'ഓണത്തിനെങ്കിലും റിലീസിംഗ് സാധിക്കണമെന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ'; ലിബര്‍ട്ടി ബഷീര്‍ പറയുന്നു

By Nirmal Sudhakaran  |  First Published May 3, 2020, 7:05 PM IST

'ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്‍ 75 ലക്ഷം വരെ മുതല്‍മുടക്കുണ്ട്. 2കെ പ്രൊജക്ടര്‍ ആണെങ്കില്‍ 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പൂപ്പല്‍ പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്‍ സാധ്യതയുണ്ട്.'


കൊവിഡ് രാജ്യത്തെ സിനിമാവ്യവസായത്തെ നിശ്ചലമാക്കിയതോടെ നേരിട്ടു പ്രതിസന്ധിയിലായ ഒരു വിഭാഗം തീയേറ്ററുടമകളാണ്. തീയേറ്റര്‍ വ്യവസായം നഷ്ടത്തിലോടിയിരുന്ന കാലത്തിനു ശേഷം എല്ലാമൊന്ന് പച്ചപിടിച്ചു തുടങ്ങിയ കാലമായിരുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ 4കെ പ്രൊജക്ഷനും അറ്റ്മോസ് ശബ്ദസംവിധാനവുമടക്കം കേരളത്തിലെ ഭൂരിഭാഗം തീയേറ്ററുടമകളും പോയ വര്‍ഷങ്ങളില്‍ കോടികള്‍ മുതല്‍ മുടക്കിയിട്ടുണ്ട്. തീയേറ്ററുകളിലേത്ത് പ്രേക്ഷകര്‍ വീണ്ടും എത്തിത്തുടങ്ങുകയും തീയേറ്റര്‍ വ്യവസായം നഷ്ടങ്ങളുടെ കണക്കുകളില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് എന്ന മഹാമാരി തീയേറ്റര്‍ വ്യവസായത്തെ നോക്കി കൊഞ്ഞണംകുത്തുകയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീയേറ്റര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ഫിലിം എക്സിബിറ്റേഴ്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

"നിലവിലെ സാഹചര്യം തീയേറ്റര്‍ വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കേരളം കൊവിഡില്‍ നിന്ന് മോചിതമായാലും തീയേറ്ററുകള്‍ തുറക്കാന്‍ പറ്റില്ല. ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ കൂടിയെങ്കിലും റിലീസ് ചെയ്യാന്‍ പറ്റണം. അത് മലയാള സിനിമകളുടെ കാര്യം. ഇനി അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്‍ അത് നടക്കണമെങ്കില്‍ ലോകം മുഴുവന്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകണം. ഏറ്റവും പ്രധാനമായി കേരളത്തില്‍ വീണ്ടും സിനിമകള്‍ റിലീസ് ചെയ്യണമെങ്കില്‍ ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിയെത്തണം. പൊതുഗതാഗത സംവിധാനങ്ങള്‍- ബസ്സും ടാക്സിയും ഓട്ടോറിക്ഷയുമൊക്കെ സര്‍വ്വീസ് പുനരാരംഭിക്കണം. ജനം ഭയമില്ലാതെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടമാവണം. അപ്പോഴേ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒരു ആത്മധൈര്യം വരൂ. ആ ഘട്ടം എത്തുന്നതുവരെ, ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും തീയേറ്ററുകള്‍ അടഞ്ഞുകിടക്കും. എന്‍റെയൊരു നോട്ടത്തില്‍ ചുരുങ്ങിയത് സെപ്റ്റംബര്‍ മാസമെങ്കിലുമാവും തീയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍, ഓണത്തിന്. പ്രതീക്ഷയുടെ കാര്യമാണ് പറയുന്നത്. അക്കാര്യത്തില്‍ 100 ശതമാനം ഉറപ്പൊന്നുമില്ല ഇപ്പോള്‍."

