സല്‍മാന് എല്ലാമായ നേതാവും തീര്‍ന്നു, 31 കാരന്‍ ഗ്യാങ്‌സ്റ്ററിന്‍റെ പകയില്‍.!

By Web Team  |  First Published Oct 13, 2024, 8:50 PM IST

മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തു. സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് ഇതായിരിക്കും അനുഭവം എന്നും സംഘം ഭീഷണിപ്പെടുത്തി.


മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുക മാത്രമല്ല, നടൻ സൽമാൻ ഖാനെ സഹായിക്കുന്നവര്‍ക്ക് ഇതായിരിക്കും അനുഭവം എന്ന് ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്‌ണോയിയുടെ ഗ്യാങ്ങ്. 

മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന സിദ്ദിഖ് ശനിയാഴ്ച രാത്രി ബാന്ദ്ര ഈസ്റ്റിലെ അദ്ദേഹത്തിന്‍റെ മകൻ എം.എൽ.എ സീഷൻ സിദ്ദിഖിന്‍റെ ഓഫീസിന് സമീപം കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് ഇതില്‍ ബന്ധമുണ്ടെന്ന് ഊഹാപോഹങ്ങൾ പരക്കാൻ തുടങ്ങിയിരുന്നു.

Latest Videos

undefined

പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘത്തിലെ പ്രധാന അംഗമായ ശുഭം  രാമേശ്വര്‍ ലോങ്കർ എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.  അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളതിനാലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതെന്നും സൽമാൻ ഖാന്‍റെ അടുപ്പക്കാരനാണെന്നും. സല്‍മാന്‍റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിൽ അറസ്റ്റിലായ പ്രതികളിലൊരാളായ അനുജ് തപന്‍റെ മരണത്തിന് സിദ്ദിഖിയാണ് ഉത്തരവാദിയെന്നും ഇയാള്‍ പറഞ്ഞു. 

അനൂജ് തപന്‍ മെയ് മാസം 1നാണ്  മുംബൈ ക്രൈം ബ്രാഞ്ച് ലോക്കപ്പില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ അനൂജിനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് അനൂജിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. 

"ഞങ്ങൾക്ക് ആരുമായും ശത്രുതയില്ല, എന്നാൽ സൽമാൻ ഖാനെയും ദാവൂദ് സംഘത്തെയും സഹായിക്കുന്നവർ നിങ്ങളുടെ അക്കൗണ്ടുകൾ എല്ലാം കറക്ടാക്കി വച്ചോളൂ" എന്നാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ആള്‍ പറയുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ഗ്യാങ്ങ് അംഗമാണ് പോസ്റ്റിട്ടത് എന്ന് സ്ഥിരീകരിച്ചതായി മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്. 

ആരാണ് ലോറന്‍സ് ബിഷ്ണോയി

31 കാരനായ ലോറന്‍സ് ബിഷ്‌ണോയി കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടയാളാണ്. തങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയെന്ന് ഇയാളുടെ സുഹൃത്ത് ഗോൾഡി ബ്രാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ലോറന്‍സ് ബിഷ്‌ണോയി കുപ്രശസ്തനായത്. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ ജയിലലിലാണ്. 

എന്താണ് സല്‍മാനോട് ഇത്ര ദേഷ്യം

1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സൽമാൻ ഖാന്‍ പ്രതിയാണ്. ബിഷ്‌ണോയി സമുദായത്തിന് ഏറെ അതൃപ്തിയുണ്ടാക്കിയ സംഭവമാണിത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമായി കണക്കാക്കുന്നവയാണ് കൃഷ്ണമൃഗങ്ങള്‍. ഞങ്ങൾ സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലും എന്നാണ് 2018-ൽ കോടതിയിൽ ഹാജരായപ്പോൾ ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്.

