അരങ്ങൊഴിയുന്നത് അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്ന അഭിനയസമ്രാട്ട്

By Web Team  |  First Published Dec 18, 2019, 10:59 AM IST

അന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയോ അല്ലെങ്കിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടോ പോലെ നാലാൾ മതിക്കുന്ന ഒരു സ്ഥാപനം അഭിനയം പഠിക്കാൻ ഉണ്ടായിരുന്നെങ്കിൽ താൻ ENT സർജനാകുന്നതിനു പകരം നേരെ അഭിനയം പഠിച്ചേനെ എന്നാണ് ഒരു അഭിമുഖത്തിൽ ലാഗൂ പറഞ്ഞത് 


അഭിനയം നൈസര്‍ഗികമായിരുന്നു അദ്ദേഹത്തിന്. പക്ഷേ സഭാകമ്പം കുട്ടിക്കാലത്ത് പ്രതിനായകനായി. പക്ഷേ അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. സ്വന്തം മുറിക്കുള്ളില്‍ കതകടച്ചിരുന്നു അഭിനയം പരിശീലിച്ചു. മറാത്തി ക്ലാസിക് നടൻമാരുടെ സംഭാഷണങ്ങള്‍ ഹോളിവുഡ് നടൻമാരുടെ സ്റ്റൈലില്‍ പലവട്ടം ഉരുക്കഴിക്കുന്നത് വിജയമന്ത്രമായി സ്വീകരിച്ചു. വിഖ്യാത നടൻ ശ്രീറാം ലാഗൂ അങ്ങനെയങ്ങനെയാണ് അഭിനയസിദ്ധി തേച്ചുമിനുക്കിയെടുത്തത്. കരിയറില്‍ തുടക്കം ഡോക്ടറായിട്ടാണെങ്കിലും അഭിനിവേശം അഭിനയത്തോടായതിനാല്‍ പാതിവഴിയില്‍ ആ പാതയിലൂടെ തന്നെ നടന്നുതുടങ്ങുകയായിരുന്നു ശ്രീറാം ലാഗൂ. രാജ്യത്തെ പ്രേക്ഷകര്‍ക്ക് ഒട്ടേറെ മികച്ച വേഷപ്പകര്‍ച്ചകളും കാണാനായി. 'നട് സമ്രാട്ട്' എന്ന ഒരൊറ്റ നാടകം കൊണ്ട്  അടയാളമിട്ട ശ്രീറാം ലാഗൂ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഓര്‍മ്മയിലേക്ക് ചേര്‍ക്കുന്നത് ഒട്ടേറെ പ്രശസ്‍ത കഥാപാത്രങ്ങളാണ്. സ്റ്റേജിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം  ഹിന്ദിയിലും മറാഠിയിലുമായി 211 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


1927 നവംബർ 17 മഹാരാഷ്ട്രയിലെ സത്താറയിൽ ജനിച്ച ലാഗൂ  കുട്ടിക്കാലത്തുതന്നെ അഭിനയത്തിൽ നൈസർഗികമായ സിദ്ധി പ്രകടിപ്പിച്ചു പോന്നിരുന്നു. ബാല്യത്തിലെ അഭിനയമോഹങ്ങളെപ്പറ്റി ലാഗൂ പിന്നീട് പറഞ്ഞിട്ടുള്ളത് അന്ന് താനൊരു 'ബാത്ത് റൂം ആക്ടർ' ആയിരുന്നു എന്നാണ് . കാരണം, അഭിനയത്തിൽ കാര്യമായ താത്‌പര്യമൊക്കെ ഉണ്ടായിരുന്നു എങ്കിലും, വല്ലാത്ത സഭാകമ്പം അദ്ദേഹത്തെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ അഭിനയം പലപ്പോഴും സ്വന്തം മുറിക്കുള്ളിൽ കതകടച്ചിരുന്നു കൊണ്ട് മാത്രമായിരുന്നു. പോൾ മുനി, സ്‌പെൻസർ ട്രേസി, ഇൻഗ്രിഡ് ബെർഗ്മാൻ തുടങ്ങിയ ഹോളിവുഡ് നടൻമാർ അക്കാലത്ത് അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. അവരുടെയൊക്കെ സ്റ്റൈലിൽ അന്നത്തെ മറാത്തി ക്‌ളാസ്സിക് നടന്മാരായിരുന്ന നാനാസാഹേബ് ഫാടക്, കേശവ് റാവു ദാതെ തുടങ്ങിയവരുടെ ഡയലോഗുകൾ ഉരുക്കഴിക്കലായിരുന്നു ലാഗൂവിന്റെ അന്നത്തെ പ്രധാന നേരം പോക്ക്.

