Lost in 2021 : നെടുമുടി വേണു, പൂവ്വച്ചല്‍ ഖാദര്‍, ബിച്ചു തിരുമല; '2021'ന്റെ സങ്കടങ്ങള്‍

By Web Team  |  First Published Dec 19, 2021, 3:26 PM IST

മലയാളത്തിലെ ഇതിഹാസങ്ങളെയാണ് 2021ൽ മരണം കൊണ്ടുപോയത്.


മലയാളത്തിന്റെ വെള്ളിത്തിരയിൽ 'കറുപ്പ്' കലർന്ന ദിവസങ്ങൾ 2021ലുണ്ട്. 2021 കലണ്ടറിലെ ചില ദിവസങ്ങള്‍ വരും വര്‍ഷങ്ങളില്‍ വേദനയുടെ ഓര്‍മദിനങ്ങളായി രേഖപ്പെടും. കൊവിഡ് മഹാമാരി തിയറ്ററുകളിലെ സിനിമാ കാഴ്ച തടഞ്ഞ അതേ കാലത്ത് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരില്‍ ചിലരെ കാലം മടക്കിവിളിച്ചു. ഇതിഹാസ നടൻ നെടുമുടി വേണുവിന്‍റെ ജീവിതകാലത്തിന് കര്‍ട്ടനിട്ട 2021 ബിച്ചു തിരുമലയെയും പൂവ്വച്ചല്‍ ഖാദറിനെയും ഓര്‍മകളിലേക്ക് മാറ്റി.

മലയാളം തിരിഞ്ഞുനോക്കുമ്പോള്‍ മരണം ദു:ഖഭാരത്തോടെയും നഷ്‍ടബോധത്തോടെയും അനുഭവിപ്പിച്ച മാസമായിരിക്കും 2021ലെ ഒക്ടോബര്‍. അരങ്ങില്‍ അഭിനയത്തിന്‍റെ മാറ്റുരച്ച് മിനുക്കി വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. നാടകത്തില്‍ 'അവനവൻ കടമ്പ' ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്. കാവാലത്തിന്‍റെ കളരിയില്‍ തെളിഞ്ഞ അഭിനയം വെള്ളിത്തിരയിലേക്ക് എത്തിച്ചത് 'തമ്പി'ലൂടെ അരവിന്ദനായിരുന്നു. ഭരതൻ 'ആരവ'ത്തിലേക്കും 'തകര'യെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ ക്ഷണിച്ചപ്പോള്‍ മലയാളത്തിന്‍റെയും രാശി മാറുകയായിരുന്നു. അയത്‍ന ലളിതമായ സ്വാഭാവിക അഭിനയത്തിന്‍റെ മറ്റൊരു മാതൃക പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാണുകയായിരുന്നു നെടുമുടി വേണുവിലൂടെ. കാലത്തിനും കഥാസന്ദര്‍ഭങ്ങള്‍ക്കും അനുസൃതമായി അതേ താളത്തില്‍ അഭിനയജീവിതം തുടര്‍ന്ന നെടുമുടി വേണു ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിന്‍റെ താളുകളില്‍ ഭൂരിഭാഗം പേജിലും തന്നെ അടയാളപ്പെടുത്തിയിട്ടാണ് മറഞ്ഞത്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നെടുമുടി വേണു പ്രത്യേക പരാമര്‍ശവും മികച്ച വിവരണത്തിനും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് വര്‍ഷം മികച്ച നടനായ നെടുമുടി രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുമായി.

Latest Videos

undefined

സംഗീത സംവിധായകൻ മുരളി സിത്താരയും ഒക്ടോബറില്‍ വിട പറഞ്ഞു. ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്പോസറായിരുന്ന മുരളി സിത്താരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1987ല്‍ 'തീക്കാറ്റ്' എന്ന ചിത്രത്തിലൂടെയാണ് മുരളി സിത്താര സംഗീത സംവിധായകനായത്. നടൻ രമേശ് വലിയശാലയുടെ വിയോഗം ഞെട്ടിക്കുന്ന വാര്‍ത്തയായി മാറി 2021ല്‍. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍, സിനിമാ മേഖലയില്‍ സജീവമായിരുന്നു രമേശ് വലിയശാല സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

