ചൂടൻ രംഗങ്ങൾക്കും ഇനി ഡയറക്ടർ; സിനിമയിലെ പുതിയ ജോലി

By Sreenath Chandran  |  First Published Jan 15, 2022, 9:27 PM IST

സിനിമാ ചിത്രീകരണത്തിന്‍റെ പേരിൽ പലപ്പോഴും നടിമാർ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്


ദീപിക പദുകോൺ നായികയായ 'ഗെഹരിയാൻ' എന്ന പുതിയ സിനിമയുടെ പോസ്റ്റർ വലിയ ചർച്ചയാണ്. പോസ്റ്ററുകളിലെ ചുംബനരംഗങ്ങളിലേക്കല്ല ആ കൗതുകം നീണ്ടത്. സംവിധാനകന്‍റെയും ക്യാമറാമാന്‍റെയുമെല്ലാം പേരുകൾക്കിടയിൽ പുതിയൊരു തസ്തിക. 'ഇന്‍റിമേറ്റ് ഡയറക്ടർ' ദർ ഗായ്. സിനിമയിൽ ഇങ്ങനെയൊരു ജോലി കൂടി വന്നിരിക്കുന്നു. സംഘട്ടനം സംവിധാനം ചെയ്യുന്നവരെ പോലെ നായികയും നായകനും ചേർന്നഭിനയിക്കേണ്ട ചൂടൻ രംഗങ്ങൾക്കായും ഒരു ഡയറക്ടർ. 

എന്തുകൊണ്ട് ഇന്‍റിമേറ്റ് ഡയറക്ടർ?

Latest Videos

undefined

യഥാർഥത്തിൽ ചലച്ചിത്രമേഖലയിൽ മീടൂ ആരോപണം സജീവമായതോടെയാണ് നിലവിലെ രീതികൾ ശരിയല്ലെന്ന ചർച്ചകളും ഉയർന്നത്. പലപ്പോഴും സിനിമാ ചിത്രീകരണത്തിന്‍റെ പേരിൽ നടിമാർ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്. പൂർണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുമ്പോൾ അതുണ്ടാക്കാവുന്ന മാനസിക പ്രശ്നങ്ങളും ചെറുതല്ല. ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ലൈംഗികത ഒളിച്ചുവയ്ക്കാൻ പഠിപ്പിക്കുന്ന സമൂഹത്തിൽ വളരുന്ന നടൻമാർക്കും ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാവാറുണ്ട്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഡ്രീംസി'ലെ ചിത്രീകരണത്തെക്കുറിച്ച് നടൻ ഇജ്ജാൻ ഖാൻ പറഞ്ഞത് ഉദാഹരണം. "ചുംമ്പന രംഗങ്ങൾ പലപ്പോഴും പൂർത്തിയാക്കാനാവുമായിരുന്നില്ല, ഷോട്ട് തീരും മുൻപ് ഫ്രെയ്‍മിന് പുറത്ത് പോവും. ഇതിന് സംവിധായകനിൽ നിന്ന് ഒരുപാട് വഴക്കും കേൾക്കുമായിരുന്നു". ഇവിടെയാണ് ഇന്‍റിമേറ്റ് ഡയറക്ടേഴ്സിന്‍റെ പ്രസക്തി.

എന്താണ്ട് ഇന്‍റിമേറ്റ് ഡയറക്ടറുടെ ജോലി?

പ്രണയരംഗങ്ങൾ, കിടപ്പറ രംഗങ്ങൾ അല്ലെങ്കിൽ റേപ്പ് പോലെയുള്ള അതിക്രമങ്ങൾ ഇത്തരം സീനുകളുടെ ചിത്രീകരണത്തിനാണ് പൊതുവേ ഇന്‍റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. ആ രംഗങ്ങൾ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയാണ് ചുമതല. അത് അത്ര എളുപ്പമല്ല. അഭിനയിക്കുംമുൻപ് നടീനടൻമാരെ മാനസികവും ശാരീരികവുമായി തയ്യാറാക്കേണ്ട ചുമതല ഇവർക്കാണ്. ചിത്രീകരണത്തിന് മുൻപ് അഭിനേതാക്കളെ പരിശീലനക്കളരിയിൽ എത്തിക്കാറുണ്ട്. ഇവിടെ വച്ച് സീനിനെക്കുറിച്ച് വളരെ വ്യക്തമായി തുറന്ന് സംസാരിക്കും. ഇരുവ‍ർക്കുമിടയിലെ പരസ്പര ധാരണ മെച്ചപ്പെടുത്താനുള്ള കളികളിലും മറ്റും ഏർപ്പെടും. കൺസെന്‍റ് അഥവാ സമ്മതം ഉറപ്പാക്കും. ചിത്രീകരണത്തിനിടെ ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇന്‍റിമേറ്റ് ഡയറക്ടറാണ്. നിയമ പരിജ്ഞാനവും ആവശ്യമാണ്. സെറ്റും നിറങ്ങളുമടക്കം സീനുമായി ബന്ധപ്പെട്ട മറ്റ് ചേരുവകളും തീരുമാനിക്കണം.

 

ഈ മേഖലയിലെ സാധ്യതകൾ

ലോകം മാറുകയാണ്. പ്രണയത്തെക്കുറിച്ചും  സെക്സിനെക്കുറിച്ചുമുള്ള പ്രേക്ഷകരുടെ ചിന്താഗതി കുറച്ച് കൂടി വിശാലമാവുകയാണ്. കിടപ്പറ രംഗങ്ങൾക്കായി അക്വേറിയത്തിലെ മീനുകളെയോ തിരമാലകളെയോ പ്രതീകങ്ങളായി സ്വീകരിക്കുന്നത് പലപ്പോഴും ഫലിതമായി മാറാറുണ്ട്. സെൻസ‍ർഷിപ്പ് കുറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവും ഇതിന് കാരണമാണ്. വിദേശ സിനിമകളിൽ കണ്ടിരുന്ന തരം ഇന്‍റിമേറ്റ് രംഗങ്ങൾ ഇന്ത്യൻ സീരീസുകളിലും ഇപ്പോൾ കാണാം. ഗെഹരിയാൻ സിനിമയുടെ പോസ്റ്ററിൽ ഇന്‍റിമേറ്റ് ഡയറക്ടറുടെ പേര് വന്നതും ഈ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നു. എന്നിട്ടും ഈ മേഖലയിൽ ഇപ്പോൾ പ്രൊഫഷണലുകൾ തീരെ കുറവാണ്. ഇന്‍റിമസി പ്രഫഷനൽസ് അസോസിയേഷന്‍റെ (IPA) കീഴിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയാണ് ഈ രംഗത്തേക്കിറങ്ങാറ്. ബോളിവുഡിൽ ആസ്താ ഖാൻ അത്തരത്തിൽ ഒരാളാണ്. ഈ മേഖലയിലെ ആദ്യത്തെയാളെന്നും വിശേഷിപ്പിക്കാം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'ഫോര്‍ മോര്‍ ഷോട്ട്സ് പ്ലീസ്' അസ്താഖാൻ കൊറിയോഗ്രാഫി ചെയ്ത സീരീസാണ്. മുംബൈ സ്വദേശി നേഹാ വ്യാസെന്ന പേരും ഇന്‍റിമേറ്റ് ഡയറക്ടർമാരുടെ പേരുകളിൽ പ്രശസ്തമാണ്. 

click me!