Akshay Kumar : 5000 രൂപ അഡ്വാൻസിൽ നിന്ന് 135 കോടി പ്രതിഫലത്തിലേക്ക്; അക്ഷയ് കുമാറിന്‍റെ 30 വിജയവർഷങ്ങൾ

By Prajula B  |  First Published May 11, 2022, 2:15 PM IST

കടുത്ത നിരാശയിലായിരുന്ന അക്ഷയ്ക്ക് മുന്നിൽ അന്ന് അപ്രതീക്ഷിതമായി ഒരു ഓഫറെത്തി. വെറും ഓഫറല്ല. നായകവേഷം. അതും മൂന്ന് സിനിമകളിലേക്ക്. നിർമ്മാതാവായ പ്രമോദ് ചക്രവർത്തി ആയിരുന്നു അക്ഷയെ വച്ച് ഭാഗ്യപരീക്ഷണത്തിന് തയ്യാറായത്. ദീദാർ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. അഡ്വാൻസായി അയ്യായിരം രൂപയും നൽകി


90കളിലെ മുംബൈ.. ജുഹൂ ബീച്ചിലെ ആഡംബര ബംഗ്ലാവിന് പുറത്ത് സിനിമാമോഹിയായ ഒരു യുവാവിന്റെ ഫോട്ടോഷൂട്ട് നടക്കുന്നു. അകത്ത് കയറാൻ ഉടമ അനുവദിക്കാത്തതിനാൽ ബംഗ്ലാവിന്റെ പുറംവാതിൽ പശ്ചാത്തലമാക്കി ആ 23കാരൻ ഫോട്ടോകൾ എടുത്ത് മടങ്ങി. കാലം കടന്നുപോയി. ജുഹൂവിലെ മോഹിപ്പിക്കുന്ന ആ ബംഗ്ലാവിൽ ഇന്ന് താമസിക്കുന്നത് അന്ന് പ്രവേശനം നിഷേധിക്കപ്പെട്ട അതേ ചെറുപ്പക്കാരൻ. രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാർ (Akshay Kumar).  വെള്ളിത്തിരയിലേക്കുള്ള വഴികാട്ടിയ ആ വാതിൽ ഇപ്പോഴുമുണ്ട് ബംഗ്ലാവിൽ. അസാധ്യമായതായി ഒന്നുമില്ലെന്ന് തോന്നും അക്ഷയ് കുമാറിന്റെ ജീവിതം അടുത്തറിയുമ്പോൾ. അയ്യായിരം രൂപയിൽ നിന്ന് 2500 കോടിയുടെ മൂല്യത്തിലേക്കുള്ള അക്ഷയ് കുമാറിന്റെ 30 വർഷത്തെ സിനിമായാത്ര ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഷെഫ്, വെയ്റ്റർ, കരാട്ടെ അധ്യാപകൻ, ആഭരണക്കച്ചവടക്കാരൻ... അങ്ങനെ സിനിമയിലെ സൂപ്പർതാരം ജീവിതത്തിൽ അണിഞ്ഞ വേഷങ്ങൾ നിരവധി.

പഞ്ചാബിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് ദില്ലിയിലെ ചാന്ദ്നി ചൗക്കിൽ വളർന്ന രാജീവ് ഹരിക്ക് ചെറുപ്പത്തിലേ താൽപര്യം സ്പോർട്സിനോടായിരുന്നു. കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ചെന്നെത്തിയത് ആയോധനകലകളുടെ ലോകത്ത്. സ്കൂൾ തലം മുതൽ പഠിച്ച കരാട്ടെ മുറകളുമായി ബാങ്കോക്കിലേക്ക് പറന്നു. പട്ടാളക്കാരനായ അച്ഛൻ സ്വരുക്കൂട്ടിയ പണവുമായിട്ടായിരുന്നു യാത്ര. 5 വർഷം നീണ്ട മാർഷ്യൽ ആർട്സ് പരിശീലനം. ക്ലാസിനിടെ തന്നെ ഷെഫായും വെയിറ്ററായും ഹോട്ടലിൽ ജോലിയും നോക്കി. തയ്ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റുമായിട്ടായിരുന്നു നാട്ടിലേക്കുള്ള മടക്കം. പിന്നീട് പല നാടുകളിൽ പല റോളുകൾ പരീക്ഷിച്ചു. കൊൽക്കത്തയിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. ധാക്കയിലെ ഹോട്ടലിൽ ഷെഫായി. ദില്ലിയിൽ ജ്വല്ലറി വിതരണക്കാരനായി. ഒടുവിൽ ജീവിതമാ‍ർഗ്ഗം തേടി മുംബൈയിലും എത്തി. കുട്ടികളെ മാർഷ്യൽ ആർട്സ് പരിശീലിപ്പിച്ച് തുടങ്ങി. രാജീവിന്റെ ജീവിതം മാറിമറയുന്നത് അവിടെ നിന്നാണ്. രാജീവിന്റെ ഫിറ്റ്നസ് കണ്ട്, ശിഷ്യൻമാരിൽ ഒരാളുടെ അച്ഛൻ മോഡലിംഗ് രംഗത്തേക്ക് ക്ഷണിച്ചതാണ് വഴിത്തിരിവ്.

