ഗൗരവമുള്ള രാഷ്ട്രീയവിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്തിട്ടില്ല എന്നല്ല. സമാന്തരസിനിമയുടെ കൂടാരത്തിൽ നിന്നാണ് രാഷ്ട്രീയസാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ പൊതുവെ ഉണ്ടാകാറ്. ഇതിനാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നത്
രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം തമിഴ്നാട്ടിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. മുഖ്യധാരാ സിനിമകളിൽ കാലങ്ങളായി കഥാപാത്രങ്ങൾ തുറന്ന രാഷ്ട്രീയം പറയുന്നുണ്ട്. സർക്കാരുകളുടെ നയങ്ങൾക്ക് എതിരെ, നേതാക്കളുടെ അഴിമതിക്കെതിരെ എല്ലാം. മേർസൽ സിനിമയിൽ ജിഎസ്ടിയെ കുറിച്ചൊക്കെ വിജയ് പറഞ്ഞത്, മതം പറഞ്ഞ് ബിജെപി നേരിട്ടത്, ജോസഫ് സി വിജയ് എന്ന ലെറ്റർ ഹെഡിൽ തന്നെ വിജയ് മറുപടി പറഞ്ഞത് എല്ലാം തിരശ്ശീലക്ക് പുറത്ത് നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് സീനായിരുന്നു. നായകനായി ഒരുക്കുന്ന ചടുലസംഭാഷണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല കോളിവുഡിന്റെ രാഷ്ട്രീയം. എക്കാലത്തേയും സൂപ്പർ സ്റ്റാറായ രജനീകാന്തിന്റെ അടുത്ത കാലത്തിറങ്ങിയ രണ്ട് ചിത്രങ്ങളെടുക്കുക. കാലായും കബാലിയും. ദളിതന്റെ രാഷ്ട്രീയം, കറുപ്പിന്റെ രാഷ്ട്രീയം, അംബേദ്കറെന്ന ഓർമപെടുത്തൽ എല്ലാം അതിലുണ്ട്. ആര്യ അഭിനയിച്ച സർപട്ടെ പരമ്പര ഒരു ബോക്സറുടെ തിരിച്ചുവരവ് മാത്രമല്ല പറയുന്നത്. കീഴാളരാഷ്ട്രീയത്തിനൊപ്പം അടിയന്തരവാസ്ഥയും ദ്രാവിഡപാർട്ടികളുടെ വേർപിരിയലുമെല്ലാം സിനിമ കാണിക്കുന്നു. സിനിമയെന്ന മാധ്യമത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള പാ രഞ്ജിത്ത് എന്ന സംവിധായകന്റെ ബോധ്യമാണ് ഈ സിനിമകളെല്ലാം. പരിയേറും പെരുമാൾ എന്ന സിനിമയിൽ ദളിതമായ നിയമവിദ്യാർത്ഥി നേരിടുന്നത് ആവർത്തിച്ചുണ്ടാകുന്ന തിരിച്ചടികളാണ്. അപ്പോഴും നായകൻ എഴുന്നേറ്റു നടക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. അമിത പ്രതീക്ഷകളില്ലാതെ യാഥാർത്ഥ്യബോധത്തോടെ. ജാതിയും ജാതിയുടെ പേരിലുള്ള ദുരഭിമാനവും അക്രമവും ഒരു വശത്ത്. ചവിട്ടിത്തേൽപ്പിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ഒരു വിഭാഗം തുടരുന്ന ശ്രമം മറുവശത്ത്. എല്ലാം പരിയേറും പെരുമാൾ പറയുന്നു. ഹൃദയത്തിൽ തൊടുംവിധം സിനിമ പറയുന്ന രാഷ്ട്രീയപാഠം ദളിതനായ നായകൻ സവർണയായ സ്നേഹിതയുടെ അച്ഛനോട് പറയുന്ന ഡയലോഗാണ്. “നിങ്ങൾ യജമാനനും ഞാൻ പട്ടിയുമാണെന്ന തോന്നലാണ് ആദ്യം മാറ്റേണ്ടത്.“ പാവൈ കഥകൾ എന്ന ആന്തോളജിയിൽ ഊർ ഇരവ് എന്ന ഖണ്ഡത്തിൽ പറയുന്നത് ദുരഭിമാനക്കൊലയാണ്. മറ്റൊരു ജാതിയിൽ പെട്ട ആളെ കല്യാണം കഴിച്ച മകളെ അച്ഛൻ കൊല്ലുന്നത് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാനാണ്. മകൾ നഗരത്തിൽ സുഖമായി ജീവിക്കുന്നു എന്ന തിരിച്ചറിവിനേക്കാൾ അച്ഛനെ സ്വാധീനിച്ചത് ഗ്രാമത്തിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കാണുന്ന നോട്ടങ്ങളാണ്.
