ബോളിവുഡിന് ഇത് എന്ത് പറ്റി? 2024ലെ ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത് !

By Vipin VK  |  First Published Dec 6, 2024, 1:41 PM IST

2024ല്‍ ബോളിവുഡ് മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെങ്കിലും, ഉള്ളടക്കത്തിലെ പുതുമയുടെ അഭാവം ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നു. സ്ത്രീ 2, ഭൂല്‍ ഭുലയ്യ 3 തുടങ്ങിയ സീക്വലുകള്‍ വിജയിച്ചപ്പോള്‍, പുതിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.


ബോളിവുഡിന് എന്ത് സംഭവിച്ചു എന്ന ചോദ്യം നിലനില്‍ക്കെ തന്നെയാണ് 2024 ആവസാനിക്കുന്നത്. ബോക്സോഫീസ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ വ്യവസായ രംഗം എന്ന നിലയില്‍ ബോളിവുഡ് തങ്ങളുടെ വിപണി വിഹിതം ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറം ഉള്ളടക്കത്തിലും ആ ഉള്ളടക്കത്തിന്‍റെ കെട്ടുറപ്പിലുണ്ടാക്കുന്ന വിജയവും എത്ര എന്ന ചോദ്യം പ്രസക്തമാണ്. 

ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെ ഇന്ത്യയില്‍ ഇറങ്ങിയത് 1424 ചിത്രങ്ങളാണ് മൊത്തം കളക്ഷനായി വന്നിരിക്കുന്നത് 9634 കോടിയാണ്. ഇതില്‍ 210 ചിത്രങ്ങള്‍ ബോളിവുഡില്‍ നിന്നാണ് വന്നിരിക്കുന്നത്. മൊത്തം ബോളിവുഡ് ചിത്രങ്ങളുടെ നെറ്റ് കളക്ഷന്‍ 3337 കോടിയാണ്. അതായത് ഇന്ത്യയില്‍ ഇപ്പോഴും കളക്ഷന്‍റെ മൂന്നിലൊന്ന് തീയറ്റര്‍ വിഹിതം ഹിന്ദി ചലച്ചിത്ര മേഖലയാണ് നല്‍കുന്നത് എന്നാണ് ഇന്‍ട്രസ്ട്രീ ട്രാക്കറായ സാക്നില്‍ക്.കോം പറയുന്നത്. 

Latest Videos

undefined

പണത്തിന്‍റെ കണക്കും ഹിറ്റുകളും

ഡിസംബര്‍ വരെയുള്ള കണക്ക് നോക്കിയാല്‍ ഇന്ത്യയില്‍ 2024 ലെ മികച്ച ബോക്സോഫീസ് കളക്ഷന്‍ നേടിയ 10 ചിത്രങ്ങളില്‍ ബോളിവുഡ് നിര്‍മ്മിതി എന്ന് പറയാന്‍ സാധിക്കുന്നത് നാല് ചിത്രങ്ങളാണ്. കല്‍ക്കി അടക്കം ചിത്രങ്ങളുടെ ഹിന്ദി പതിപ്പ് വന്‍ വിജയം നേടിയെങ്കിലും അവ ബോളിവുഡ് ചിത്രമായി കണക്കിലെടുക്കാന്‍ സാധിക്കില്ല. 

ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ പരിശോധിച്ചാല്‍ 597 കോടി നേടിയ സ്ത്രീ 2, 259 കോടി നേടിയ ഭൂല്‍ ഭുലയ്യ 3, 247 കോടി നേടിയ സിങ്കം എഗെയ്ന്‍, 212 കോടി നേടിയ ഫൈറ്റര്‍ എന്നിവയാണ് ആദ്യപത്തില്‍ എത്തിയ ചിത്രങ്ങള്‍ ഇതില്‍ സ്ത്രീ 2 മാത്രമാണ് ഓള്‍ ടൈം ബ്ലോക് ബസ്റ്റര്‍ എന്ന വിശേഷണത്തില്‍ വരുന്നുള്ളൂ.  ഭൂല്‍ ഭുലയ്യ 3 സൂപ്പര്‍ ഹിറ്റായി പരിഗണിക്കാം. അതേ സമയം ഫൈറ്റര്‍, സിങ്കം എഗെയ്ന്‍ എന്നിവ സ്റ്റാര്‍ കാസ്റ്റും ബജറ്റും എല്ലാം വച്ച് നോക്കുമ്പോള്‍ ഹിറ്റായി പോലും പട്ടിക പെടുത്തുന്നില്ല ട്രാക്കര്‍മാര്‍ എന്നതും ശ്രദ്ധേയമാണ്. 

