KG George Birthday : ബിഗ് സ്ക്രീനിലെ ആധുനികന്‍; കെ ജി ജോര്‍ജിന് ഇന്ന് പിറന്നാള്‍

By Ambili P  |  First Published May 24, 2022, 11:06 AM IST

ക്രൈമും കുടുംബബന്ധങ്ങളും ഫെനിനിസവും ആക്ഷേപഹാസ്യവും ഇത്രത്തോളം ഇഴകീറി ചിത്രീകരിച്ച മറ്റൊരു സംവിധായകനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്


തുടക്കം മുതൽ അവസാനം വരെ ഉദ്വേഗജനകമായ കാഴ്ചകൾ, നെഞ്ചിടിപ്പേറ്റുന്ന സംഭാഷണവും കഥാഗതിയും. എക്കാലത്തും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തന്നെയാണ് ഭൂരിഭാഗം വരുന്ന പ്രേക്ഷകരും. മലയാളി സിനിമാ പ്രേക്ഷകരെ ത്രില്ലർ സിനിമകളുടെ ആരാധകർ ആക്കിയതിൽ കെ ജി ജോർജ് എന്ന സംവിധായകന്‍റെ പങ്ക് വലുതാണ്. ‘സ്വപ്നാടനം ’മുതൽ ’ഇലവങ്കോട് ദേശം’ വരെയുള്ള സിനിമകളിൽ നിന്ന് ചില ചിത്രങ്ങളെടുത്ത് പരിശോധിക്കുന്നു..

1976 ലെ കെ ജി ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ സ്വപ്നാടനം പുറത്ത് വന്ന് 6 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലെ തന്നെ മികച്ച കുറ്റാന്വേഷണ കഥയെന്ന് ഇന്നും വിശേഷിപ്പിക്കപ്പെടുന്ന യവനിക പുറത്തിറങ്ങുന്നത്. ഒരു നാടക സംഘത്തിൽ നടക്കുന്ന കൊലപാതകത്തെ മറയ്ക്കാൻ ഓരോരുത്തരും ശ്രമിക്കുന്ന കഥയ്ക്ക്, യവനിക എന്നല്ലാതെ മറ്റെന്ത് പേര് നൽകാൻ. ഭരത് ഗോപി അവതരിപ്പിച്ച തബലിസ്റ്റ് അയ്യപ്പന്റെ കഥാപാത്രത്തെ ഓരോ കാഴ്ചയിലും നമ്മൾ വെറുക്കും. അയാളുടെ ക്രൂരതയോർത്ത്. സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളിയെ ഓരോ സെക്കന്റിലും നമ്മൾ അഭിനന്ദിക്കും. യഥാർത്ഥ കൊലയാളിയിലേക്ക് എത്തിയ കൃത്യമായ വഴികളോർത്ത്. അതിലൊക്കെയുപരിയായി കെ ജി ജോർജ് എന്ന സംവിധായകന്റെ മികവിനെ ഓർക്കും. മലയാളസിനിമയ്ക്ക് ഒരു ക്ലാസിക് ക്രൈം ത്രില്ലർ സിനിമ നൽകിയതിന്.

Latest Videos

undefined

 

