാരിക്കൂ എന്ന് മന്ത്രമോതിരം സിനിമയില്‍ മാമുക്കോയ ദിലീപിന്‍റെ കഥാപാത്രത്തിനോട് പറയുന്നുണ്ട്. പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടാൻ വരെ കാരണമാകുന്ന സ്വന്തം ഭാഷയെയും ശൈലിയെയും ഇതിലും മനോഹരമായി തന്‍റെ കഥാപാത്രത്തിലൂടെ നീതീകരിക്കാൻ ഏത് അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരും.
മലയാള സിനിമയില്‍ കൗണ്ടറുകളുടെ ഉസ്താദ് എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള ഏകനടനും ഒരുപക്ഷേ മാമുക്കോയ ആയിരിക്കും. മാമുക്കോയയ്ക്ക് ശേഷം വന്ന പല കോമഡി ആര്‍ട്ടിസ്റ്റുകളും കൗണ്ടറുകളില്‍ സ്വയം രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ അസാധാരണമായ ചിന്താശേഷിയുടെയോ നര്‍മ്മബോധത്തിന്‍റെയോ അടയാളങ്ങളെ തകര്‍ക്കാൻ ആര്‍ക്കുമായില്ലെന്ന് തന്നെ പറയാം.
കഥാപാത്രത്തിന്‍റെ അതിരുകള്‍ ഭേദിക്കാതെ തന്നെ ഏറ്റവും ലളിതമായ രീതിയില്‍ പടക്കം പോലത്തെ മറുപടികള്‍ മാമുക്കോയ അനായാസം എറിഞ്ഞു. തമാശ മാത്രമല്ല സാമൂഹിക വിമര്‍ശനവും ഫിലോസഫിയുമെല്ലാം മാമുക്കോയ തന്‍റെ കൗണ്ടറുകളില്‍ മുഴച്ചുനില്‍ക്കാത്തവിധം ഇഴ ചേര്‍ത്തെടുത്തു.
പേരെന്താണെന്ന് ചോദിക്കുമ്പോള്‍ ജബ്ബാര്‍ എന്ന് മറുപടി. നായരാണോ എന്ന് വീണ്ടും ചോദിക്കുമ്പോള്‍ അല്ല നമ്പൂതിരി, അവര്‍ക്കല്ലേ ജബ്ബാര്‍ എന്നൊക്കെ പേരുണ്ടാവുക എന്ന് മുഖത്തടിക്കും പോലത്തെ മറുപടി. അതുപോലെ തന്നെ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയില്‍ ആരെയാണ് കാണേണ്ടത് എങ്കില്‍ വിളിച്ച് കാണിച്ച് തരാം എന്ന് പറയുമ്പോള്‍ പടച്ച തമ്പുരാനെ വിളിച്ച് കാണിച്ച് തരാമോ എന്ന ഉത്തരം മുട്ടിക്കുന്ന ആവശ്യമാണ് ഹംസക്കോയ എന്ന മാമുക്കോയ കഥാപാത്രം ഉന്നയിക്കുന്നത്.
ഏറ്റവും ചുരുങ്ങിയ വാക്കുകള്‍ കൊണ്ടുള്ള കൗണ്ടറുകളില്‍ മലയാളികളെ ഇത്രകണ്ട് പൊട്ടിച്ചിരിപ്പിച്ച മറ്റൊരു കോമഡി ആര്‍ട്ടിസ്റ്റ് ഉണ്ടോ എന്നതും സംശയമായിരിക്കും. മറുവശത്ത് നിൽക്കുന്ന കഥാപാത്രത്തിന്‍റെ സെക്കൻഡുകളോളം നീളുന്ന ചോദ്യത്തിനെയോ സംഭാഷണത്തിനെയോ 'ഒലക്ക' എന്നോ 'അന്‍റെ ബാപ്പ' എന്നോ ഒക്കെ പറഞ്ഞ് ഒരേയൊരു സെക്കൻഡ് കൊണ്ട് പൊളിച്ചടുക്കുകയെന്നത് മാമുക്കോയക്ക് പൂപറിക്കും പോലെ നിസാരമായിരുന്നു.
ഡയലോഗുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നിഷ്കളങ്കതയും മാമുക്കോയ കഥാപാത്രങ്ങളെ 'പഞ്ച്' ഉള്ളതാക്കി മാറ്റി. 'സഹോദരന്മാരെ ആര്‍ക്കെങ്കിലും അറിയുമോ നാരിയല്‍ കാ പാനിന്‍റെ അര്‍ത്ഥം' എന്ന് ചോദിക്കുമ്പോള്‍ മണ്ഡലം സെക്രട്ടറി പൊതുവാള്‍ (സന്ദേശം) ആകെ ടെൻഷനിലാണ്. പക്ഷേ കാണികളില്‍ ആ പെടപ്പ് ഒരു പൊട്ടിച്ചിരിയാണ് സൃഷ്ടിക്കുക. അസാധ്യമായ ടൈമിംഗും ഡയലോഗുകള്‍ ഇംപ്രവൈസ് ചെയ്യാനുള്ള ക്രിയാത്മകബുദ്ധിയും മാമുക്കോയയെ മികച്ച താരമാക്കി ഉയര്‍ത്തി. കിട്ടുന്ന വേഷങ്ങള്‍ എത്ര ചെറുതായാലും അതിനെ അവിസ്മരണീയമാക്കാൻ ഈ കഴിവുകള്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചു.
ഇറങ്ങിവാടാ തൊരപ്പാ എന്ന് വെല്ലുവിളിക്കുമ്പോള്‍ യെസ് എന്ന് പറഞ്ഞ് ശങ്കരാടിയുടെ കഥാപാത്രം പുറത്തേക്ക് വരികയും ഇതുകണ്ട ഉടനെ സോറി നിങ്ങളല്ല വേറൊരു തൊരപ്പൻ എന്ന് പറയുന്ന മട്ടിലുള്ള ഏറ്റവും സൂക്ഷ്മമായ തമാശകള്‍ എന്തൊരു സ്വാഭാവികമായാണ് മാമുക്കോയ പറഞ്ഞുപോകുന്നത്. കേവലം 'സ്മൈല്‍' എന്ന ഒരൊറ്റ വാക്ക് കൊണ്ട് മാത്രം നിമിഷങ്ങളോളം നീളുന്ന ചിരി നമുക്ക് സമ്മാനിക്കുന്നത് പോലത്തെ അതിശയകരമായ പ്രകടനങ്ങള്‍. ഇന്നും യുവാക്കള്‍ മാമുക്കോയ കഥാപാത്രങ്ങളെ 'തഗ്' എന്ന് വിളിച്ച് ആഘോഷിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കാലത്തിന് അതീതമായ പ്രതിഭയെ തന്നെയാണ് എടുത്തുകാണിക്കുന്നത്.
അഭിനയിച്ചതില്‍ വലിയൊരു വിഭാഗം ചിത്രങ്ങളിലും മലബാര്‍ മാപ്പിള കഥാപാത്രമായി തന്നെ മാമുക്കോയ എത്തി. അങ്ങനെയല്ലാത്ത കഥാപാത്രങ്ങള്‍ക്കും തന്‍റെ തനത് മലബാര്‍ ഭാഷാശൈലി തന്നെ ഉപയോഗിച്ച് കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, നാടോടിക്കാറ്റ്, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, തലയണമന്ത്രം, ചെറിയ ലോകവും വലിയ മനുഷ്യരും, ഡോ. പശുപതി, വടക്കുനോക്കിയന്ത്രം എന്നിങ്ങനെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മാമുക്കോയയുടെ കോമഡി കഥാപാത്രങ്ങളും അവരുടെയെല്ലാം കൗണ്ടറുകളും ഇങ്ങനെ നിരവധിയാണ്.
ശുഭയാത്ര എന്ന ചിത്രത്തില്‍ ജയറാമിന്‍റെ കഥാപാത്രത്തിന് താമസിക്കാൻ വീടൊപ്പിച്ച് കൊടുത്തതിന് ശേഷം അതിന് പകരം കമ്മീഷൻ വാങ്ങാൻ മടിക്കുന്ന- നിര്‍ബന്ധമാണെങ്കില്‍ ഒരു പുഞ്ചിരി തന്നാല്‍ മതി എന്ന് പറയുന്ന ലോക്കല്‍ ഗുണ്ടയുടെ കഥാപാത്രം ഈ സിനിമ കണ്ടവര്‍ ആരും മറക്കാൻ ഇടയില്ല. ഒരു പുഞ്ചിരിയില്‍ എത്രമാത്രം സന്തോഷമുണ്ടെന്ന് നമ്മെ പെട്ടെന്നൊരു നിമിഷം കൊണ്ടനുഭവപ്പെടുത്തുന്ന- ഓര്‍മ്മപ്പെടുത്തുന്ന രംഗം. ഇതിലും ലളിതമായി- അതേസമയം ആഴത്തില്‍ തൊടുംപോലെ ഡയലോഗുകള്‍ പറയാൻ, അനായാസം കാണികളെ പൊട്ടിപ്പൊട്ടി ചിരിപ്പിക്കാൻ, ചിന്തിപ്പിക്കാൻ ഇനിയൊരവസരമില്ല. മാമുക്കോയക്ക്, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരത്തിന് വിട.