മിന്നൽ മുരളിയെ ചോദ്യപ്പേപ്പറിലെത്തിച്ച കുര്യൻ സാർ ഇവിടെയുണ്ട്

By Babu Ramachandran  |  First Published Feb 2, 2022, 11:10 AM IST

കഥകളിലൂടെ എഞ്ചിനീയറിങ്ങിന്റെ അടിസ്ഥാനതത്വങ്ങൾ ഒരിക്കലും മറക്കാത്ത രീതിയിൽ കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കുകയാണ് കുര്യൻ സാർ ചെയ്യുന്നത് എന്ന് വിദ്യാർഥികൾ പറയുന്നു. 


കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ(MA College of Engineering) മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീറിങ്ങിന്(Mechanical Engineering) പഠിക്കുന്ന കുട്ടികൾ ഒന്നില്ലാതെ സീരീസ് എക്സാം ഹാളിനുള്ളിൽ ഇരുന്ന് പരസ്‍പരം നോക്കി ഊറിച്ചിരിച്ചു. പ്രിയ അധ്യാപകൻ കുര്യൻ സാറിനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഇത്തവണയും അസ്ഥാനത്തായില്ല. അവർ കരുതിയിരുന്ന പോലെ ഒരു രസികൻ കഥയുടെ രൂപത്തിലാണ് ഇത്തവണത്തെ ചോദ്യപ്പേപ്പർ. ഡോ. കുര്യൻ ജോൺ ചോദ്യപ്പേപ്പറിൽ കഥ പറയുന്നത് ഇതാദ്യമായിട്ടല്ല. മുമ്പുള്ള കഥകളിൽ പലതിലും ക്‌ളാസ്സിലെ പിള്ളേരുടെ പേരുകൾ വെച്ചാണ് കഥയുണ്ടാക്കിയിരുന്നത് എങ്കിൽ, ഇത്തവണത്തെ കഥ അതുക്കും മേലെയാണ്. 'കുറുക്കൻ മൂല' എന്ന സാങ്കല്‍പിക കുഗ്രാമത്തിൽ ജനിച്ച്, ആഗോളപ്രസിദ്ധനായിത്തീർന്ന 'മിന്നൽ മുരളി'യാണ് ഇത്തവണ ചോദ്യപ്പേപ്പറിലെ താരം. എന്തായാലും, രണ്ടു മണിക്കൂർ നേരം അമ്പതുമാർക്കിനുള്ള ചോദ്യങ്ങൾക്ക് മൂന്നാം സെമസ്റ്റർ മെക്കാനിക്കലിലെ വിദ്യാർഥികൾ എല്ലാവരും ഏറെ രസിച്ചു തന്നെ ഉത്തരം നൽകി. മിനിഞ്ഞാന്ന് പരീക്ഷ കഴിഞ്ഞതിനു പിന്നാലെ കുര്യൻ സാറിനു കൊവിഡ് സ്ഥിരീകരിച്ചതോടെ, അതിൽ  എത്രപേർ 'കഥയടിച്ചു', എത്രപേർ കാര്യമെഴുതി മാർക്ക് വാങ്ങി എന്നതിലെ സസ്പെൻസ് നീങ്ങാൻ സാർ നെഗറ്റീവ് ആകും വരെ കാത്തിരിക്കേണ്ടി വരും കുട്ടികൾക്ക്.

വിവരമറിഞ്ഞ്, കഴിഞ്ഞ ദിവസം  സാക്ഷാൽ ബേസിൽ ജോസഫും കുര്യൻ സാറിനെ ബന്ധപ്പെടുകയുണ്ടായി. ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞ, 'ഒരു ഇന്റർനാഷണൽ സൂപ്പർ ഹീറോ' ആയി ഉയർന്നു കഴിഞ്ഞ 'മിന്നൽ മുരളി',  ഇങ്ങു കേരളത്തിൽ  ഒരു എഞ്ചിനീയറിങ് സീരീസ് എക്‌സാമിന്റെ ചോദ്യപ്പേപ്പറിൽ കൂടി തന്റെ സാന്നിധ്യം അറിയിച്ചതിൽ സംവിധായകനും തികഞ്ഞ സന്തോഷത്തിലാണ്. ചോദ്യപ്പേപ്പറിൽ വ്യത്യസ്‍തത കൊണ്ടുവരാൻ വേണ്ടി പേരിനു 'മിന്നൽ മുരളി'യുടെ കഥയിലെ അംശങ്ങൾ ചേർക്കുക മാത്രമല്ല കുര്യൻ സാർ  ചെയ്‍തിട്ടുള്ളത്എന്ന് ബേസിൽ പറഞ്ഞു.മുൻ സിനിമകളായ 'കുഞ്ഞിരാമായണം', 'ഗോദ' എന്നിവയിലെ കഥ നടക്കുന്ന 'ദേശം', 'കണ്ണാടിക്കൽ' തുടങ്ങിയ അയൽഗ്രാമങ്ങളെ 'മിന്നൽ മുരളി'യുടെ ഗ്രാമമായ 'കുറുക്കൻ മൂല'യുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു സമാന്തര ലോകം തന്നെ ആ ചോദ്യപ്പേപ്പറിൽ പുനഃസൃഷ്‍ടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഒരേസമയം എഞ്ചിനീയറിങ്ങിലും സിനിമയിലും സൂക്ഷ്‍മദൃക്കായ ഒരാൾക്ക് മാത്രം സാധിക്കുന്ന ഒരനുഭവമാണ് ചോദ്യപ്പേപ്പറിലൂടെ കുര്യൻ സാർ സൃഷ്ടിച്ചെടുത്തിട്ടുള്ളത് എന്നും, ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഇത്തരം ശ്രമങ്ങൾ തനിക്ക് അളവറ്റ കൃതാർത്ഥത പകരുന്നു എന്നും ബേസിൽ ജോസഫ് പറഞ്ഞു. 

