'പിന്തുടര്‍ന്ന കഷ്ടകാലത്തിന് ശേഷം ഒരു രോമാഞ്ച വിജയം'; സിജു സണ്ണി സംസാരിക്കുന്നു

By Vipin Panappuzha  |  First Published Feb 28, 2023, 8:18 AM IST

രോമാഞ്ചം സിനിമയില്‍  ശ്രദ്ധേയ വേഷം ചെയ്തയാളാണ് പത്തനംതിട്ട സ്വദേശിയായ സിജു സണ്ണി. തന്‍റെ വേഷത്തെക്കുറിച്ചും രോമാഞ്ചത്തെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുകയാണ് സിജു.


പുത്തന്‍ താരനിരയുമായി എത്തി 50 കോടി ക്ലബിലേക്ക് എത്തിയിരിക്കുകയാണ് രോമാഞ്ചം എന്ന ചിത്രം. സൌബിന്‍ ഷാഹിറിനെപ്പോലൊരു താരം ഉണ്ടെങ്കിലും. സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയ ഒരുകൂട്ടം പേരുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഇതില്‍ തന്നെ ശ്രദ്ധേയ വേഷം ചെയ്തയാളാണ് പത്തനംതിട്ട സ്വദേശിയായ സിജു സണ്ണി. തന്‍റെ വേഷത്തെക്കുറിച്ചും രോമാഞ്ചത്തെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുകയാണ് സിജു.

പ്രതീക്ഷ... പ്രതീക്ഷ നല്‍കിയപ്പോള്‍

Latest Videos

undefined

നേരത്തെ തന്നെ ചില റീല്‍സുകളിലൂടെ ആളുകള്‍ എന്നെ സംശയത്തോടെ നോക്കുമായിരുന്നു. രോമാഞ്ചത്തില്‍ ഞാന്‍ സാധാരണ ഉണ്ടാകാറുള്ള ലുക്കില്‍ അല്ല, അത് കൊണ്ട് ചിലപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുണ്ട്. പ്രതീക്ഷ എന്ന പേരില്‍ നാട്ടിലൊരു ക്ലബുണ്ട്. നമ്മളെക്കാള്‍ വലിയ ചേട്ടന്മാര്‍ തുടങ്ങി തലമുറയായി അത് കൈമാറിയതാണ്. അവരുടെ പരിപാടികളില്‍ പങ്കെടുത്താണ് കലാരംഗത്തേക്ക് എത്തിയത്. രോമാഞ്ചം ഇറങ്ങിയപ്പോള്‍ നാട്ടിലെ കവലയില്‍ എന്‍റെ ഫോട്ടോയില്‍ പ്രതീക്ഷ ക്ലബ് ഫ്ലെക്സ് വച്ചപ്പോള്‍ സന്തോഷമായി, എന്‍റെ ചിത്രത്തിലെ ഡയലോഗ് ഒക്കെ അതില്‍ ഉണ്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ എന്‍റെ കുടുംബത്തിനും ഏറെ സന്തോഷമായി ആദ്യ ദിവസം തന്നെ അവര്‍ തീയറ്ററില്‍ പോയി. ശരിക്കും ഏഴുപേര്‍ അതും എന്‍റെ കുടുംബാഗങ്ങള്‍ മാത്രമായിരുന്നു തീയറ്ററില്‍. അവര്‍ പരസ്പരം കണ്ണില്‍ നോക്കിയിരുന്നു പോയി എന്നാണ് പറഞ്ഞത്. പിന്നീട് ചിത്രം നല്ല പ്രതികരണം ലഭിക്കാന്‍ തുടങ്ങി. രണ്ടാം തവണ എന്‍റെ വീട്ടുകാര്‍ എല്ലാം സിനിമയ്ക്ക് പോയപ്പോള്‍ അവര്‍ക്ക് ടിക്കറ്റ് പോലും ലഭിച്ചില്ല.