അച്ഛൻ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ മൂത്തപുത്രൻ എന്ന നിലയ്ക്ക് അന്ന് ഡോക്ടറാകാൻ കാര്യമായ സമ്മർദ്ദമുണ്ടായിരുന്നു. അങ്ങനെ ഒടുവിൽ ശ്രീറാമും പൂനെയിലെ ബിജെ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. അവിടെയും നാടകാഭിനയം തുടർന്നുപോന്നു. ഇഎൻടിയിൽ എംഡി നേടിയ ശേഷം ലാഗൂ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി. പിന്നീട് ദൂരദർശനു നൽകിയ ഒരു അഭിമുഖത്തിൽ ലാഗൂ പറഞ്ഞത് അന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയോ അല്ലെങ്കിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടോ പോലെ നാലാൾ മതിക്കുന്ന ഒരു സ്ഥാപനം അഭിനയം പഠിക്കാൻ ഉണ്ടായിരുന്നെങ്കിൽ താൻ ENT സർജനാകുന്നതിനു പകരം നേരെ അഭിനയം പഠിച്ചേനെ എന്നാണ്. അന്നൊന്നും അഭിനയം എന്നത് നാലാൾ ബഹുമാനിക്കുന്ന ഒരു തൊഴിലല്ലായിരുന്നു.

Latest Videos

undefined

അച്ഛന്റെ പാത പിന്തുടർന്ന് ഡോക്ടറായി, ഏറെക്കാലം സർജനായ പ്രാക്ടീസ് ചെയ്തു എങ്കിലും, ലാഗൂ എന്നും ആഗ്രഹിച്ചിരുന്നത് അഭിനയം തുടരാനായിരുന്നു. അങ്ങനെ, ഒടുവിൽ 1969 -ൽ, തന്റെ നാല്പത്തി രണ്ടാം വയസ്സിൽ ലാഗൂ ഡോക്ടർ ജോലിയിൽ നിന്ന് വിരമിച്ച് തന്റെ മുഴുവൻ സമയവും അഭിനയത്തിനായി നീക്കിവെച്ചു. ആദ്യം തന്നെ അദ്ദേഹം ഒരു അവസരത്തിനുവേണ്ടി പരിശ്രമിച്ചത് മറാത്തി തിയേറ്ററിൽ ആയിരുന്നു. ചുരുങ്ങിയ കാലത്തെ കഷ്ടപ്പാടിന് ശേഷം അദ്ദേഹത്തെത്തേടി തന്റെ കരിയറിലെ ആദ്യത്തെ ബ്രേക്ക് എത്തുന്നു. വസന്ത് കനിത്കരുടെ ഇത്ഥെ ഓഷ്ലാല മൃത്യു എന്ന നാടകത്തിൽ ഛത്രപതി ശിവാജിയുടെ പുത്രൻ സാംബാജിയുടെ വേഷം. ആദ്യത്തെ നാടകങ്ങൾ പലതും സാമ്പത്തിക വിജയം കണ്ടില്ല എങ്കിലും ലാഗൂ എന്ന നടന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.