Latest Videos

undefined

"നിലവിലെ തീയേറ്ററുകള്‍ മറ്റൊന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ല. പണ്ട് സിംഗിള്‍ സ്ക്രീനുകള്‍ ആയിരുന്നകാലത്ത് ഈ ബിസിനസ് ഇനി വേണ്ടെന്നുവച്ച പലരും കെട്ടിടങ്ങള്‍ കല്യാണമണ്ഡപങ്ങള്‍ ആക്കിയിരുന്നു. പക്ഷേ സിംഗിള്‍ സ്ക്രീനുകളൊക്കെ ഇപ്പോള്‍ മൂന്നും നാലും സ്ക്രീനുകളുള്ള മള്‍ട്ടിപ്ലെക്സുകളായി മാറി. അവയെ മറ്റ് ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് രൂപമാറ്റം നടത്താന്‍ പറ്റില്ല. അത്തരം അവസ്ഥയിലാണ് കേരളത്തിലെ എഴുനൂറോളം തീയേറ്ററുകള്‍. ഇവയില്‍ നൂറ് തീയേറ്ററുകളോളം മാളുകളിലാണ്. ആ തീയേറ്ററുകള്‍ പൂട്ടിയാല്‍ പല മാളുകളെയും ദോഷകരമായി ബാധിക്കും. ചെറിയ പല മാളുകളും പൂട്ടുന്നതിന് തുല്യമായിരിക്കും അത്."

"പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകളെ സംബന്ധിച്ച് മറ്റൊരു പ്രധാന വിഷയം വൈദ്യുതി ചാര്‍ജ്ജ് ആണ്. എനിക്ക് അഞ്ച് സ്ക്രീനുകളുള്ള ഒരു കോപ്ലക്സും സിംഗിള്‍ സ്ക്രീനുള്ള മറ്റൊരു തീയേറ്ററുമുണ്ട്. അഞ്ച് സ്ക്രീനുകളുള്ള തീയേറ്ററിന് ഞാന്‍ മാസം അടയ്ക്കേണ്ട തുക 1.90 ലക്ഷമാണ്. അത് ഫിക്സഡ് ചാര്‍ജ്ജ് ആണ്. തീയേറ്റര്‍ പൂട്ടിയിട്ടാലും തുറന്നാലും അടയ്ക്കേണ്ട തുക. നിലവില്‍ സര്‍ക്കാര്‍ അതിന് രണ്ട് മാസത്തെ അവധി തന്നിട്ടുണ്ട്. അല്ലാതെ പൂട്ടിക്കിടക്കുന്ന സമയത്തെ ചാര്‍ജ്ജ് ഒഴിവാക്കാമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ജീവനക്കാര്‍ക്ക് ശമ്പളത്തിന്‍റെ 50 ശതമാനമെങ്കിലും കൊടുക്കണം. അത് എല്ലാ തീയേറ്ററുടമകളും നല്‍കുന്നുണ്ട്."

"പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകള്‍ നേരിടേണ്ട മറ്റൊരു പ്രതിസന്ധി സാങ്കേതിക സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയാണ്. പ്രദര്‍ശനം ഡിജിറ്റല്‍ ആയതോടെ തീയേറ്ററുകളിലുള്ളത് കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഉപകരണങ്ങളാണ്. ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്‍ 75 ലക്ഷം വരെ മുതല്‍മുടക്കുണ്ട്. 2കെ പ്രൊജക്ടര്‍ ആണെങ്കില്‍ 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പൂപ്പല്‍ പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്‍ സാധ്യതയുണ്ട്. ലോക്ക് ഡൗണിനിടെ പ്രൊജക്ടര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തീയേറ്ററുകളിലേത്ത് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ പല സ്ഥലത്തുമുണ്ടായിരുന്നു."

കൊവിഡ് പൂര്‍ണ്ണമായി വിട്ടൊഴിഞ്ഞാലും അതു സൃഷ്ടിക്കുന്ന സാമ്പത്തികമാന്ത്യം സിനിമാ വ്യവസായത്തെ അടിമുടി ബാധിക്കുമെന്ന് ഉറപ്പാണെന്നാണ് തന്‍റെ വിലയിരുത്തലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. "ഗള്‍ഫില്‍ നിന്നുള്ള ആളുകളുടെ മടക്കമൊക്കെ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. സിനിമ ഇനി പഴയ നിലയിലേക്കൊക്കെ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. നാലഞ്ച് വര്‍ഷം മുന്‍പുവരെ തീയേറ്റര്‍ വ്യവസായം മോശം അവസ്ഥയിലായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാമൊന്ന് പച്ചപിടിക്കുന്ന ഘട്ടമായിരുന്നു. പ്രളയസമയത്തുപോലും തീയേറ്ററുകളെ അത് വലിയ തോതില്‍ ബാധിച്ചിരുന്നില്ല. പ്രശ്നബാധിത സ്ഥലങ്ങളില്‍ കളക്ഷന്‍ ലഭിച്ചില്ലെങ്കിലും സിനിമകളുടെ ആകെ കളക്ഷനെ അത് ബാധിച്ചിരുന്നില്ല", ലിബര്‍ട്ടി ബഷീര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

click me!