Latest Videos

undefined

ചില്ലറക്കാരനല്ല കുര്യൻ സാർ

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന്റെ കടുകട്ടിയായ പാഠങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്നു എന്ന് കരുതി കുര്യൻ സർ ആൾ ചില്ലറക്കാരനാണ് എന്ന് കരുതരുത്. അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ നിന്ന് 2008 -ൽ  മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം, മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് എം ടെക്ക് പൂർത്തിയാക്കി, മദ്രാസ് ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഡോ. കുര്യൻ ജോൺ എന്ന കുര്യൻ സാർ. ഐഐടിയിലെ ഡോക്ടറേറ്റ് പഠന കാലത്ത്, ജർമ്മനിയിലെ പസാവു  സർവകലാശാല( University of Passau) യിൽ  നിന്ന് DAAD സ്‌കോളർഷിപ്പ് നേടി രണ്ടു ഘട്ടങ്ങളായി ജർമനിയിൽ തുടർ ഗവേഷണം നടത്താനുള്ള അവസരവും അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്.

അബദ്ധവശാൽ ഒരു എഞ്ചിനീയറിങ് കോളേജ് അധ്യാപകനായതല്ല താനെന്ന് ഡോ. കുര്യൻ ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.  കഴിഞ്ഞ മുപ്പതു വർഷത്തോളമായി തുടരുന്ന ഒന്നാണ് വിദ്യാഭ്യാസം എന്നും, അതിന്റെ ഓരോ ഘട്ടത്തിലും ഒരു അധ്യാപകനാവാനുള്ള മാനസികമായ തയ്യാറെടുപ്പിലായിരുന്നു താനെന്നും അദ്ദേഹം സൂചിപ്പിച്ചു. 2016 -ൽ ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കി തിസീസ് സബ്മിറ്റ് ചെയ്തു നിന്ന കാലത്താണ് മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് അധ്യാപനത്തിനുള്ള അവസരം എംടെക്ക് കാലത്ത് പഠിപ്പിച്ച ഒരധ്യാപകൻ വഴിക്ക് കുര്യനെ തേടി എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ തനതായ രീതിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിപ്പിക്കാൻ ശ്രമിച്ചു പോരുന്നുണ്ട് അദ്ദേഹം.

വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകൻ

സപ്ലികൾക്ക് കുപ്രസിദ്ധമാണ് എഞ്ചിനീയറിങ്. അതിൽ തന്നെ കൂടുതൽ ദുഷ്‌പേര് കേൾക്കുന്ന ഒരു ഡിപ്പാർട്ടുമെന്റായ മെക്കിൽ ഉഴപ്പന്മാരിൽ ഉഴപ്പന്മാരെപ്പോലും പിടിച്ചിരുത്തുന്ന രീതിയിലാണ് കുര്യൻ സാർ പഠിപ്പിക്കാറുള്ളത് എന്ന് ഈ പരീക്ഷ എഴുതിയ MACE -യിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അലൻ പറഞ്ഞു. ഒരിക്കലും ഒരു സാർ എന്ന ഗൗരവമോ ജാഡയോ ഒന്നും തങ്ങളോട് കുര്യൻ സാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും, പലപ്പോഴും ഒരു സീനിയർ പറഞ്ഞു തരും പോലെയാണ് ഇടപെടുക എന്നും അലൻ പറഞ്ഞു. മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിലെ പ്ളേസ്മെന്റ് സെൽ ഇൻ ചാർജ് കൂടിയായ കുര്യൻ സാർ കുട്ടികളുടെ കരിയർ ഡെവലപ്പ്മെന്റിന്റെ കാര്യത്തിലും ഒരു മെന്ററുടെ റോളിൽ സജീവമാണ്. ഒരിക്കലും ബോറടി തോന്നാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ ക്‌ളാസ് എന്ന് ഈ പരീക്ഷ എഴുതിയ ദേവു എന്ന മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി പ്രതികരിച്ചു.

കഥകളിലൂടെ എഞ്ചിനീയറിങ്ങിന്റെ അടിസ്ഥാനതത്വങ്ങൾ ഒരിക്കലും മറക്കാത്ത രീതിയിൽ കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കുകയാണ് കുര്യൻ സാർ ചെയ്യുന്നത് എന്നും, "സാർ പൊളിയാണ്" എന്നും ദേവു പറയുന്നു. മാർ അത്തനേഷ്യസിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട ഈ അധ്യാപകനോടുള്ള ഇഷ്‍ടം കുട്ടികൾ അവർക്കിടയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന  ട്രോളുകളിലൂടെയും നിരന്തരം പ്രകടിപ്പിച്ചു പോരുന്നുണ്ട്.

 

 

 

 

 

 

click me!