ഗദര്‍ 2 വിജയിച്ചു; അടുത്തതായി ആ ട്രെന്‍റില്‍ കയറിപ്പിടിക്കാന്‍ ബോളിവുഡ്.!

By Web TeamFirst Published Aug 26, 2023, 4:43 PM IST
Highlights

എന്തായാലും ബജറ്റും കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ഗദര്‍ 2 എന്ന് കാണാം. 

ബോളിവുഡിലെ 2023ലെ ഏറ്റവും അപ്രതീക്ഷിതമായ ബ്ലോക്ബസ്റ്റര്‍ ഏതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒരു ഉത്തരം മാത്രമേ ഉള്ളൂ ഗദര്‍ 2. ശരിക്കും ബോളിവുഡില്‍ സൈഡ് ചെയ്യപ്പെട്ടിരുന്ന സണ്ണി ഡിയോള്‍ എന്ന 90കളിലെ സൂപ്പര്‍ താരത്തിന് ഗംഭീരമായ ഒരു തിരിച്ചുവരവാണ് ഗദര്‍ 2 നല്‍കിയിരിക്കുന്നത്. ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം.

1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു  2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ തന്തു. ശരിക്കും ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് അനില്‍ ശര്‍മ്മ ചിത്രം ഒരുക്കിയിരിക്കുന്നത്. 

Latest Videos

ചിത്രം നിര്‍മ്മിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി അനില്‍ ശര്‍മ്മ ശ്രമം നടത്തുന്നു. എന്നാല്‍ ഏതാണ്ട് താര പദവി നഷ്ടപ്പെട്ട സണ്ണി ഡിയോളിനെ നായകനാക്കി. ഏതാണ്ട് പൂര്‍‌ണ്ണമായും സിനിമ വിട്ട അമീഷ പട്ടേലിനെ നായികയാക്കി പടം എടുക്കാന്‍ പ്രധാന പ്രൊഡക്ഷന്‍ കമ്പനികളോ സ്റ്റുഡിയോകളോ തയ്യാറായില്ല. ഒടുവില്‍ സംവിധായകന്‍ തന്നെ നിര്‍മ്മാണവും ഏറ്റെടുത്തു. 80 കോടി ചിലവിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 

എന്തായാലും ബജറ്റും കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ഗദര്‍ 2 എന്ന് കാണാം. ഷാരൂഖ് അഭിനയിച്ച പഠാന്‍ മാത്രമാണ് കളക്ഷനില്‍ ഗദാര്‍ 2ന് മുന്നില്‍ ഉള്ളത്.എന്നാല്‍ പഠാന് 250 കോടിക്ക് അടുത്താണ് നിര്‍‌മ്മാണ ചിലവ്. പഠാന്‍റെ കളക്ഷനെ ഗദര്‍ 2 മറികടക്കുമോ എന്നതും ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്. 

അതേ സമയം ഗദര്‍ 2 ബോളിവുഡില്‍ പുതിയ ട്രെന്‍റിന് തുടക്കമിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപകമാണ്. അതായത് 20, 30 കൊല്ലം മുന്‍പ് വന്‍ ഹിറ്റായ ഹിന്ദി ചിത്രങ്ങളുടെ രണ്ടാം ഭാഗം എന്നതാണ് ഇപ്പോള്‍ ഉയരാന്‍ പോകുന്ന ട്രെന്‍റ്. അതായത് ഖല്‍ നായക്, ബോര്‍ഡര്‍ തുടങ്ങിയവയുടെ രണ്ടാം ഭാഗം ചിലയിടങ്ങളില്‍ ആലോചിക്കാന്‍ തുടങ്ങിയെന്നാണ് വിവരം. 

30 വര്‍ഷം മുന്‍പ് ഇറങ്ങിയ സുഭാഷ് ഖായി സംവിധാനം ചെയ്ത ഖൽനായക്കിന് എന്തായാലും രണ്ടാം ഭാഗം വരും എന്ന് ഉറപ്പായിട്ടുണ്ട്. ഇതിലെ ലീഡ് റോളില്‍ ചില നടന്മാരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇതെല്ലാം നിഷേധിച്ച് സുഭാഷ് ഖായി രംഗത്ത് എത്തിയിരുന്നു.

