ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.
എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ താന്‍ സംഗീതം നല്‍കിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഈ സംഭവത്തില്‍ സംവിധായകന്‍ ജയരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ 'മനോരഥങ്ങൾ' എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്‍റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചില്ല. അതില്‍ അദ്ദേഹത്തിനും ഞങ്ങള്‍ക്കും വിഷമം ഉണ്ടായിരുന്നു. ഇത് സംഘാടകരെ അറിയിച്ചപ്പോഴാണ് അവര്‍ ആസിഫ് അലിയെ ഉപഹാരം കൈമാറാന്‍ വിളിച്ചത്.
ആസിഫ് അലിയുടെ കൈയ്യില്‍ നിന്നും അത് വാങ്ങിയ ശേഷമാണ് രമേഷ് നാരായണ്‍ എന്നെ വിളിച്ച് എന്‍റെ കൈയ്യില്‍ തന്ന് വീണ്ടും ഉപഹാരം വാങ്ങിയത്. അത് ചിത്രത്തിന്‍റെ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാകാം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന് തോന്നിയിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തി ചെയ്യുന്ന വ്യക്തിയല്ല രമേഷ് നാരായണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് ജയരാജ് പറഞ്ഞു.
എന്നും കാലിക പ്രസക്തിയുള്ള എംടിയുടെ കഥയാണ് ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ല്‍ താന്‍ ചെയ്ത ‘സ്വർഗം തുറക്കുന്ന സമയം’ എന്ന സിനിമയെന്ന് ജയരാജ് പറഞ്ഞു. ഒരുപക്ഷെ നെടുമുടി വേണുവിന്‍റെ അവസാനത്തെ ചിത്രമായിരിക്കാം അത്. അദ്ദേഹം മനോഹരമായിട്ട് ചെയ്തിട്ടുണ്ടെന്നും ജയരാജ് തന്‍റെ ചിത്രം സംബന്ധിച്ച് പറഞ്ഞു.