'ഈ അഭിനയജീവിതത്തിന് ഇര്‍ഫാന്‍ ഖാനോട് കടപ്പെട്ടിരിക്കുന്നു': ഫഹദ് ഫാസിലിന്‍റെ ഉള്ളുതൊടുന്ന കുറിപ്പ്

By Web Team  |  First Published Apr 30, 2020, 6:16 PM IST

'ഇര്‍ഫാന്‍ ഖാനെ കണ്ടെത്തുന്നതിനിടയില്‍ എന്‍ജിനീയറിംഗ് പഠനം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി..'


ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവ് സഹപ്രവര്‍ത്തകരിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലും സൃഷ്ടിച്ച മുദ്രയെന്തെന്ന് വ്യക്തമാക്കുന്ന ദിവസമാണ് കഴിഞ്ഞുപോയത്. സോഷ്യല്‍ മീഡിയയില്‍ ഇന്നലെ ഇര്‍ഫാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമകളില്‍ ഒപ്പം സഹകരിച്ചിട്ടുള്ള അഭിനേതാക്കളും സംവിധായകരും തങ്ങളുടെ ഇര്‍ഫാന്‍ അനുഭവത്തെക്കുറിച്ച വാചാലരായപ്പോള്‍ മലയാളസിനിമയിലെ ഒരു പ്രധാന നടന്‍ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇര്‍ഫാന്‍ എങ്ങനെയൊക്കെയാണ് തന്നെ സ്വാധീനിച്ചതെന്ന് എഴുതി. തന്‍റെ അഭിനയജീവിതത്തിന് ഇര്‍ഫാന്‍ ഖാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മറ്റാരുമല്ല, ഫഹദ് ഫാസിലാണ് എഴുതിയത്. സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈറലായ, ഇംഗ്ലീഷിലുള്ള ആ കുറിപ്പിന്‍റെ മലയാള പരിഭാഷ വായിക്കാം.

'ഇര്‍ഫാന്‍ ഇല്ലാതെ ഇത്രദൂരം എത്തുമായിരുന്നെന്ന് തോന്നുന്നില്ല'

Latest Videos

undefined

ഒരുപാടൊരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ശരിക്കും ഏത് വര്‍ഷമാണതെന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല. അമേരിക്കയിലെ എന്‍റെ വിദ്യാര്‍ഥി ജീവിതത്തിന് ഇടയിലാണെന്നത് മാത്രമേ എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുള്ളൂ. ക്യാമ്പസിലായിരുന്നു താമസവും എന്നതിനാല്‍ അക്കാലത്ത് ഇന്ത്യന്‍ സിനിമകള്‍ നേരിട്ടു കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാനും നികുഞ്ജ് എന്ന സുഹൃത്തും കൂടി ക്യാമ്പസിന് സമീപത്തായുള്ള, ഒരു പാകിസ്താനി നടത്തുന്ന പലചരക്കുകടയിലേക്ക് പോകുമായിരുന്നു. വാരാന്ത്യങ്ങളില്‍ ഇന്ത്യന്‍ സിനിമകളുടെ ഡിവിഡികള്‍ അവിടെ വാടകയ്ക്കു ലഭിക്കുമായിരുന്നു. ഞങ്ങളുടെ അത്തരത്തിലുള്ള ഒരു സന്ദര്‍ശനത്തിനിടെയാണ് കടക്കാരന്‍ ഖാലിദ് ഭായ് 'യു ഹോയ തൊ ക്യാ ഹോത്താ' എന്ന ചിത്രം പരിചയപ്പെടുത്തിയത്. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്‍ത ചിത്രം എന്നതാണ് എന്‍റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞ കാര്യം. വാരാന്ത്യത്തില്‍ കാണാന്‍ ആ ചിത്രം വാടകയ്ക്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്നു രാത്രി സിനിമ തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ സലിം രാജാബലി എന്ന കഥാപാത്രം സ്ക്രീനിലെത്തിയപ്പോള്‍ , നികുഞ്ജിന്‍റെ മുഖത്തേക്കു നോക്കി ഞാന്‍ ചോദിച്ചു, 'ആരാണിയാള്‍?'. ആഴമുള്ളവരും സ്റ്റൈല്‍ സൂക്ഷിക്കുന്നവരും സൗന്ദര്യമുള്ളവരും അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ എല്ലാ സത്യസന്ധതയോടെയും പറയട്ടെ, സ്ക്രീനില്‍ 'ഒറിജിനല്‍' ആയൊരു നടനെ ഞാന്‍ ആദ്യം കാണുകയായിരുന്നു. ഇര്‍ഫാന്‍ ഖാന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ ഞാന്‍ വൈകിയിരിക്കും. പക്ഷേ ലോകത്തെ സംബന്ധിച്ച് ആ പ്രതിഭയെ കണ്ടെത്തുക എന്നത് കാലവുമായി ബന്ധപ്പെട്ട ഒരു സംഗതി മാത്രമായിരുന്നു. ജുംപാ ലാഹിരിയുടെ 'ദി നെയിംസേക്' എന്ന പുസ്തകം ഒരു സിനിമയാകുന്ന സമയത്ത്, അവിടുത്തെ ഇന്ത്യന്‍ സമൂഹം അതിലെ അശോകെ എന്ന കഥാപാത്രത്തെ ഇര്‍ഫാന്‍ ഖാനാണ് അവതരിപ്പിക്കുന്നത് എന്നതില്‍ ആവേശഭരിതരായിരുന്നു. ഒരു ജനപ്രിയഗാനം പോലെയായിരുന്നു ഇര്‍ഫാന്‍ ഖാന്‍റെ വളര്‍ച്ച. എല്ലാവരും അത് പാടുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. ആ സിനിമകളില്‍ പലപ്പോഴും സ്വയം നഷ്ടപ്പെട്ടുപോകുമായിരുന്നു എന്നതിനാല്‍ അവയുടെ കഥകള്‍ ഞാന്‍ മറന്നുപോകുമായിരുന്നു. മറ്റൊരര്‍ഥത്തില്‍ അദ്ദേഹം അഭിനയിക്കുന്നിടത്തോളം ആ സിനിമകളുടെ കഥകള്‍ എന്‍റെ വിഷയമായിരുന്നില്ല. അഭിനയത്തെ അനായാസമായി തോന്നിപ്പിച്ച് അദ്ദേഹം എന്നെ പറ്റിച്ചു. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തുന്നതിനിടയില്‍ എന്‍ജിനീയറിംഗ് പഠനം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി.

കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ അഭിനയിക്കുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഇര്‍ഫാന്‍ ഖാനെ ഒരിക്കല്‍പ്പോലും ഞാന്‍ കണ്ടുമുട്ടിയില്ല. ആ അര്‍ഥത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടേയില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം  പ്രവര്‍ത്തിച്ചിട്ടുള്ള അഭിനേതാക്കളുമായും സംവിധായകരുമായും സഹകരിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. വിശാല്‍ ഭരദ്വാജിനെ കണ്ടുമുട്ടിയപ്പോള്‍ ഞാനാദ്യം സംസാരിച്ചത് മഖ്ബൂലിനെക്കുറിച്ചായിരുന്നു. എന്‍റെ അടുത്ത സുഹൃത്ത് ദുല്‍ഖര്‍ ഇര്‍ഫാനൊപ്പം എന്‍റെ പട്ടണത്തില്‍ ചിത്രീകരണം നടത്തിയപ്പോഴും എനിക്കദ്ദേഹത്തെ കണ്ടുമുട്ടാനായില്ല. ചിത്രീകരണ തിരക്കുകളിലായിരുന്നു ആ സമയത്തു ഞാനും. എന്തിന് ധൃതി പിടിക്കണം എന്ന ചോദ്യത്തിന് എനിക്കപ്പോള്‍ ഉത്തരമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒരു ഹസ്‍തദാനം നല്‍കാനാവാത്തതില്‍ ഞാനിന്ന് ഖേദിക്കുന്നു. ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.

കലര്‍പ്പില്ലാത്ത ഒരു അഭിനേതാവിനെയാണ് രാജ്യത്തിനു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ നഷ്ടമെന്തെന്ന് ചിന്തിക്കാന്‍ മാത്രമേ എനിക്കാവൂ. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ശൂന്യതയനുഭവിക്കുന്ന എഴുത്തുകാരുടെയും സംവിധായകരുടെയും കാര്യത്തില്‍ എനിക്കു പ്രയാസം തോന്നുന്നു. നമുക്ക് അദ്ദേഹത്തെ വേണ്ടത്ര ലഭിച്ചില്ല. എന്‍റെ മുറിയിലേക്ക് ഓടിയെത്തി ഭാര്യ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍, ഞെട്ടിയെന്ന് പറഞ്ഞാല്‍ അത് കള്ളമാവും. കാരണം എന്താണോ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്, അത് ഞാന്‍ തുടരുകയാണ്. അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാനേ ആവുന്നില്ല. അദ്ദേഹത്തോടു കടപ്പെട്ടവനായി എനിക്കു തോന്നുന്നു. എന്‍റെ അഭിനയജീവിതം അദ്ദേഹത്തോടു കടപ്പെട്ടതായി തോന്നുന്നു. അന്ന് ആ ഡിവിഡി എടുത്തില്ലായിരുന്നെങ്കില്‍, എന്‍റെ ജീവിതം മാറ്റിമറിച്ച ഒരു നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രദൂരം എത്തുമായിരുന്നെന്ന് തോന്നുന്നില്ല. 

നന്ദി സര്‍, ഫഹദ് ഫാസില്‍

click me!