പിന്തുടര്‍ന്ന കഷ്ടകാലം.. ഒടുവില്‍ സന്തോഷം

പ്ലസ്ടുവിനും എൻജിനിയറിങ്ങിനുമെല്ലാം പഠിക്കുന്ന കാലത്തും സിനിമ തന്നെയായിരുന്നു. ലക്ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാസായി പിന്നീട് വിദേശത്തേക്ക് പോയി. അവിടെ ഇരുന്ന് തിരക്കഥയെഴുതി. എഴുതിയ സിനിമയ്ക്കൊരു നിർമാതാവിനെ കിട്ടിയപ്പോൾ വിദേശത്തെ ജോലിയും കളഞ്ഞ് വിമാനം കയറി. ഇവിടെ എത്തിയപ്പോഴാണ് നിര്‍മ്മാതാവ് പിന്‍മാറിയത്. എന്നാല്‍ പിന്നെ വേറെ നിര്‍മ്മാതാവിനെ തേടാം എന്നായി. ഒന്നും ശരിയായില്ല. പിന്നീട് ലോക്ക്ഡൌണായി. ആക്കാലത്താണ് സോഷ്യല്‍ മീഡിയയില്‍ കണ്ടന്‍റ് ക്രിയേറ്ററായത്. അത്തരത്തില്‍ എന്‍റെ റീല്‍സ് കണ്ടാണ് രോമാഞ്ചത്തിലേക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ ആലുവയില്‍ ക്യാമ്പ് ഉണ്ടായിരുന്നു, അവിടെ എല്ലാവരും ഒന്നിച്ച് ഒരു ടീമായി തകര്‍ത്തു. ക്യാമ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും വിളിയൊന്നും വന്നില്ല. അപ്പോള്‍ പടത്തില്‍ നിന്ന് ഒഴിവാക്കിയോ എന്ന ചിന്തയില്‍ വീണ്ടും ടെന്‍ഷനായി. എന്നാല്‍ പിന്നെ ചെന്നൈയില്‍ ഷൂട്ടിംഗിന് ചെല്ലാന്‍ വിളിവന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ നമ്മള്‍ ചെയ്തതൊക്കെ എഡിറ്റിംഗില്‍ വെട്ടുമോ എന്ന ടെന്‍ഷനായി. ഒടുവില്‍ ചിത്രം ഇറങ്ങും എന്ന അവസ്ഥയിലാണ് റിലീസ് മാറ്റിയത്. അത് വീണ്ടും നീണ്ട് നീണ്ട് പോയി. ആ സമയത്ത് എല്ലാം സമ്മര്‍ദ്ദത്തിലായിരുന്നു. ഒടുക്കം പടം റിലീസായി നാട്ടുകാര്‍ ഏറ്റെടുത്തപ്പോഴാണ് സന്തോഷമായത്. 

കോസ്റ്റ്യൂമിലെ സങ്കടം

വിശുദ്ധ മെജോ, വെള്ളരി പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. അന്ന് സെറ്റില്‍ പോകുമ്പോള്‍ വസ്ത്ര ഡിപ്പാര്‍ട്ട്മെന്‍റ് കാണുമ്പോള്‍ ശ്രദ്ധിച്ചു. എത്രയോ വസ്ത്രങ്ങള്‍, സിനിമയില്‍ വന്നാല്‍ ഇത് അണിയാം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ രോമാഞ്ചത്തില്‍ എത്തിയപ്പോള്‍ മുഴുവന്‍ സമയവും എന്‍റെ വേഷം ഒരു ലുങ്കി. ചിലപ്പോള്‍ ഒരു ജാക്കറ്റ്. ആദ്യം വിഷമം തോന്നിയിരുന്നു. ചിത്രത്തില്‍ ഒന്നോ രണ്ടോ രംഗത്തെ വേറെ വസ്ത്രം ധരിക്കുന്നുള്ളൂ. എന്നാല്‍ പിന്നീട് പടത്തില്‍ ആ റോള്‍ ശ്രദ്ധിക്കപ്പെട്ടെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ കോസ്റ്റ്യൂം ശരിയാണ് എന്ന് തന്നെയാണ് തോന്നുന്നത്. ആ ഡ്രസില്‍ കൂടിയാണ് പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചത്. 