വിജയ് മാത്രമല്ല മുൻനിര താരങ്ങളായ ധനുഷും ഇത്തിരി വൈകിയാണെങ്കിലും സൂര്യയുമൊക്കെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ സിനിമയാക്കുകയും സിനിമയിൽ ഉന്നയിക്കുകയും ചെയ്യുന്നു. ധനുഷിന്റെ അസുരനാണെങ്കിലും കർണനാണെങ്കിലും ജാതിയുണ്ടാക്കുന്ന വേർതിരിവും മുറിപ്പാടുകളും അതിശക്തമായി പറയുന്നു. സൂര്യയുടെ ജയ് ഭീം ആണെങ്കിൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നവർ എങ്ങനെ വ്യവസ്ഥിതിയുടെ മുന്നിൽ അസ്തിത്വമില്ലാത്തവരാകുന്നു എന്നാണ് കാണിച്ചു തന്നത്. നല്ല സാങ്കേതികത്തികവോടെയാണ് ഈ സിനിമകളെല്ലാം നിർമിച്ചിരിക്കുന്നത്. വാണിജ്യസാധ്യതകൾ നന്നായി ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കാനും പറ്റിയിട്ടുണ്ട്. ഈ സിനിമകളൊന്നും പ്രേക്ഷകർക്ക് ക്ലാസെടുക്കുന്നില്ല. നീണ്ടുനിൽക്കുന്ന ഡയലോഗുകൾ കൊണ്ട് നമ്മളെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നില്ല. പക്ഷേ നമ്മുടെയുള്ളിലെല്ലാം ഉറങ്ങിക്കിടക്കുന്ന ജാതീയമായ ദുരഭിമാനവും അഹന്തയും വെളിവാക്കുന്നുണ്ട്. ഓർമിക്കേണ്ടതായിട്ടും നമ്മൾ മറന്നു പോകുന്ന ചരിത്രവും പറഞ്ഞു തരുന്നുണ്ട്.
undefined
ഇത്രയും പറഞ്ഞത് തമിഴ്സിനിമയിൽ കുറേക്കാലമായി തുടരുന്ന രാഷ്ട്രീയ പരീക്ഷണങ്ങളെ കുറിച്ച് ഓർമപ്പെടുത്താനാണ്. മലയാള സിനിമയിൽ പുതുതായി കുറേ കാര്യങ്ങൾ അടുത്ത കാലത്ത് നടന്നതാണ് സാഹചര്യം. ഗൗരവമുള്ള രാഷ്ട്രീയവിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്തിട്ടില്ല എന്നല്ല. സമാന്തരസിനിമയുടെ കൂടാരത്തിൽ നിന്നാണ് രാഷ്ട്രീയസാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ പൊതുവെ ഉണ്ടാകാറ്. ഇതിനാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. 1996ൽ പാലക്കാട് കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയത് സിനിമയായത് വർഷങ്ങൾ കഴിഞ്ഞ് 2022ൽ. അപ്പോൾ കൂട്ടത്തിലൊരാളായത് മലയാളത്തിന്റെ പ്രണയനായകൻ.
മുമ്പ് ആലോചിക്കാൻ കഴിയുമായിരുന്നില്ല അങ്ങനെയൊന്ന്. കുഞ്ചാക്കോ ബോബനായാലോ എന്ന് പടയുടെ അണിയറക്കാരും അഭിനയിച്ചാലോ എന്ന് താരവും തീരുമാനിക്കുന്നത് ഒരു മാറ്റമാണ്. അതുപോലെ തന്നെയാണ് ഇപ്പോൾ തീയേറ്ററുകളിലോടുന്ന ജനഗണമനയും. പ്രസക്തമായ രാഷ്ട്രീയവിഷയങ്ങളും സാമൂഹിക പ്രതിസന്ധികളും സിനിമയിൽ തുറന്നു പരാമര്‍ശിക്കുന്നു. അത് വാണിജ്യസിനിമകളുടെ ലോകത്ത് പുതുമയാണ്. വർഗീയതയും സവർണ മുദ്രാവാക്യങ്ങളും ഇസ്ലാമോഫോബിയയും ഒളിപ്പിച്ചു കടത്തുക, കാതലായ വിഷയങ്ങളിൽ മൗനം പാലിക്കുക. അതാണ് പൊതുവെ കണ്ടുവരാറുള്ളത്. രാഷ്ട്രീയപ്രബുദ്ധതയുണ്ടെന്ന് ഓരോ മലയാളിയും സ്വകാര്യമായി അഹങ്കരിക്കുന്നു. പക്ഷേ അത് സിനിമയിൽ അങ്ങനെ കാണാറില്ല. ആ കാഴ്ചാശീലം മാറുന്നതിന്റെ സൂചനയാണ് പടയാണെങ്കിലും ജനഗണമനയാണെങ്കിലും നൽകുന്നത്. നല്ലത്.