ഒരു വിഭാഗം മാധ്യമങ്ങള്‍ പറയും പോലെ ഖൽനായക് 2 വിനായി മുക്ത ആർട്ട്സ് ഒരു നടനെയും കരാർ ചെയ്തിട്ടില്ല, ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി അതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുകയാണ്. സെപ്തംബർ 4 ന് മുംബൈയിൽ ഞങ്ങൾ താരങ്ങൾക്കൊപ്പം ഖനായക്കിന്റെ 30 വർഷം ആഘോഷിക്കും -സുഭാഷ് ഖായി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില് പറഞ്ഞു. 1993 ലാണ് സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തിയ ഖൽനായക് ഇറങ്ങിയത്. 

അതേ സമയം ബോര്‍ഡര്‍ സിനിമയ്ക്കും രണ്ടാം ഭാഗം ഗൌരവമായി ആലോചിക്കുന്നു എന്നാണ് വിവരം. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ ബോര്‍ഡര്‍ സിനിമയുടെ 25 വാര്‍ഷിക വേളയില്‍ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ ജെപി ദത്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നത് ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ വിപണിയിലെ മാറ്റങ്ങള്‍ രണ്ടാം ഭാഗ ആലോചനകളെ വീണ്ടും സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ബോളിവുഡില്‍ രണ്ടാം ഭാഗം ഒരു പുതിയ കാര്യം അല്ല. അടുത്തിടെയായി വിജയിക്കുന്ന ചിത്രങ്ങളുടെ അതേ ടീം അല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനി അതിന്‍റെ പേരില്‍ 2 എന്ന് ഇട്ട് പടം എടുക്കാറുണ്ട്. എന്നാല്‍ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും എന്നതല്ലാതെ അവ പലപ്പോഴും ബന്ധം ഉണ്ടാകാറില്ല. ഉദാഹരണമായി ബൂല്‍ബുലയ്യ, മണിചിത്രതാഴിന്‍റെ റീമേക്കായി വന്‍ ഹിറ്റായ ബൂല്‍ബുലയ്യ സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. എന്നാല്‍ ബൂല്‍ബുലയ്യ 2 സംവിധാനം ചെയ്തത് അനീസ് ബസ്മിയാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ടി സീരിസ് തന്നെ.

ഇത്തരത്തില്‍ ആയിരിക്കില്ല ഇനി ഗദര്‍ 2 വിജയത്തിന് ശേഷം വരുന്ന രണ്ടാം ഭാഗങ്ങള്‍ എന്നാണ് സൂചന. നേരിട്ട് കഥയുടെ തുടര്‍ച്ചയായി രണ്ടാം ഭാഗം ഒരുക്കാനാണ് ശ്രമങ്ങള്‍. അതേ സമയം എതെങ്കിലും ഒരു ചിത്രം ഹിറ്റ് അടിച്ചാല്‍ ആ ശൈലി പിന്തുടര്‍‌ന്ന് കുറേ ചിത്രങ്ങള്‍‌ ഇറക്കുന്ന പതിവ് രീതി തന്നെ ബോളിവുഡ് ഇതിലും പിന്തുടരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. കുറേക്കാലം ബയോപിക് ചിത്രങ്ങള്‍‌ക്ക് പിന്നാലെ പോയ ബോളിവുഡ്, പിന്നീട് റീമേക്ക് ചിത്രങ്ങള്‍ക്ക് പിന്നാലെയായിരുന്നു. ഇതേ രീതിയിലാകുമോ രണ്ടാം ഭാഗ തരംഗവും എന്നതാണ് ചര്‍ച്ച മുറുകുന്നത്. 

ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ബോളിവുഡ് വിജയത്തിലേക്ക്; ഗദര്‍ 2 പഠാനെ തോല്‍പ്പിക്കുമോ?

Asianet News Live

click me!