യവനികയ്ക്ക് ശേഷം ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കും ആദാമിന്റെ വാരിയെല്ലും പഞ്ചവടിപ്പാലവും കെജി ജോർജിന്റേതായി തുടർവർഷങ്ങളിൽ പുറത്തുവന്നു. മൂന്നും കഥയിലും ആഖ്യാനത്തിലും ആശയത്തിലും വേറിട്ടുനിന്ന ചിത്രങ്ങൾ. 3 വർഷത്തിനിപ്പുറം 1985 ലാണ് ഇരകൾ എന്ന  സൈക്കോ ത്രില്ലർ ജോർജ് സംവിധാനം ചെയ്യുന്നത്. ഗണേഷ് കുമാർ അവതരിപ്പിച്ച പാലക്കുന്നേൽ ബേബി എന്ന യുവാവിന്റെ കഥ. സമ്പത്തിന്‍റെ പൊലിമയിൽ വഴിവിട്ടുപോകുന്ന കുടുംബാംഗങ്ങളും അതുകണ്ട് വളരുന്ന ബേബി എന്ന യുവാവിന്റെ ക്രൂരതയും എന്ന് ഒറ്റ വാചകത്തിൽ ഇരകളെ പറയാം. പക്ഷെ വെറും ക്രൂരത കൊണ്ട് അവസാനിക്കുന്നില്ല ബേബിയുടെ ജീവിതം. എഞ്ചിനീയറിംഗ് കോളേജിൽ ക്രൂരമായ റാഗിംഗ് നടത്തിയ, പിടിപാട് കൊണ്ട് കേസൊതുക്കി തീർക്കുന്ന ബേബി. സ്നേഹിച്ച പെണ്ണിനെ കെട്ടാൻ വരുന്നവനേയും പെങ്ങളുടെ കാമുകനേയും അതിക്രൂരമായി കൊല്ലുന്ന ബേബി. ഒടുവിൽ ആത്മാർത്ഥ സുഹൃത്തിനെ പോലും വെടിവെച്ച് കൊല്ലാൻ ശ്രമിക്കുന്നു.. മക്കൾ വളർന്നാൽ പോരാ, വളർത്തിയെടുക്കണം എന്ന് ബേബിയെ കുറിച്ച് മെത്രാന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഭരത് ഗോപി ഒരു ഘട്ടത്തിൽ പറയുന്നുണ്ട്. ബേബിയെ ഇത്ര ക്രൂരനാക്കി മാറ്റുന്ന വ്യവസ്ഥിതി തന്നെയാണ് കെ ജി ജോർജ് ഇരകളിലൂടെ വ്യക്തമാക്കുന്നത്

വേശ്യാവൃത്തി നടത്തുന്ന സൂസൻ ഫിലിപ്പിന്റെ (അതോ കുമുദമോ) മരണത്തോടെയാണ് ഈ കണ്ണി കൂടി എന്ന മറ്റൊരു കെ ജി ജോർജ് ചിത്രം തുടങ്ങുന്നത്. സൂസൻ ഫിലിപ്പ് ആരെന്നും അവരെങ്ങനെ ഈ നിലയിലായെന്നും ഉള്ള അന്വേഷണം. കണ്ണിമ വെട്ടാതെ കണ്ടിരിക്കാം ഈ ചിത്രം. ഒടുവിൽ സൂസന്റെ അനാഥമാകുന്ന കുഞ്ഞിന്റെ കാഴ്ച, സങ്കടക്കാഴ്ചയായും മാറും.

 

കെ.ജി ജോർജിന്റെ കഥയ്ക്കു ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷണവുമെഴുതിയ കഥയ്ക്ക് പിന്നിൽ എന്ന സിനിമ, തമ്പി എന്ന നാടകകൃത്തിന്റെ മുന്നിൽ അഭയം തേടി എത്തിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. മമ്മൂട്ടി, ലാലു അലക്സ്, നെടുമുടി വേണു, ദേവി ലളിത, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കുറ്റവാളികൾക്ക് വേണ്ടി നാടകകൃത്ത് നടത്തുന്ന ഉദ്വേഗജനകമായ അന്വേഷണം. മറ്റൊരു മികച്ച ത്രില്ലർ ചിത്രം.

ഓരോ കെ ജി ജോർജ് സിനിമയും എടുത്ത് പരിശോധിച്ചാൽ മനസിലാകും, ക്രൈമും, കുടുംബബന്ധങ്ങളും, ഫെനിനിസവും ആക്ഷേപഹാസ്യവും ഇത്രത്തോളം ഇഴകീറി ചിത്രീകരിച്ച മറ്റൊരു സംവിധായകനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങളുടെ, സമാന്തര സിനിമയുടെ, ഡയറക്ടേഴ്സ് ബ്രില്യൻസിന് പിറന്നാൾ ആശംസകൾ.

click me!