1970 -ൽ വിവി ശ്രീവാഡ്കറുടെ 'നട്സാമ്രാട്' എന്ന നാടകമാണ് തന്റെ നാടകജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷം ലാഗൂവിന് സമ്മാനിച്ചത്. ഷേക്സ്പിയർ നാടകങ്ങളിലെ നായകവേഷങ്ങൾ അരങ്ങിൽ പകർന്നാടി വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ഗണപത് റാവു ഭേൽവാൽക്കർ എന്ന അതുല്യനടന്റെ വേഷത്തിലാണ് അദ്ദേഹം ഈ നാടകത്തിൽ അഭിനയിച്ചത്. അരങ്ങിലെ നാടകങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ജീവിതത്തിൽ, കുടുംബബന്ധങ്ങളിൽ നിർബാധം തുടരുന്ന സംഘർഷങ്ങളിൽ നിന്ന് മോചിതനാകാനാവാതെ വലയുന്ന ആ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. നാലു പതിറ്റാണ്ടുകാലം മറാത്തി തിയേറ്ററിൽ ആ നാടകം നിറഞ്ഞ സദസ്സുകളിൽ തകർത്തുകളിച്ചു. നാടകത്തിന് സാഹിത്യഅക്കാദമി അവാർഡും കിട്ടി. തന്റെ കഥാപാത്രത്തിൽ ഏറെ നിമഗ്നനായിരുന്ന ലാഗൂ തന്റെ ശാരീരികാവശതകൾ പോലും മറന്ന് അരങ്ങിൽ ഭേൽവാൽക്കർ ആയി ജീവിച്ചു. പിന്നീട് 2016 ഇതേ കഥാപാത്രത്തെ നാനാ പടേക്കർ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയുണ്ടായി.

 

തുടർന്ന് അഭിനയിച്ച കാചേചാ ചന്ദ്രാ, ഹിമാലയ്ചി സാലി എന്നീ നാടകങ്ങളിലെ ലാഗൂവിന്റെ പ്രകടനം 1972-ൽ അദ്ദേഹത്തിന് വി ശാന്താറാമിന്റെ 'പിൻജ്രാ' എന്ന സിനിമയിലെ നായകവേഷം കിട്ടുന്നതിലേക്ക് നയിച്ചു. ആ സിനിമയിലെ കർക്കശക്കാരനായ അധ്യാപകന്റെ വേഷത്തിലൂടെ നാടകം പോലെ സിനിമയും തനിക്ക് അനായാസം വഴങ്ങുമെന്ന് ലാഗൂ തെളിയിച്ചു. ഗിധാഡേ എന്ന വിജയ് തെണ്ടുൽക്കർ നാടകം അദ്ദേഹം ഏറെക്കാലം സംവിധാനം ചെയ്ത അരങ്ങിലെത്തിച്ചിരുന്നു. ജബ്ബാർ പട്ടേലിന്റെ ആദ്യ നാടകമായ സാമ്‌നയിലെയും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് ലാഗൂ ആയിരുന്നു. തുടർന്ന് പട്ടേൽ സംവിധാനം ചെയ്ത സിംഹാസൻ എന്ന ചിത്രത്തിലെ മന്ത്രിയുടെ വേഷവും ലാഗൂ അനശ്വരമാക്കി.  

ജയാബച്ചൻ അഭിനയിച്ച 'ആഹട്ട്'  എന്ന ചിത്രത്തിലൂടെയാണ് ശ്രീറാം  ലാഗൂ ഹിന്ദി സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ആദ്യം അഭിനയിച്ച ചിത്രം അതായിരുന്നു എങ്കിലും, അതിന് റിലീസ് ചെയ്യാനുള്ള ഭാഗ്യം സാധിച്ചില്ല. സുരേഷ് കുമാർ ശർമയുടെ 'മേരെ സാഥ് ചൽ' ആണ് റിലീസ് ആയ ആദ്യചിത്രം. പിന്നീടങ്ങോട്ട് ഹേരാഫേരി, മുഖദ്ദർ കാ സിക്കന്ദർ, ലാവാരിസ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ലാഗൂ വേഷമിട്ടു. എന്നാൽ ആ ചിത്രങ്ങളിലൊന്നും തന്നെ ലാഗൂവിന്റെ അസാമാന്യമായ അഭിനയ പാടവത്തിനൊത്ത കഥാപാത്രങ്ങൾ ആയിരുന്നില്ല എന്നുമാത്രം. അതിന് ഒരപവാദം 1977  -ൽ പുറത്തിറങ്ങിയ ഭിംസെൻ ഖുറാനയുടെ 'ഗരോണ്ട'(കളിവീട്) എന്ന ചിത്രമായിരുന്നു. അതിനു ശേഷം റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിൽ ഗോപാലകൃഷ്ണ ഗോഖലെയുടെ വേഷത്തിലും ലാഗൂ തിളങ്ങി. സിനിമയിൽ തിരക്കേറിയ ഈ കാലത്ത് അദ്ദേഹത്തിന് നാടകങ്ങളിൽ അഭിനയിക്കാനുള്ള സാവകാശമുണ്ടായിരുന്നില്ല. എന്നാലും ഈ രണ്ടു മാധ്യമങ്ങളിലേക്കും വേണ്ടി അതാതിന്റേതായ സൂക്ഷ്മമായ മാറ്റങ്ങൾ തന്റെ അഭിനയത്തിൽ വരുത്താൻ ലാഗൂവിനായി.  നാടകങ്ങളിൽ വളരെ 'ലൗഡ്' ആയി അഭിനയിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ വളരെ സിനിമയിൽ മിതമായ അഭിനയം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. ലാഗൂവിന്റെ അഭിനയത്തിന്റെ പ്രധാന ആകർഷണം അദ്ദേഹത്തിന്റെ അനന്യമായ ശബ്ദവിന്യാസം തന്നെയായിരുന്നു. തീക്ഷ്ണമായ ആ നോട്ടം ഏറെക്കാലം അരങ്ങിനെ അടക്കിവാണു.

