ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, പത്രത്തിലെ ശേഖരേട്ടന്‍, വരവേല്‍പ്പിലെ യൂണിയന്‍ നേതാവ്, അങ്ങനെ മുരളി എന്ന നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ നിരവധിയാണ്
കഥാപാത്രങ്ങള്‍ക്ക് തന്റേതായ തനത് വ്യക്തിത്വം പകര്‍ന്നുകൊടുത്ത, മലയാളികളുടെ പ്രിയനടന്‍ മുരളിയുടെ ഓര്‍മ്മകള്‍ക്ക് പത്ത് വയസ്. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ-നാടക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി. നായകനെന്നോ പ്രതിനായകനെന്നോ വ്യത്യാസമില്ലാതെ തേടിയെത്തിയ കഥാപാത്രങ്ങളെയൊക്കെയും അദ്ദേഹം മനോഹരമാക്കി. വാണിജ്യ-സമാന്തര സിനിമകളില്‍ അദ്ദേഹത്തിലെ നടന്‍ വ്യത്യസ്തമായ തലങ്ങളില്‍ പ്രതിഫലിപ്പിക്കപ്പെട്ടു. 1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി ആണ് ആദ്യ ചിത്രമെങ്കിലും പഞ്ചാഗ്‌നിയിലെ വില്ലന്‍വേഷത്തിലൂടെയാണ് മലയാളികള്‍ ആ അഭിനയ പ്രതിഭയെ അടുത്തറിഞ്ഞത്.
ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, പത്രത്തിലെ ശേഖരേട്ടന്‍, വരവേല്‍പ്പിലെ യൂണിയന്‍ നേതാവ്, അങ്ങനെ മുരളി എന്ന നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ നിരവധിയാണ്. പുറമേയ്ക്ക് 'പരുക്കന്‍' ഭാവമുള്ള, വൈകാരികതയൊക്കെ ഉള്ളില്‍ ഒളിപ്പിച്ച കഥാപാത്രങ്ങളായിരുന്നു മുരളിയുടെ സ്‌ക്രീന്‍ ഇമേജ് ആയി മാറിയത്.
undefined
എന്നാല്‍ മാനസിക തലങ്ങളില്‍ സമാനതയുള്ള കഥാപാത്രങ്ങളെയും അദ്ദേഹം വേറിട്ടതാക്കി. 2002ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു അദ്ദേഹത്തിന്.
സിനിമയേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു മുരളിക്ക് നാടകത്തിന്റെ അരങ്ങ്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തില്‍ സജീവമായിരുന്നു മുരളി. ജി.ശങ്കരപിള്ളയുടെ കൂടെ നിരവധി നാടകപ്രവര്‍ത്തനങ്ങളിലും മുരളി പങ്കാളിയായി. അഭിനേതാവും ആശാന്റെ കവിതയും എന്ന പുസ്തകത്തിലൂടെ സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിന്റെ രസതന്ത്രം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷത്തോട് എപ്പോഴും ചേര്‍ന്നു നിന്ന മുരളി 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എല്ലാ യഥാര്‍ഥ കലാകാരന്മാരെയും പോലെ കല എല്ലാ തരത്തിലുമുള്ള അതിജീവനമായിരുന്നു മുരളിക്ക്, സ്വയം പ്രകാശനവും. അതിനാലാവും പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഈ നടന്‍ മലയാളത്തിന്റെ തിരശ്ശീലയില്‍ ഇപ്പോഴും തന്റെ അസാന്നിധ്യം അറിയിച്ചുകൊണ്ടേയിരിക്കുന്നത്.
.