പൊതുവില്‍ റീമേക്ക് വുഡ് എന്ന കളിയാക്കാല്‍ നേരിടുന്ന ബോളിവുഡിന് കഴിഞ്ഞ കുറച്ചുകാലമായി വന്‍ ചിലവില്‍ എടുക്കുന്ന റീമേക്ക് ചിത്രങ്ങള്‍ നല്‍കിയത് വന്‍ നഷ്ടമാണ്.
മുംബൈ: പഠാന്‍ എന്ന മാസ് ഹിറ്റിന് ശേഷം സ്ഥിതിഗതികള്‍ മാറിയെന്ന പ്രതീക്ഷയിലായിരുന്ന ബോളിവുഡ്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളും തീയറ്ററില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ബോക്സ് ഓഫീസ് ദുരന്തങ്ങള്‍ ആകുകയാണ്. പ്രധാന ദുരന്ത നായകന്‍ അക്ഷയ് കുമാര്‍ തന്നെ തുടര്‍ച്ചയായി അഞ്ച് ചിത്രങ്ങളാണ് അക്ഷയ് കുമാറിന്‍റെതായി ബോക്സ് ഓഫീസില്‍ നിലംപതിച്ചത്. അതില്‍ ഏറ്റവും പുതിയത് സെല്‍ഫിയാണ്. ഇറങ്ങി ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളില്‍ 10 കോടിയെങ്കിലും കളക്ഷന്‍ ലഭിച്ചല്ലോ എന്ന ആശ്വാസം മാത്രമാണ് അണിയറക്കാര്‍ക്ക്. അതേ സമയം 80 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് എന്നാണ് വിവരം. അതായത് വലിയ നഷ്ടത്തിലേക്കാണ് ചിത്രം പോകുന്നത്.
എന്നാല്‍ പഠാന് ശേഷം തീയറ്ററില്‍ ബോംബ് പോലെ പൊട്ടിയ രണ്ട് വലിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പൊതുവായി ഒരു കാര്യമുണ്ട്. അവ രണ്ടും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കായിരുന്നു. സെല്‍ഫി എന്ന അക്ഷയ് കുമാര്‍ ചിത്രം മലയാളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്‍റെ റീമേക്കാണ്. തീയറ്ററില്‍ മറ്റൊരു ദുരന്തമായ കാര്‍ത്തിക് ആര്യന്‍ നായകനായ ഷെഹ്സാദെ അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം അല വൈകുന്ദപുരമുലോയുടെ റീമേക്കാണ്. പൊതുവില്‍ റീമേക്ക് വുഡ് എന്ന കളിയാക്കാല്‍ നേരിടുന്ന ബോളിവുഡിന് കഴിഞ്ഞ കുറച്ചുകാലമായി വന്‍ ചിലവില്‍ എടുക്കുന്ന റീമേക്ക് ചിത്രങ്ങള്‍ നല്‍കിയത് വന്‍ നഷ്ടമാണ്.
റീമേക്ക് വുഡ് എന്നത് നല്ല പേരോ, ചീത്ത പേരോ?
പ്രധാനമായും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഹിറ്റാകുന്ന ചിത്രങ്ങള്‍ തങ്ങളുടെ ഭാഷയില്‍ ഇറക്കുക എന്നത് ഹിന്ദിയിലെ പതിവായി മാറിയിട്ടുണ്ട്. മലയാളത്തില്‍ ഒരു കാലത്ത് എവര്‍ഗ്രീന്‍ ഹിറ്റുകളായ തമാശപടങ്ങളെ ബോളിവുഡില്‍ എത്തിച്ച് വന്‍ ഹിറ്റാക്കിയ പ്രിയദര്‍ശന്‍ ഈ കാര്യത്തില്‍ ബോളിവുഡിന് മുന്നില്‍ ഒരു വഴി തുറന്നിട്ടിരുന്നു. തന്‍റെതും മലയാളത്തില്‍ ഹിറ്റാകുന്നതുമായ ചിത്രങ്ങള്‍ പ്രിയന്‍ എടുത്ത് മികച്ച വിജയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അക്ഷയ് കുമാറിനും മറ്റും ബോളിവുഡില്‍ ഒരു വലിയ തിരിച്ചുവരവ് നല്‍കിയത് തന്നെ പ്രിയന്‍റെ ഇത്തരം റീമേക്ക് ചിത്രങ്ങളാണ് എന്ന് പറയാം.
എന്നാല്‍ 2010 ന് ശേഷം ഈ റീമേക്ക് രീതി തങ്ങളുടെ ഒരു സ്ഥിരം രീതിയാക്കി ബോളിവുഡ് മാറ്റിയെന്നതാണ് ശരി. ചിലപ്പോള്‍ നേരിട്ടുള്ള റീമേക്ക് അല്ലാതെ ചില ഭാഗങ്ങള്‍ ചില ചിത്രങ്ങളില്‍ നിന്ന് എടുക്കുന്ന രീതിയും ബോളിവുഡിന് ഉണ്ടായിരുന്നു. നേരത്തെ തന്നെ പലപ്പോഴും ഹോളിവുഡ് ചിത്രങ്ങളുടെ കഥകളെ അതീജീവിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രീതി ഉണ്ടായിരുന്ന ബോളിവുഡ് അത് പൂര്‍ണ്ണമായും ഉപേക്ഷിച്ചില്ലെങ്കിലും അതിന് പുറനേ കൂടുതല്‍ ദക്ഷിണേന്ത്യന്‍ പടങ്ങളിലേക്ക് റീമേക്ക് ശ്രമങ്ങള്‍ തിരിച്ചു.
പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇത്തരം റീമേക്കുകളിലേക്ക് ബോളിവുഡിനെ നയിക്കുന്നത് എന്നാണ് സിനിമ വിദഗ്ധര്‍ പറയുന്നത്. പ്രധാനപ്പെട്ടത് ആശയ ദാരിദ്രം തന്നെയാണ്. മികച്ച കണ്ടന്‍റുകള്‍ സൃഷ്ടിക്കാന്‍ ബോളിവുഡിലെ ഇപ്പോഴത്തെ മേക്കേര്‍സിന് സാധിക്കുന്നില്ല. അതേ സമയം അടുത്തകാലത്തായി ഹിന്ദി ബെല്‍റ്റിലെ പ്രേക്ഷകര്‍ക്ക് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളോടുള്ള പ്രിയം വര്‍ദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഹിന്ദി മൂവി ചാനലുകള്‍ ദിവസം മുഴുവന്‍ പ്രക്ഷേപണം ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകളാണ്. ഇതിന്‍റെ ജനപ്രീതിയാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കാം എന്നതിലേക്ക് ബോളിവുഡിനെ നയിക്കുന്നത്.
വന്‍ റീമേക്കുകള്‍, ഭൂരിഭാഗം പരാജയം
സിങ്കം എന്ന സൂര്യ നായകനായ തമിഴ് ചിത്രം രോഹിത്ത് ഷെട്ടി അതേ പേരില്‍ തന്നെ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു. ചെറിയ വ്യത്യാസങ്ങള്‍ വരുത്തി. അത് വന്‍ ഹിറ്റായ ശേഷം ഇതേ പരമ്പരയില്‍ സിങ്കം 2, സിംബ, സൂര്യവംശി എന്നിങ്ങനെ ഒരു പൊലീസ് പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു. ഇതില്‍ മിക്കതും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. എന്നാല്‍ ഇത്തരം വിജയങ്ങള്‍ അപൂര്‍വ്വമാണ് എന്നതാണ് റീമേക്കുകളുടെ കാര്യത്തില്‍ ബോളിവുഡിന് സംഭവിക്കുന്നത്. ആദ്യകാലത്ത് വലിയ വിജയങ്ങള്‍ നേടിയിരുന്നെങ്കിലും 2010ന് ശേഷം വന്ന പ്രിയദര്‍ശന്‍റെ ബോളിവുഡിലെ റീമേക്ക് പടങ്ങള്‍ ഒന്നും വലിയ വിജയം ആയിരുന്നില്ല.
കഴിഞ്ഞ കുറച്ചുകാലത്തെ ബോളിവുഡിലെ റീമേക്കുകള്‍ ഒന്ന് പരിശോധിക്കാം. തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിക്രം വേദ ബോളിവുഡില്‍ സെയ്ഫ് അലിഖാന്‍, ഹൃത്വിക് റോഷന്‍ കൂട്ടുകെട്ടിനെ വച്ചാണ് പുഷ്കര്‍ ഗായത്രി ടീം ഒരുക്കിയത്. നൂറുകോടിയിലേറെ ചിലവാക്കി എടുത്ത ചിത്രം ബോക്സ് ഓഫീസില്‍ ഒരു അനക്കവും ഉണ്ടാക്കിയില്ല. ജിഗര്‍താണ്ട എന്ന ചിത്രത്തിന്‍റെ റീമേക്കായ അക്ഷയ് കുമാറിന്‍റെ ബച്ചന്‍ പാണ്ഡേയുടെ അവസ്ഥയും ഇത് തന്നെ. നാനി നായകനായ തെലുങ്ക് ചിത്രം ജേഴ്സിയുടെ റീമേക്കില്‍ ഷാഹിദ് കപൂറായിരുന്നു നായകന്‍ അതും ബോക്സ്ഓഫീസില്‍ തകര്‍ന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ ഔദ്യോഗിക റീമേക്കായിരുന്നു ആമീര്‍ ഖാന്‍റെ ലാൽ സിങ് ഛദ്ദ അതും വലിയ പരാജയമായിരുന്നു.