ഇതിനൊപ്പം തന്നെ ചെറിയ ബജറ്റില്‍ വന്ന് ശ്രദ്ധേയ നേട്ടം കൊയ്ത ശൈയ്ത്താന്‍, മൂന്‍ജിയ, നേരി ബാത്ത് മെനെ ഐസാ ഉജ്ജ ജിയ, ക്രൂ പോലെയുള്ള ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ നിന്നും നേട്ടം കൊയ്തു എന്ന് പറയാന്‍ കഴിയൂ. ഈ വര്‍ഷം ക്രിസ്മസിനോട് അടുപ്പിച്ച് റിലീസാകുന്ന ബേബി ജോണ്‍ മാത്രമാണ് ബോളിവുഡില്‍ നിന്നും ഇനി പ്രതീക്ഷിക്കാവുന്ന വലിയ പടം. അതിനാല്‍ ഈ കണക്കില്‍ തന്നെ ബോളിവുഡ് ഈ വര്‍ഷം അവസാനിപ്പിക്കും എന്ന് കരുതാം. 

അതേ സമയം തന്നെ മൊഴിമാറ്റിയെത്തിയ കല്‍ക്കി, പുഷ്പ 2, ഹനുമാന്‍ പോലുള്ള ചിത്രങ്ങള്‍ വലിയ നേട്ടം ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഒരുതരത്തില്‍ ബോളിവുഡിന്‍റെ മാറി വരുന്ന അഭിരുചി ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. 

പുതിയ കുപ്പി പഴയ വീഞ്ഞ്

ബോളിവുഡിലെ ഇത്തവണത്തെ രണ്ട് വലിയ ഹിറ്റുകള്‍ സ്ത്രീ 2വും, ഭൂല്‍ ഭുലയ്യ 3യുമാണ് രണ്ടും മുന്‍ കാല ചിത്രങ്ങളുടെ ചുവടുപിടിച്ചുവന്ന സീക്വലുകളും അതിന്‍റെ പഴയ കഥ രീതി അവലംബിച്ചവയുമാണ്. വന്‍ കളക്ഷന്‍ നേടിയ സിങ്കം  എഗെയിന്‍ രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ പടമാണ്. അതായത് പുതുമകള്‍ ഒന്നും തന്നെ ബോളിവുഡ‍ില്‍ ഈ വര്‍ഷം ഹിറ്റായില്ലെന്ന് വ്യക്തമാണ്. 

അതേ സമയം വയലന്‍സില്‍ പരീക്ഷണം നടത്തിയ 'കില്‍' എന്ന ചിത്രവും. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ പിരീയോഡ‍ിക് സ്പോര്‍ട്സ് ഡ്രാമ 'മൈതാനും' നല്ല നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സോഫീസ് വിജയം നേടിയില്ല എന്നതും പ്രത്യേക ശ്രദ്ധിക്കേണ്ട കാര്യമാണ്. 