ഇതിന് മുമ്പെ ലോറൻസ് ബിഷ്‌ണോയി ഓൺലൈനിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സൽമാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

2023-ൽ, ഖാന്‍റെ മാനേജർക്ക് ഭീഷണിപ്പെടുത്തുന്ന ഒരു ഇമെയിൽ ലഭിച്ചു, അതിൽ ബിഷ്‌ണോയ് ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിച്ചു. സൽമാനെ കൊല്ലുകയാണ് തന്‍റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറഞ്ഞു. അയാൾക്ക് പണം ആവശ്യമില്ല, ഒരു ക്ഷമാപണം മാത്രം. “ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എന്‍റെ സമൂഹത്തെയാകെ അയാള്‍ അപമാനിച്ചു. ആയാള്‍ക്കെതിരെ അതിന്  കേസുണ്ട്, പക്ഷേ സല്‍മാന്‍ മാപ്പ് പറയാൻ വിസമ്മതിച്ചു ” ബിഷ്‌ണോയ് പറഞ്ഞു.

പിന്നീടാണ് 2024 ഏപ്രില്‍ 14ന് സല്‍മാന്‍റെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്‍റിന് പുറത്ത് വെടിവയ്പ്പ് നടന്നത്. അന്ന് സല്‍മാനെ വധിക്കാന്‍ തന്നെയായിരുന്നു ശ്രമം എന്നാണ് പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്. അതിന് ശേഷവും സല്‍മാനെതിരെ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദിഖിയെ വധിക്കുന്നത്. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ബാബ സിദ്ദിഖി.

സല്‍മാന്‍ ഖാനെ മാത്രമല്ല ബോളിവുഡിലെ ഒരുവിധം എല്ലാ താരങ്ങളുമായി അടുത്ത ബന്ധമാണ് സിദ്ദിഖിക്ക്. ഇദ്ദേഹം നടത്താറുള്ള ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ബോളിവുഡിലെ പ്രധാന സംഗതിയാണ്. 2013 ല്‍ അഞ്ച് കൊല്ലത്തോളം മിണ്ടാതിരുന്ന ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും വീണ്ടും ഒന്നിപ്പിച്ചത് ബാബ സിദ്ദിഖി ആയിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സല്‍മാന്‍ ഖാന്‍ ഞങ്ങള്‍ക്ക് ബാബ സിദ്ദിഖിയെപ്പോലെയാണ്, ഗുജറാത്തിന് മോദി എന്ന് പോലും പറഞ്ഞിരുന്നു. അത്തരം ഒരു വ്യക്തിയെയാണ് സല്‍മാന്‍റെ അടുത്ത ബന്ധത്തിന്‍റെ പേരില്‍ ലോറന്‍സ് ബിഷ്ണോയി സംഘം വധിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ABP News (@abpnewstv)

 

നേരത്തെ സല്‍മാന്‍റെ താമസ സ്ഥലത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായിരുന്ന സമയത്ത് ശക്തമായ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്ന് സല്‍മാനെ സന്ദര്‍ശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സല്‍മാനെതിരായ ഭീഷണി അവസാനിപ്പിക്കും എന്നാണ് പറഞ്ഞത്. ആ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായ വ്യക്തിയാണ് ബാബ സിദ്ദിഖി. ബാബ സിദ്ദിഖി ഏകനാഥ് ഷിൻഡെ നയിക്കുന്ന ഭരണ മുന്നണിയിലെ നേതാവും കൂടിയാണ് എന്നതാണ് ശ്രദ്ധേയം. അതിനാല്‍ ഈ വധത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ത് നടപടി എടുക്കും എന്നതും ശ്രദ്ധേയമാണ്. 

'ആലിയ പടം ജിഗ്രയുടെ കളക്ഷന്‍ ഫേക്ക്': നടിയുടെ ആരോപണം, വിവാദം ബോളിവുഡിനെ പിടിച്ചുകുലുക്കുന്നു !

ജവാന് ശേഷം വീണ്ടും ഷാരൂഖ് ചിത്രത്തിന് സംഗീതം ചെയ്യാന്‍ അനിരുദ്ധ്

click me!