സംവിധായകന്‍റെ പ്ലാന്‍ വ്യക്തം, നിര്‍മ്മാതാവിന്‍റെ സങ്കടങ്ങള്‍..

സംവിധായകന്‍ ജിത്തു മാധവന്‍റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആധാരം. 90 ശതമാനം കാര്യങ്ങളും അവിടെ നിന്ന് തന്നെയാണ് എടുത്തത്. ഒരുപാട് സമയമെടുത്ത് സംവിധായകൻ ജിത്തുമാധവൻ കഥ മൊത്തമായി വിവരിച്ചുതന്നിരുന്നു. പിന്നെ കാസ്റ്റിംഗില്‍ തന്നെ വ്യത്യസ്തതയായിരുന്നു. ഒരു കൂട്ടം സോഷ്യല്‍ മീഡിയ കണ്ടന്‍റ് മേക്കര്‍മാരുടെ ലിസ്റ്റ് തന്നെ ജിത്തുവേട്ടന്‍റെ കയ്യിലുണ്ടായിരുന്നു. അതിലൊക്കെയാണ് ഞാനും പെട്ടത്. ഒരോ കഥാപാത്രവും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതൊക്കെ വ്യക്തമായ പ്ലാന്‍ ജിത്തുവേട്ടനുണ്ടായിരുന്നു. അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അധികമായി പോയാലും, കുറഞ്ഞാലും അപ്പോള്‍ തന്നെ സംവിധായകന്‍റെ നിര്‍ദേശം എത്തും. 

നമ്മള്‍ എന്ത് പ്രൊഡക്ട് നിര്‍മ്മിച്ചിട്ടും അത് ജനങ്ങളില്‍ എത്തുംവരെ സമ്മര്‍ദ്ദം തന്നെയായിരിക്കും. ഇത്തരത്തില്‍ വലിയ പ്രതിസന്ധികളിലായിരുന്നു പ്രൊഡ്യൂസര്‍ ജോണ്‍ പോള്‍. ഗപ്പിയും അമ്പിളിയും ഒക്കെ എടുത്ത സംവിധായകനാണ്. റിലീസിന് മുന്‍പ് വളരെ വൈകാരികമായ കുറിപ്പൊക്കെ അദ്ദേഹം ഇട്ടിരുന്നു. എന്നാല്‍ ഒടുക്കം എല്ലാം നന്നായി വന്നു. അടുത്ത് വിളിച്ചപ്പോള്‍ പോലും അദ്ദേഹം ഹാപ്പിയാണ്.

രോമാഞ്ചം വീണ്ടും വരുമോ? ഉത്തരം കിട്ടുമോ ആരാണ് അനാമിക

രോമാഞ്ചം 2 തീര്‍ച്ചയായും വരും. അതിനുള്ള ഒരുക്കത്തില്‍ തന്നെയാണ് സംവിധായകന്‍. അടുത്തത് മറ്റൊരു വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ജിത്തുചേട്ടന്‍. ഇപ്പോഴത്തെ വിജയത്തിന്‍റെ ആവേശത്തില്‍ ചാടികയറി രണ്ടാം ഭാഗം എന്നത് ആലോചിക്കുന്നില്ല എന്നാണ് തോന്നുന്നത്. പക്ഷെ വരും, അതിനുള്ള സാധ്യതകള്‍ ഏറെ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ തന്നെ തുറന്നിടുന്നുണ്ട്.

റെക്കോര്‍ഡ് വിജയത്തിലേക്ക് 'രോമാഞ്ചം'; ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 23 ദിവസം കൊണ്ട് നേടിയത്

കൊവിഡ് കാലത്തിനു ശേഷം ഏറ്റവും മികച്ച ഗ്രോസ്; കവിത തിയറ്ററില്‍ റെക്കോര്‍ഡ് നേട്ടവുമായി 'രോമാഞ്ചം'

click me!