ഒരേ വര്‍ഷം നാല് ഭാഷകളില്‍; പാന്‍ ഇന്ത്യന്‍ നിരയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍

By Web Team  |  First Published Sep 21, 2022, 10:02 AM IST

ഛുപ് വിജയിക്കുന്നപക്ഷം കരിയറിന്‍റെ അടുത്തൊരു ഘട്ടത്തിലേക്ക് പ്രവേശിക്കും ദുല്‍ഖര്‍


കരിയറിന്‍റെ നിര്‍ണ്ണായക സമയത്ത് ദുല്‍ഖറിനെ ഒന്നര വര്‍ഷത്തോളം മലയാളം ബിഗ് സ്ക്രീനില്‍  കാണാതിരുന്നിട്ടുണ്ട്. സിനിമയില്‍ അദ്ദേഹത്തെ കാണണമെങ്കില്‍ മറുഭാഷാ ചിത്രങ്ങള്‍ കാണണമല്ലോയെന്ന് മലയാളത്തിലെ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകര്‍ പരിഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും മറുഭാഷാ സിനിമകളില്‍ തന്‍റേതായ പരീക്ഷണ നിരീക്ഷണങ്ങളില്‍ ആയിരുന്നു അദ്ദേഹം. അതില്‍ ചിലത് വിജയങ്ങളായി. മറ്റു ചിലത് സാമ്പത്തികമായി വിജയം കണ്ടില്ലെങ്കില്‍പ്പോലും അവിടുത്തെ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധയിലേക്ക് ദുല്‍ഖറിനെ നീക്കിനിര്‍ത്തി. കരിയര്‍ ആരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബുദ്ധിപൂര്‍വ്വം നടത്തിയ പരിശ്രമത്തിന്‍റെ വിളവ് കൊയ്യുകയാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ യുവതാരം എന്ന വിശേഷണം ഒട്ടും ഏച്ചുകെട്ടല്‍ ആവാതെ ധരിക്കാനുള്ള യോഗ്യതയാണ് അദ്ദേഹം ഇക്കാലയളവിനുള്ളില്‍ നേടിയെടുത്തിരിക്കുന്നത്.

കൊവിഡ് കാലത്ത് കേരളത്തിലെ തിയറ്റര്‍ വ്യവസായവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തിയ വിജയങ്ങളിലൊന്ന് ദുല്‍ഖറിന്‍റെ കുറുപ്പ് ആയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. സ്വന്തം കരിയറില്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. നാല് ഭാഷകളിലായി നാല് സിനിമകളാണ് ഒറ്റ വര്‍ഷത്തിനുള്ളില്‍, വെറും ഒന്‍പത് മാസത്തിനുള്ളില്‍ ദുല്‍ഖറിന്‍റേതായി പുറത്തെത്തിയത്. പ്രമുഖ തെന്നിന്ത്യന്‍ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റ ചിത്രം, തമിഴില്‍ ഒരുക്കിയ ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. മാര്‍ച്ച് 3 ന് ആയിരുന്നു തിയറ്റര്‍ റിലീസ്.

Latest Videos

undefined

 

അതേ മാസം തന്നെ ദുല്‍ഖറിന്‍റെ ഈ വര്‍ഷത്തെ ഏക മലയാള ചിത്രവും പുറത്തെത്തി. റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖറിനെ ആദ്യമായി നായകനാക്കി സംവിധാനം ചെയ്‍ത സല്യൂട്ട് ആയിരുന്നു ചിത്രം. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം എത്തിയത്. ഇതില്‍ ഹേയ് സിനാമിക ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ സല്യൂട്ടിനെ ഒരു വിഭാഗം ചലച്ചിത്ര പ്രേമികള്‍ സ്വീകരിച്ചു. ഒടിടി പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കിയ സിനിമ കൂടിയായിരുന്നു ഇത്. ഈ വര്‍ഷത്തെ മൂന്നാം റിലീസ്, തെലുങ്ക് ചിത്രം സീതാ രാമം ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്.

ALSO READ : 'ദുല്‍ഖര്‍ ഞെട്ടിച്ചു'; പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി ബോളിവുഡ് ചിത്രം 'ഛുപ്'

 

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 2018 ചിത്രം മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. എന്തായാലും ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രത്തെ പ്രേക്ഷകര്‍, വിശേഷിച്ചും തെലുങ്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തെലുങ്ക്, തമിഴ്, മലയാളം ഭാഷാ പതിപ്പുകള്‍ മാത്രമാണ് ഓഗസ്റ്റ് 5 ന് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം കൊണ്ട് തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി രൂപയാണ് ചിത്രം ആഗോള ഗ്രോസ് നേടിയത്! തെലുങ്ക് സിനിമാ മേഖലയെ സംബന്ധിച്ച് വിസ്മയ വിജയമാണ് സീതാ രാമം നേടിയത്. ഒരു മാസത്തിനിപ്പുറം സെപ്റ്റംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. 

 

സീതാ രാമം ഹിന്ദി പതിപ്പ് നേടിയ വലിയ അഭിപ്രായത്തിനു പിന്നാലെ ഇപ്പോഴിതാ ദുല്‍ഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് 23 ന് ആണെങ്കിലും ചിത്രത്തിന്‍റെ പ്രിവ്യൂ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും നടന്നു. നിരൂപകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമല്ലാതെ, സാധാരണ സിനിമാപ്രേമികള്‍ക്കുവേണ്ടിയാണ് പ്രിവ്യൂ നടത്തിയത് എന്നത് കൌതുകമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിക്കുന്നവര്‍ ദുല്‍ഖറിന്‍റെ പ്രകടനത്തെയും ഏറെ പുകഴ്ത്തുന്നുണ്ട്.

 

ഛുപ് വിജയിക്കുന്നപക്ഷം കരിയറിന്‍റെ അടുത്തൊരു ഘട്ടത്തിലേക്ക് ദുല്‍ഖര്‍ പ്രവേശിക്കുമെന്നാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. അതാത് ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങളുടെ ഉയര്‍ന്ന ബജറ്റ് പരിഗണിക്കുമ്പോള്‍, ഏറെ ബുദ്ധിപൂര്‍വ്വം സ്ക്രിപ്റ്റ് തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന ദുല്‍ഖറിന്‍റെ യാത്ര ശരിയായ ദിശയിലാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ദുല്‍ഖറിന് ഇന്നൊരു ഏച്ചുകെട്ടല്‍ അല്ല.

click me!