മാറുന്ന രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പ്രതിഫലിപ്പിക്കാനും അത് ബോക്സോഫീസ് നേട്ടത്തില്‍ എത്തിക്കാനും ശ്രമിക്കുന്ന ബോളിവു‍ഡ് ശ്രമങ്ങള്‍ 2024ലും ഉണ്ടായിരുന്നു ബോളിവുഡില്‍ നിന്ന്. രണ്‍ ദീപ് ഹൂഢയുടെ സ്വാതന്ത്ര്യ വീർ സവർക്കർ, ആര്‍ട്ടിക്കിള്‍ 370, അവസാനം നവംബറില്‍ ഇറങ്ങിയ സബര്‍മതി റിപ്പോര്‍ട്ട് എന്നിവ ഇത്തരം ഗണത്തില്‍ പെടുത്താവുന്നതായിരുന്നു. എന്നാല്‍ കശ്മീര്‍ ഫയല്‍ പോലെ മുന്‍കാല ചിത്രങ്ങള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 

ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ പോലുള്ള  പതിവ് ബോളിവുഡ് നമ്പറുകള്‍ പലതും ഇറങ്ങിയെങ്കിലും ഒരു ചലനവും ഉണ്ടാക്കാതെ മുടക്ക് മുതല്‍ പോലും നേടാതെ പോയതും ഈ വര്‍ഷം തന്നെയാണ്. 

സൂപ്പര്‍താരങ്ങള്‍ കളത്തിലിറങ്ങാത്ത വര്‍ഷം

മൊത്തത്തില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നിവര്‍ക്ക് പടമില്ലാത്ത വര്‍ഷമായിരുന്നു 2024. 2023 ഡിസംബറില്‍ ഇറങ്ങിയ ഡങ്കിയായിരുന്നു ഷാരൂഖിന്‍റെ അവസാന ചിത്രം. സല്‍മാന്‍റെ 2023 ദീപാവലിക്ക് ഇറങ്ങിയ ടൈംഗര്‍ 3യും. സിങ്കം എഗെയ്നില്‍ ഒരു ഗസ്റ്റ് റോളില്‍ സല്‍മാന്‍ എത്തിയിരുന്നു. ബേബി ജോണിലും ഇത്തരം ഒരു അപ്പീയറന്‍സ് ഉണ്ടായേക്കാം എന്നാണ് സൂചന. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം നീണ്ട ഇടവേളയിലാണ് ആമീര്‍ ഖാന്‍.

കഴിഞ്ഞ വര്‍ഷം പഠാന്‍, ജവാന്‍, അനിമല്‍, ഡങ്കി പോലെയുള്ള വലിയ ചിത്രങ്ങളാണ് ബോളിവുഡിന് തുണയായതെങ്കില്‍ അത്രയും വലിയ ചിത്രങ്ങള്‍ 2024 ല്‍ ഉണ്ടായില്ല എന്നതാണ് ബോളിവുഡിന് വലിയ തിരിച്ചടിയായത്. സിങ്കം എഗെയ്ന്‍ പോലുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ഈ നേട്ടം ആവര്‍ത്തിക്കാനും സാധിച്ചില്ല. പതിവ് പോലെ അക്ഷയ് കുമാര്‍ എന്ന മുന്‍കാല ഹിറ്റ് മീഷെന്‍ താരത്തിന് വലിയ തിരിച്ചടിയാണ് ഈ വര്‍ഷവും സംഭവിച്ചത്. 

കണ്ടന്‍റിലോ താര ചിത്രങ്ങളിലോ പുതുമകള്‍ ഒന്നും ഇല്ലാതെയാണ് ബോളിവുഡ‍് 2024 അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതിനാല്‍ ബോളിവു‍ഡിന് എന്ത് പറ്റി എന്ന ചോദ്യത്തിന് ഉത്തരം അടുത്ത വര്‍ഷം എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം. 

ചെലവാക്കിയത് 150 കോടി, നേടിയത് 420 കോടി ! തുടര്‍ പരാജയങ്ങളില്‍ ബോളിവുഡിന് ആശ്വാസമായ ഭൂൽ ഭൂലയ്യ 3 ഒടിടിയിൽ

പുഷ്പ 2 കാരണം നോളന്‍ ചിത്രത്തിന് പണി കിട്ടിയോ? ശരിക്കും സംഭവിച്ചത് ഇതാണ്

click me!