Latest Videos

 

വെറും രണ്ട് മണിക്കൂർ നേരത്തേക്കുള്ള ജോലി. പോക്കറ്റിൽ 21,000 രൂപ. മാസം  അയ്യായിരം രൂപ ശമ്പളം പറ്റിയിരുന്ന രാജീവിന് മോഡലിംഗ് കൂടുതൽ പണമുണ്ടാക്കാനുള്ള വഴിയായി. മോഡലിംഗ് ഭ്രമം ക്രമേണ സിനിമാമോഹമായി വളർന്നു. മുംബൈയിലെ ഫിലിം സ്റ്റുഡിയോകളിലും, നിർമ്മാതാക്കളുടെയും സംവിധായകരുടെയും വീടുകളിലും ബയോഡാറ്റയുമായി കുറെ അലഞ്ഞു.  സിനിമാക്കാർക്ക് നൽകാനുള്ള ഫോട്ടോകൾ ഒപ്പിച്ചത് ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി ഒന്നരവർഷത്തോളം കൂലിയില്ലാതെ ജോലി ചെയ്താണെന്ന് പിന്നീട് അക്ഷയ് വെളിപ്പെടുത്തിയിരുന്നു. കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയില്ല.. നൃത്തരംഗങ്ങളിൽ നർത്തകരിൽ ഒരാളായി. 1987ൽ മഹേഷ് ഭട്ടിന്റെ ആജ് എന്ന സിനിമയാണ് പേര് മാറ്റത്തിന് നിമിത്തമായത്.  ചിത്രത്തിൽ നാലര സെക്കന്റ് മാത്രം ആയിരുന്നു റോൾ. നായകനായി വേഷമിട്ടത് കുമാർ ഗൗരവ്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു അക്ഷയ്. സെറ്റിൽ വച്ച് കുമാറിന്റെ അഭിനയവും കഥാപാത്രവും സൂക്ഷ്മമായി നീരീക്ഷിച്ച രാജീവ്, തന്റെ പേര് അക്ഷയ് കുമാ‍ർ എന്നാക്കാൻ തീരുമാനിച്ചു. ബാന്ദ്രാ കോടതിയിൽ പോയി പേര് മാറ്റം ഔദ്യോഗികമാക്കി.

അക്ഷയ് കുമാർ എന്ന വിസിറ്റിംഗ് കാർ‍ഡുകൾ വിതരണം ചെയ്തായിരുന്നു പിന്നീടുള്ള കാത്തിരിപ്പ്. അങ്ങനെയിരിക്കെ ഒരു ദിവസം ബംഗളൂരുവിൽ നിന്ന് ഒരു പരസ്യചിത്രത്തിലേക്ക് ഓഫർ. എന്നാൽ വിമാനം കിട്ടാതെ യാത്ര മുടങ്ങി. ഭാഗ്യക്കേടെന്ന് കരുതിയ  ആ ദിവസമായിരുന്നു അക്ഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. കടുത്ത നിരാശയിലായിരുന്ന അക്ഷയ്ക്ക് മുന്നിൽ അന്ന് അപ്രതീക്ഷിതമായി ഒരു ഓഫറെത്തി. വെറും ഓഫറല്ല. നായകവേഷം. അതും മൂന്ന് സിനിമകളിലേക്ക്. നിർമ്മാതാവായ പ്രമോദ് ചക്രവർത്തി ആയിരുന്നു അക്ഷയെ വച്ച് ഭാഗ്യപരീക്ഷണത്തിന് തയ്യാറായത്. ദീദാർ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. അഡ്വാൻസായി അയ്യായിരം രൂപയും നൽകി. ഒരു സൂപ്പർസ്റ്റാറിന്റെ ഉദയത്തിലേക്കുള്ള യാത്രയുടെ തുടക്കം.  നായകനായുള്ള ആദ്യ ഓഫർ ദീദാറിൽ ആണെങ്കിലും തീയറ്ററുകളിലെത്തിയ ആദ്യചിത്രം സൗഗന്ധ്. 1991ൽ.  ആദ്യകാലചിത്രങ്ങൾ വിജയിച്ചില്ലെങ്കിലും  പുതുമുഖ നായകനെ ബോളിവുഡ് കൈവിട്ടില്ല. 92ൽ പുറത്തിറങ്ങിയ അബ്ബാസ് മസ്താന്റെ ഖിലാഡി അക്ഷയുടെ തലവര മാറ്റി. സൂപ്പർഹിറ്റായ ഖിലാഡി പരമ്പരയിലൂടെ അക്ഷയ് ബോളിവുഡിന്റെ ഖിലാഡിയായി. 

