മോഹൻലാല്‍ നിധികാക്കും ഭൂതമായപ്പോള്‍; 'ബറോസ് ആന്‍റ് വൂഡു'വിന്‍റെ അണിയറ കഥകളുമായി സുനില്‍ നമ്പു

By Vipin VK  |  First Published Jul 25, 2024, 12:59 PM IST

ബറോസ് ആന്‍റ് വൂഡു എന്ന ആനിമേഷന്‍ സീരിസിന് പിന്നിലെ കഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സുനില്‍ നമ്പു


മോഹൻലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്.  നിധികാക്കും ഭൂതം എന്ന കുട്ടിക്കഥയുടെ ചേരുവയുമായി എത്തുന്ന ചിത്രത്തിലെ ടൈറ്റില്‍ വേഷത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ബറോസിന്റെ അനിമേറ്റഡ് സീരീസ് എത്തിയിരിക്കുകയാണ്. ബറോസ് നിര്‍മ്മാതക്കളായ ആശീര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്ന ഈ സീരിസിന്‍റെ സംവിധാനം ആനിമേറ്ററായ സുനില്‍ നമ്പുവാണ്. ബറോസ് ആന്‍റ് വൂഡു എന്ന ആനിമേഷന്‍ സീരിസിന് പിന്നിലെ കഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. 

ബറോസ് ആന്‍റ് വൂഡു 

Latest Videos

undefined

ബറോസ് സിനിമയുടെ പിന്നിലെ പ്രധാനിയായ സംവിധായകന്‍ ടികെ രാജീവ് കുമാറാണ് ഇത്തരം ഒരു ആശയവുമായി വന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം  ഇത്തരം ഒരു ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിനെപ്പോലെ ഒരു അഭിനേതാവിനെവച്ച് ഒരു കോമിക് സീരിസ് എന്ന ആശയം തന്നെ വളരെ  പുതുമയുള്ളതായിരുന്നു. അതുകൊണ്ട് പുതുമയുള്ള ഒരു അവതരണം തന്നെയാണ് 'ബറോസ് ആന്‍റ് വൂഡു' വിന് നല്‍കിയിരിക്കുന്നത്.

ഒരു സാധാരണ കോമിക് സീരിസ് എന്നതിനപ്പുറം സംഗീതവും, കാര്‍ട്ടൂണും, ഗ്രാഫിക്സും എല്ലാം ചേരുന്ന ഒരു കലാരൂപമാണ് ഇത്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതലുള്ള പല മോഹന്‍ലാല്‍ ചിത്രങ്ങളിലെയും ഗാന രംഗങ്ങളിലെയും മോഹന്‍ലാലിന്‍റെ ഭാവങ്ങളും, ശരീര ചലനങ്ങളും ഈ കോമിക്സിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പലപ്പോഴും ഈ ഗാനങ്ങള്‍ കേട്ടാണ് ആനിമേഷന്‍ നടത്തിയത്. എഫ്ടിഐയില്‍ നിന്നുള്ള സുബ്രമണ്യൻ കെവിയും അശോകുമാണ് ഈ സീരിസിന്‍റെ സൗണ്ട് ചെയ്തിരിക്കുന്നത്. രമേഷ്  നാരായണ്‍ ആണ് സംഗീതം.

മോഹന്‍ലാല്‍ കണ്ടപ്പോള്‍

റിയാസ് കോമുവിന്‍റെ ഒരു ഷോയില്‍ ഞാന്‍ 30 മിനുട്ടോളം നീളുന്ന മട്ടഞ്ചേരിയെ സംബന്ധിച്ച ആനിമേഷന്‍ ചെയ്തിരുന്നു അത് കണ്ടാണ് ഈ പ്രൊജക്ടിലേക്ക് എന്നെ രാജീവ് കുമാര്‍ വിളിക്കുന്നത്. നിധികാക്കും ഭൂതം എന്ന ആശയവും ബറോസ് എന്ന ഭൂതവും സന്തത സഹചാരിയായ വൂഡു  എന്ന പയ്യനും എന്ന ഒറ്റ ആശയം കേട്ടപ്പോള്‍ തന്നെ ചിത്രത്തിന്‍റെ കഥ പോലും കേള്‍ക്കേണ്ടതില്ലെന്ന് ഞാന്‍ രജീവ് കുമാറിനോട് പറഞ്ഞു. അത്രയും ഗംഭീരമായ ആശയമായിരുന്നു. സാമ്പ്രദായികമായി ആനിമേഷന്‍ സ്കൂളില്‍ നിന്നും ആനിമേഷന്‍ പഠിച്ചുവന്ന വ്യക്തിയല്ല ഞാന്‍. അതിനാല്‍ തന്നെ ഇത്തരം രീതികളില്‍ നിന്നും മാറിയുള്ള ഒരു പരീക്ഷണമാണ് ബറോസ് ആന്‍റ് വൂഡുവില്‍ നടത്തിയിരിക്കുന്നത്. സംഗീതവും നൃത്തവും എല്ലാം ഇതില്‍ ചേര്‍ത്തിട്ടുണ്ട്. വൂഡു എന്നത് ഒരു മരപാവയാണ്. ശരിക്കും ആ ആശയം ചലനങ്ങള്‍ വളരെ ഫ്ലെക്സിബിളായി ക്രമീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. എപ്പിസോഡുകള്‍ മോഹന്‍ലാലിനെ കാണിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. ഇപ്പോള്‍ റിലീസിന് ശേഷം സീരിസിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. 

