തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്
ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ധനുഷിനൊപ്പം സുപ്രധാന വേഷത്തിൽ ജോജു ജോർജ്ജാണ് എത്തുന്നത്. ധനുഷിന്റെ നാല്പതാമത്തെ ചിത്രമായ ജഗമേ തന്തിരത്തിൽ മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിക്കും പുറമെ അനൂപ് അനൂപ് ശശിധരൻ എന്ന നടനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. വിനു ജോസഫ് ഒരുക്കിയ നവംബര്‍ റെയിന്‍ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അനൂപാണ്. കാര്‍ത്തിക് സുബ്ബരാജുമായുള്ള സൗഹൃദമാണ് തന്നെ ജഗമേ തന്തിരത്തിലേയ്ക്ക് എത്തിച്ചതെന്ന് അനൂപ് പറയുന്നു.
undefined
"ജിഗർതണ്ട എന്ന ചിത്രം ഒരുക്കിയപ്പോൾ മുതല്‍ കാര്‍ത്തിക് സുബ്ബരാജുമായി പരിചയമുണ്ട്, ഓഡിഷൻ വഴിയാണ് ഞാൻ ഈ ചിത്രത്തിലെത്തിയത്, ആദ്യ ഷോട്ട് തന്നെ ധനൂഷിനൊപ്പം തന്നെയായിരുന്നു, ശരിക്കും ആകെ പേടിയോടെയാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. ലണ്ടനിലായിരുന്നു ഷൂട്ട്. ധനൂഷ് നല്ല രീതിയില്‍ സപ്പോർട്ട് ചെയ്തു, ഇപ്പോൾ തന്നെ ധനൂഷിനൊപ്പമുള്ള ഒരു ഗാനരംഗം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ആ ഗാനത്തിന് ലഭിക്കുന്നത്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഒരു പാവം മനുഷ്യനാണ്, ഒരു പാട് സഹായിച്ചിട്ടുണ്ട്. എന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ വേഷം തന്നെയാണ് ചിത്രത്തിലുള്ളത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതെന്നും അനൂപ് പറയുന്നു.
ശക്തിവേല്‍ പെരുമാൾ സ്വാമി ഒരുക്കുന്ന മലയാളചിത്രം വികൃതിയുടെ തമിഴ് പതിപ്പിലാണ് ഇനി അനൂപ് അഭിനയിക്കുന്നത്. മലയാളത്തില്‍ മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ്. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹൈലാന്റർ, ബ്രേവ് ഹാർട്ട്, ക്രോണിക്കിൾസ് ഓഫ് നാർനിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജെയിംസ് കോസ്മോ ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിൽ ജിയോർ മോർമോണ്ട് എന്ന കഥാപാത്രമായെത്തിയിരുന്നു.സംഗീതം സന്തോഷ് നാരായണൻ. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ.