'സുധി' മുതല്‍ 'രാകേഷ് കാഞ്ഞങ്ങാട്' വരെ; മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹീറോ എത്തിയിട്ട് 25 വര്‍ഷങ്ങള്‍

By Web Team  |  First Published Mar 26, 2022, 11:11 AM IST

ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു.


മലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാരുടെ കൂട്ടത്തില്‍ ആദ്യംമുതല്‍ക്കേ ഇടംപിടിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ലഭിച്ച ഇമേജിനെ പോറലേല്‍പ്പിക്കുന്നതൊന്നും വ്യക്തിപരമായും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല എന്നതാണ് അതിനു കാരണം. ചാക്കോച്ചന്‍ എന്ന് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന ആരാധകരില്‍ പല പ്രായക്കാരുണ്ട്. നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഇന്ന്. ഫാസിലിന്‍റെ സംവിധാനത്തില്‍ പിന്നീട് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് (Aniyathipraavu) തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു.

കേരളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകന്‍ കുഞ്ചാക്കോയുടെ ചെറുമകന് സിനിമ എന്നത് ഒരു സ്വാഭാവിക വഴി ആയിരുന്നു. ഫാസിലിന്‍റെ തന്നെ സംവിധാനത്തില്‍ 1981ല്‍ പുറത്തെത്തിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. പിന്നീട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം നവാഗതരെ വച്ച് ഒരു പ്രണയചിത്രം ഒരുക്കേണ്ടിവന്നപ്പോള്‍ ആലപ്പുഴക്കാരന്‍ തന്നെയായ ഫാസിലിന്‍റെ മനസിലേക്ക് ഇരുപതുകാരനായ ചാക്കോച്ചന്‍റെ മുഖം എത്തി. വൈഡ് റിലീസിംഗ് ഒന്നും ഇല്ലാതിരുന്ന കാലത്ത് എ ക്ലാസ് സെന്‍ററുകളില്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇമോഷണല്‍ രംഗങ്ങളും ഹ്യൂമറിന്റെ പശ്ചാത്തലവും ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങളുമൊക്കെ ജനം ഏറ്റെടുത്തു. അക്കാലത്ത് ഏറ്റവുമധികം ഓഡിയോ കാസറ്റുകള്‍ വിറ്റുപോയ ഒരു ചിത്രവുമായിരുന്നു അനിയത്തിപ്രാവ്. മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ ചിത്രം ബി, സി ക്ലാസ് തിയറ്ററുകളിലും പ്രേക്ഷകരെ എത്തിച്ചതോടെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഫാസിലിന്‍റെയും ചാക്കോച്ചന്‍റെയും ഫിലിമോഗ്രഫിയില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയില്‍ അനിയത്തിപ്രാവ് ഉണ്ട്.

Latest Videos

undefined

 

എന്നാല്‍ ആദ്യ ചിത്രത്തിന്‍റെ വമ്പിച്ച ജനപ്രീതി ഒരേസമയം പോസിറ്റീവും നെഗറ്റീവുമായ സ്വാധീനങ്ങള്‍ കുഞ്ചാക്കോ ബോബന്‍റെ ആദ്യകാല കരിയറില്‍ സൃഷ്ടിച്ചിരുന്നു. ചോക്കലേറ്റ് ഹീറോ ഇമേജ് ചാര്‍ത്തിക്കിട്ടി എന്നതായിരുന്നു ആ നെഗറ്റീവ് സ്വാധീനം. അദ്ദേഹത്തെ തേടിയെത്തിയതൊക്കെ കാമുകവേഷങ്ങള്‍ ആയിരുന്നു. നക്ഷത്രത്താരാട്ട്, മയില്‍പ്പീലിക്കാവ്, പ്രേം പൂജാരി, പ്രിയം, ദോസ്ത് തുടങ്ങി ആ ലിസ്റ്റ് നീളുന്നു. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ നിര്‍മ്മാതാക്കള്‍ക്ക് കൈനഷ്ടം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, നിറം പോലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

അനുകരണത്തില്‍ നിന്ന് അകന്ന് സ്വന്തമായൊരു അഭിനയശൈലിയെ എപ്പോഴും മുറുകെപ്പിടിച്ച ചാക്കോച്ചന്റെ അഭിനയജീവിതത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ലാല്‍ജോസിന്‍റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തോടെയാണ്. ആന്‍ അഗസ്റ്റിന്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പാലുണ്ണിയായി പുതിയൊരു ഭാവുകത്വത്തിലാണ് കുഞ്ചാക്കോ ബോബനെ ലാല്‍ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ കാലയളവിലാണെന്നു കാണാം. ട്രാഫിക്, ഓര്‍ഡിനറി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിശുദ്ധന്‍, ഹൗ ഓള്‍ഡ് ആര്‍ യു, ചിറകൊടിഞ്ഞ കിനാവുകള്‍, വലിയ ചിറകുള്ള പക്ഷികള്‍, വേട്ട, ടേക്ക് ഓഫ്, അഞ്ചാം പാതിരാ, നായാട്ട് തുടങ്ങി പട വരെ എത്തിനില്‍ക്കുന്ന ഫിലിമോഗ്രഫിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേത്. കാലം മുന്നോട്ട് പോകുന്തോറും ഇതുവരെ കണ്ടത് മാത്രമല്ല തന്നിലെ അഭിനേതാവെന്ന് പുതിയ ചിത്രങ്ങളിലൂടെ കാണിയെ ബോധ്യപ്പെടുത്താന്‍ ആവുന്നുണ്ട് എന്നതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയം. 

 

അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന രണ്ടകം/ ഒറ്റ്, അജയ് വാസുദേവിന്‍റെ പകലും പാതിരാവും, മഹേഷ് നാരായണന്‍റെ അറിയിപ്പ്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിരയുടെ തുടര്‍ച്ചയായ ആറാം പാതിരാ തുടങ്ങി സിനിമാപ്രേമികള്‍ക്ക് കൗതുകം പകരുന്ന വലിയൊരു ലൈനപ്പ് ആണ് ചാക്കോച്ചന്‍റേത്. സ്വന്തം അഭിനേതാവിനെ തേച്ചുമിനുക്കാനും പരീക്ഷിക്കാനുമുള്ള അവസരങ്ങള്‍ ഈ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

click me!