ഇതൊക്കെ പ്രധാന റീമേക്കുകള്‍. ഇതിന് പുറമേ കഴിഞ്ഞ വര്‍ഷം മാത്രം മലയാളത്തിലെ ഹെലന്‍, തെലുങ്കിലെ ഹിറ്റ് , മലയാളത്തിലെ ഫോറന്‍സിക്, തമിഴിലെ കൊലമാവ് കോകില എന്നിങ്ങനെ ഒട്ടനവധി ചെറുചിത്രങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ റീമേക്കുകളില്‍ ബോളിവുഡില്‍ ബോക്സ്ഓഫീസ് ഹിറ്റായത് ദൃശ്യം 2 ആണ്. യഥാര്‍ത്ഥത്തെ ദൃശ്യം 2 ഒരു ഒടിടി ചിത്രമായി ഇറങ്ങിയപ്പോള്‍ തിരക്കഥയില്‍ വളരെ നല്ല മാറ്റങ്ങളോടെ വന്ന അജയ് ദേവഗണ്‍ നായകനായ ദൃശ്യം 2 ബോക്സ് ഓഫീസില്‍ വലിയ വിജയമായി. അതിന്‍റെ കണ്ടന്‍റാണ് ഇവിടെ വിജയിച്ചത് എന്നാണ് ബോളിവുഡ് വിലയിരുത്തുന്നത്.
റീമേക്കുകള്‍ പരാജയപ്പെടുവാന്‍ കാരണം
ഒരു ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കണ്ടന്‍റിന് വലിയ തോതില്‍ പരിക്ക് പറ്റുന്നു എന്നതാണ് പരാജയ കാരണമായി സിനിമ നിരൂപകര്‍ വിലയിരുത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്‍റെ ജിഗര്‍താണ്ട അക്ഷയ് കുമാറിനെ നായകനാക്കി ബച്ചന്‍ പാണ്ഡേ എന്ന പേരില്‍ എടുത്തു. മുന്‍പ് അക്ഷയ് ഒരു ചിത്രത്തില്‍ അഭിനയിച്ച റോള്‍ ആയിരുന്നു ബച്ചന്‍ പാണ്ഡേ. എന്നാല്‍ ബോബി സിംഹയുടെ വളരെ വന്യമായ റോളായിരുന്നു. ഒപ്പം ചിത്രത്തിന്‍റെ കളര്‍ ടോണ്‍ പോലും വളരെ റോ ആയിരുന്നു. എന്നാല്‍ ഹിന്ദിയില്‍ എത്തിയപ്പോള്‍ അക്ഷയ് കുമാറിന്‍റെ റോള്‍ അടക്കം വെറും തമാശയായി മാറി. ഒപ്പം വളരെ മോശം ലൌ ട്രാക്കും പിടിച്ചു. പടത്തിന്‍റെ ഗതി പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത് തന്നെയാണ് പലപ്പോഴും റീമേക്ക് ചിത്രങ്ങള്‍ക്ക് പറ്റുന്നത്. ചിലപ്പോള്‍ ഒറിജിനല്‍ ചിത്രം അതുപോലെ പിടിച്ചുവയ്ക്കും. ഇതിലൂടെ ഇന്നത്തെ ഒടിടി കാലത്ത് സബ് ടൈറ്റില്‍ ഇട്ട് എല്ലാ ഭാഷ സിനിമകളും കാണുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. രണ്ടാമത് അനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകളിലൂടെ ചിത്രത്തിന്‍റെ മൌലികത ഇല്ലാതാക്കുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഇത്തരം റീമേക്ക് ശ്രമങ്ങള്‍ ഒരിക്കലും ആകര്‍ഷിക്കുന്നില്ല.
എന്നിട്ടും തീരാത്ത റീമേക്ക് ജ്വരം..
പക്ഷെ പരാജയങ്ങള്‍ കൊണ്ട് പിന്നോട്ട് പോകാന്‍ ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരുക്കമല്ലെന്നാണ് അണിയറയില്‍ ഒരുങ്ങുന്ന റീമേക്കുകള്‍ നല്‍കുന്ന സൂചന. അജയ് ദേവഗണ്‍ കൈതി എന്ന പടം ഭോല എന്ന പേരില്‍ റീമേക്ക് ചെയ്യുന്നുണ്ട്. പുറത്തിറങ്ങിയ ടീസറിലും പാട്ടിലും യഥാര്‍ത്ഥ ലോകേഷ് കനകരാജ് പടത്തില്‍ നിന്നും വലിയ മാറ്റം ഉണ്ടെന്ന് വ്യക്തമാണ്. സൂര്യയുടെ സൂരരൈ പോട്ര് ഒടിടി റിലീസ് ആയിരുന്നു. എന്നാലും വലിയ ജനപ്രീതി നേടിയ ചിത്രമാണ്. ഇത് അക്ഷയ് കുമാറിനെ വച്ചാണ് റീമേക്ക് ചെയ്യുന്നത്. അന്യൻ എന്ന വിക്രത്തിന്‍റെ ഹിറ്റ് ചിത്രം ഷങ്കര്‍ തന്നെ രണ്‍വീറിനെ വച്ച് എടുക്കുന്നു എന്നാണ് മറ്റൊരു റീമേക്ക് വിശേഷം.
ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്‍റെ ന്യൂജേഴ്സിയിലെ താരനിശ ഉപേക്ഷിച്ചു
കാമുകിയെ ചുംബിച്ച് യാത്ര പറയുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ- വീഡിയോ പുറത്ത്