കേരളം ഏറ്റുപാടിയ കവിതകളുടെ എഴുത്തുകാരൻ അനില്‍ പനച്ചൂരാൻ ഓര്‍മയായത് പൊടുന്നനെയായിരുന്നു. പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ആ ജനപ്രിയ കവി മടങ്ങി. ജനുവരിയില്‍ ഒരു ഹൃദയാഘാതത്തിന്‍റെ രൂപത്തിലായിരുന്നു അനില്‍ പനച്ചൂരാനെ മരണം കവര്‍ന്നത്. 'ചോര വീണ മണ്ണില്‍നിന്ന്' മുതല്‍ 'വ്യത്യസ്‍തനാം ബാര്‍ബറാം ബാലൻ' വരെയുള്ള കവിതകള്‍ അനില്‍ പനച്ചൂരാന്‍റേതായി മലയാളികളുടെ ഓര്‍മയില്‍ നിലനില്‍ക്കും. 'അനുബന്ധം', 'നാൽക്കവല', 'അന്യരുടെ ഭൂമി' എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച കോഴിക്കോട് ശാരദയും 2021ല്‍ വേര്‍പിരിഞ്ഞു. പല സ്വഭാവത്തിലുള്ള കഥാപാത്രങ്ങളിലൂടെ പുതുതലമുറ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ അവര്‍ സത്യൻ, നസീര്‍ തലമുറയ്ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്. 

പഴയ തലമുറ ആസ്വദിച്ച സിനിമാ ഗാനങ്ങളുടെ രചയിതാവായിരുന്ന പൂവച്ചല്‍ ഖാദറും വിടവാങ്ങിയിരിക്കുന്നു. ജൂണില്‍ ഒരു പുലര്‍ച്ചയായിരുന്നു മരണം പൂവച്ചല്‍ ഖാദറിനെ കവര്‍ന്നത്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാൻ', 'ഏതോ ജന്മ കല്‍പനയില്‍', 'അനുരാഗിണി ഇതായെൻ', 'ശരറാന്തല്‍ തിരിതാഴും' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിനെ ആസ്വാദക മനസ്സുകളില്‍ നിലനിര്‍ത്തും. വാക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ ഇന്ദ്രജാലം തീര്‍ത്ത ബിച്ചു  തിരുമലയും 2021ന്‍റെ വേദനയാണ്. മധു നിര്‍മിച്ച ചിത്രം 'അക്കല്‍ദാമ'യാണ് ബിച്ചു തിരുമല ഗാനങ്ങളെഴുതി ആദ്യമായി പ്രദര്‍ശനത്തിന് എത്തിയത്.  'നീലാകാശവും മേഘങ്ങളും' എന്ന ആദ്യ ഗാനം തന്നെ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തുന്നു. വരികളിലെ ലാളിത്യമായിരുന്നു ബിച്ചു തിരുമലയുടെ  ഗാനങ്ങളിലെ പ്രത്യേകത.  മലയാളികള്‍ എന്നും കേള്‍ക്കുന്ന സിനിമ ഗാനങ്ങളുടെ രചയിതാവായ ബിച്ചു തിരുമലയ്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍  രണ്ട് തവണ  ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'പവിത്ര'മടക്കമുള്ളവയുടെ തിരക്കഥാകൃത്തും ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വിസ്‍മയിച്ച നടനും 'ഇവൻ മേഘരൂപന്റെ' സംവിധായകനുമായ പി ബാലചന്ദ്രനും 2021ല്‍ വിടവാങ്ങി. തിരക്കഥാകൃത്തും നടനുമൊക്കെയായി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ എഴുത്തുകാരൻ മാടമ്പ് കുഞ്ഞുക്കുട്ടനും യാത്രയായി. ഭക്തിഗാനങ്ങളിലൂടെയും ഒട്ടേറെ ഹിറ്റ് സിനിമാ ഗാനങ്ങളിലൂടെയും മലയാളികള്‍ എന്നും ഓര്‍ക്കുന്ന കവി എസ് രമേശൻ നായരും 2021ന്റെ നഷ്‍ടമാണ്.

click me!