വ്യക്തിജീവിതത്തിൽ തികഞ്ഞ യുക്തിവാദിയായിരുന്നു ലാഗൂ. 'വിരമിക്കാറായി ദൈവമേ' എന്ന ശീർഷകത്തിൽ ലാഗൂ എഴുതിയ ലേഖനം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. ദൈവമെന്നത് മറ്റൊരു അന്ധവിശ്വാസത്തിന്റെ പേരാണ് എന്നായിരുന്നു ലാഗൂവിന്റെ പക്ഷം. നരേന്ദ്ര ധാബോൽക്കറുടെ വളരെ അടുത്ത സ്നേഹിതനും സഹചാരിയുമൊക്കെ ആയിരുന്ന അദ്ദേഹം മഹാരാഷ്ട്രയുടെ അന്ധവിശ്വാസ വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിയിൽ തന്നെയുണ്ടായിരുന്നു. അഭിനയത്തോടൊപ്പം തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയും നിലനിർത്തിയിരുന്ന ലാഗൂ അണ്ണാ ഹസാരെയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒപ്പം ഉപവാസം അനുഷ്ഠിച്ചിട്ടുണ്ട് പലവട്ടം. ഒരു നടൻ ഒരേ സമയം ഒരു അഭ്യാസിയും, താത്വികനുമായിരിക്കണമെന്ന ബംഗാളി നാടകാചാര്യൻ ശംഭു മിത്രയുടെ വാക്കുകളെ സ്വന്തം ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ പ്രവർത്തികമാക്കിയ നടനായിരുന്നു ലാഗൂ. അതുകൊണ്ടുതന്നെയാവും, ജീവിതത്തിൽ വളരെ നേരത്തെ വിരുന്നെത്തിയ ഹൃദയാഘാതത്തിനു ശേഷവും ഈയടുത്തുവരെ തന്റെ അഭിനയസപര്യയിൽ സജീവമായിരുന്നു അദ്ദേഹം. 2014 -ൽ മറാഠി നാടകമായ 'നാഗരികി'ൽ അദ്ദേഹം അവതരിപ്പിച്ച നാനാ ചിറ്റ്നിസ് എന്ന വയോധികനായ രാഷ്ട്രീയനേതാവിന്റെ വേഷം അവിസ്മരണീയമായിരുന്നു. 
 
അഭിനയജീവിതത്തിൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. തുടർന്നും കാളിദാസ സമ്മാനം, ദീനാനാഥ് മങ്കേഷ്‌കർ സ്മൃതി പ്രതിഷ്ഠാൻ, സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തുടങ്ങി പല അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. 'ലമാൺ'(കടത്തുകാരൻ) എന്ന പേരിൽ ഒരു ആത്മകഥ അദ്ദേഹം എഴുതിയിട്ടുണ്ട്.മറാഠി സിനിമയിലും, നാടകങ്ങളിലും പലർക്കും പ്രചോദനമായിരുന്ന അതുല്യ നടൻ ശ്രീറാം ലാഗൂ വിടപറയുമ്പോൾ യവനിക വീഴുന്നത് അഭിനയത്തിന്റെ ഒരു ഇതിഹാസത്തിനുകൂടിയാണ്. 

click me!