സിനിമയും ആനിമേഷന്‍ സീരിസും

ബറോസ് ആന്‍റ് വൂഡു 10 എപ്പിസോഡുകളോളം ഉണ്ട്. ഒരു മിനുട്ടിന് അടുത്തുവരുന്ന ഒരോ എപ്പിസോഡുകളിലും ഇപ്പോള്‍ ഇറങ്ങിയ രണ്ട് എപ്പിസോഡുപോലെയാണോ എന്ന ചോദ്യം വരാം. എന്നാല്‍ ഇവയില്‍ എല്ലാം സിനിമയെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉണ്ടാകാം. വരും എപ്പിസോഡുകളില്‍ ചില സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാം. നിധി കാക്കൂന്ന ഭൂതമാണ് ബറോസ്. അതിനാല്‍ തന്നെ എന്താണ് അടുത്തത് എന്ന ക്യൂരിയോസിറ്റി നിലനിര്‍ത്തി തന്നെ ഈ ആനിമേഷന്‍ സീരിസും മുന്നോട്ട് പോകും. വലിയൊരു ചിത്രമാതിനാല്‍ തന്നെ ഇത്തരം ഒരു ചിത്രത്തിന്‍റെ കഥ പരിസരത്തില്‍ കൗതുകം ഉണര്‍ത്താന്‍ ട്രെയിലറുകള്‍ക്കും, മേയ്ക്കിംഗ് വീഡിയോകള്‍ക്കും അപ്പുറമുള്ള സാധ്യത കൂടിയാണ് ആനിമേഷന്‍ സീരിസിലൂടെ നടത്തുന്നത്. 

സ്വയം പഠിച്ചെടുത്ത കല

അക്കാദമിക്കായി ആനിമേഷന്‍ പഠിച്ച വ്യക്തിയല്ല ഞാന്‍. എന്നാല്‍ ആനിമേഷനും വരയും എന്നും ഇഷ്ടമായിരുന്നു. ഒരു എഞ്ചിനീയറായിരുന്നു. എന്നാല്‍ 2000 തുടക്കത്തില്‍ തന്നെ ആനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. മായ പോലുള്ള സോഫ്റ്റ്വെയര്‍ ആദ്യകാലത്ത് തന്നെ ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് ജോലി സംബന്ധമായി കോര്‍പ്പറേറ്റ് ലൈഫിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളും, ഗ്രാഫിക് നോവലുകളും, വിവിധ പ്രൊജക്ടുകളും നടത്തി. കൊവിഡ‍് കാലത്താണ് ഇതിലേക്ക് പൂര്‍ണ്ണമായും ഇറങ്ങിയത്. ഒരു എഞ്ചിനീയര്‍ എന്ന നിലയില്‍ ആനിമേഷന് പിന്നിലെ സാങ്കേതിക കാര്യങ്ങള്‍ വേഗം മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്ത് സാങ്കേതികത ഉപയോഗിച്ചാലും പെര്‍ഫക്ഷന് മുകളില്‍ എത്രത്തോളം പണിയെടുത്താലും എന്ത് ടെക്നോളജി ഉപയോഗിച്ചാലും ഒരു ആനിമേഷന്‍ അതിന്‍റെ കഥ ഏത് രീതിയില്‍ മനോഹരമായി അവതരിപ്പിക്കുന്നു എന്നതിലാണ് വിജയിക്കുന്നത് എന്നതാണ് എന്‍റെ ചിന്ത. 

രസിപ്പിക്കാൻ ബറോസ്, ആനിമേറ്റഡ് സീരീസ് ഭാഗം രണ്ട് പുറത്തുവിട്ടു

'കുട്ടികളേ ബറോസ് നിങ്ങള്‍ക്കുള്ളതാണ്', അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹൻലാല്‍

click me!