 

തിരി‍ഞ്ഞുനോക്കേണ്ടി വന്നില്ല പിന്നീട്. 30 വർഷങ്ങൾ .. 145 ഓളം സിനിമകൾ. പരാജയം വന്നപ്പോഴെല്ലാം അതിശക്തമായി തിരിച്ചുവന്നു. മൊഹ്റയും ഹേറാഫേരിയും ഭൂൽ ബുലയ്യയും വെൽകമും എയർലിഫ്റ്റും തുടങ്ങി ബച്ചൻ പാണ്ഡേ വരെ എത്തി നിൽക്കുന്ന വിജയചിത്രങ്ങൾ. അയ്യായിരം രൂപ ആദ്യ സിനിമക്ക് അഡ്വാൻസ് വാങ്ങിയ നടൻ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായി. ഒരു സിനിമക്ക് 135 കോടി രൂപ വരെ പ്രതിഫലം . പരസ്യത്തിലും സിനിമകളിലുമായുള്ള മൂല്യം 2500 കോടിയോളം വരും. ഒരു വർഷം 4 സിനിമകൾ വരെ. മുപ്പതോളം പരസ്യചിത്രങ്ങളും. താരത്തിന്റെ പരസ്യവരുമാനവും കണ്ണ് തള്ളിക്കും. 2019ൽ ഫിനാൻഷ്യൽ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോ‍ർട്ട് പ്രകാരം താരത്തിന്റെ വിപണി മൂല്യം ഏകദേശം 800 കോടിയോളം രൂപയാണ്.  പരസ്യചിത്രത്തിലെ അഭിനയത്തിന് ഒരു ദിവസത്തേക്ക് വാങ്ങുന്നത് 3 കോടി രൂപ വരെ ആണെന്നാണ് കണക്ക്. പ്രതിഫലത്തിൽ ഓരോ വർഷവും 20 ശതമാനത്തോളം വർധന താരം വരുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോഡ്ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാതെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന അക്ഷയ് കുമാർ ഇന്ന് ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്നു. അഭിനയമോഹികളായ യുവാക്കൾക്ക് എക്കാലവും പ്രചോദനമാണ് അക്ഷയ് പിന്നിട്ട വഴികളും എത്തിപ്പിടിച്ച നേട്ടങ്ങളും. താരത്തിന്റെ 30 വർഷങ്ങൾ ആഘോഷിക്കപ്പെടുന്നതും അത് കൊണ്ടുതന്നെ. ഇനിയുള്ള കാത്തിരിപ്പ് ചരിത്രസിനിമ പൃഥ്വിരാജിന് വേണ്ടിയാണ്. ജൂൺ 3ന് റിലീസാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടായിരുന്നു നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് അക്ഷയ്ക്ക് ആദരം അർപ്പിച്ചത്. പിന്നാലെ വന്ന ട്രെയിലറും ഇപ്പോൾ തരംഗമായിക്കഴിഞ്ഞു. രക്ഷാബന്ധൻ , രാംസേതു, സെൽഫി, ഓ മൈ ഗോഡ് രണ്ടാം ഭാഗം, സൂരരൈ പോട്രിന്റെ റീമേക്ക്.. അങ്ങനെ ഒരു പിടി ചിത്രങ്ങൾ അണിയറയിൽ. ഖിലാഡി കളി തുടരട്ടെ. കയ്യടിക്കാൻ ഒപ്പം തന്നെയുണ്ട് ആരാധകർ.

click me!