സോണിയ അപമാനിച്ച് ഇറക്കിവിട്ടു, റെഡ്ഡിമാരുടെ പ്രതികാരം, ആന്ധ്രയുടെ വിധി: ജഗന്‍റെ ഉദയം ഒരു സിനിമയെ വെല്ലുന്നകഥ

By Web Team  |  First Published May 25, 2019, 9:33 AM IST

18 മാസത്തെ ജയില്‍ വാസത്തിന് ശേഷം 2013 സെപ്തംബറില്‍ ജഗന്‍ എല്ലാ കേസിലും ജാമ്യം കിട്ടി പുറത്ത് എത്തി. അപ്പോഴേക്കും ആന്ധ്രയുടെ രാഷ്ട്രീയ ഭൂപടം മാറിയിരുന്നു.


2010 ഒക്ടോബറിലാണ് സംഭവം, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആന്ധ്രമുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ഭാര്യ വിജയലക്ഷ്മിയും, മകള്‍ ശര്‍മ്മിള റെഡ്ഡിയും ദില്ലിയില്‍ വിമാനം ഇറങ്ങുന്നു. അവര്‍ക്ക് അല്‍പ്പം പരിഭ്രമം ഉണ്ട്. നേരെ അവര്‍ പോകുന്നത് നമ്പര്‍ 10 ജനപഥിലേക്ക്. സോണിയ ഗാന്ധിയുടെ വീട്ടിലേക്ക്. സോണിയയില്‍ നിന്നും ഊഷ്മളമായ ഒരു സ്വീകരണം അവര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം രാജശേഖര റെഡ്ഡിയും മരണപ്പെട്ട മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിലുള്ള സൗഹൃദം അത്രയും അടുപ്പമുള്ളതായിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന രീതിയിലായിരുന്നു വന്നിറങ്ങിയത് മുതല്‍ നമ്പര്‍ 10 ജനപഥില്‍ ലഭിച്ച പ്രതികരണം.

15 മിനുട്ടോളം അവര്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. പിന്നീട് ഉള്ളിലേക്ക് വിളിക്കപ്പെട്ടു. ഡ്രോയിംഗ് റൂമില്‍ കനത്ത മുഖത്തോടെ ഒരു കസേരയില്‍ സോണിയ ഇരിക്കുന്നുണ്ടായിരുന്നു. കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ സോണിയ വിജയമ്മയെയും മകളെയും ഇരിക്കാന്‍ കാണിച്ചു. സോണിയ നേരിട്ട് വിഷയത്തിലേക്ക് കടന്നു. വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം മകന്‍ ജഗമോഹന്‍ റെഡ്ഡി നടത്തുന്ന ഓഡരപ്പു ജാഥ ഉടന്‍ നിര്‍ത്തണം. 

Latest Videos

undefined

ആ സമയത്ത് വൈഎസ്ആറിന്‍റെ മകന്‍ ജഗമോഹന്‍ ഒരു യാത്രയിലായിരുന്നു. തന്‍റെ അച്ഛന്‍റെ മരണം കേട്ട് ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും മറ്റും വീടുകളില്‍ കാല്‍നടയായി എത്തുക. ശരിക്കും വൈഎസ്ആറിന്‍റെ പിന്‍ഗാമി താനാണെന്ന് തെളിയിക്കുന്ന രാഷ്ട്രീയ നീക്കം തന്നെയായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതാണ് സോണിയയുടെ ആവശ്യത്തിന് പിന്നില്‍. 

എന്നാല്‍ സോണിയയുടെ ആവശ്യം കേട്ട വിജയമ്മ സോണിയയെ എന്ത് കൊണ്ട് ഈ യാത്ര ജഗമോഹന്‍ നടത്തുന്നു എന്ന് ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സോണിയ കൂടുതല്‍ കുപിതയായി. കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് സോണിയ വിജയമ്മയോട് മിണ്ടാതിരിക്കാന്‍ നിര്‍ദേശിച്ചു. അപമാനിതയായ വിജയമ്മയും മകളും ഹൃദയഭാരത്തോടെ നമ്പര്‍ 10 ജന്‍പഥ് വിട്ടു. 

പക്ഷെ ഇതിന് പ്രതികാരം നടത്തുമെന്ന് അവര്‍ മനസില്‍ ഉറപ്പിച്ചിരുന്നു. റായല്‍സീമയിലെ റെഡ്ഡിമാരുടെ സ്വഭാവം അതായിരുന്നു. ഒരിക്കല്‍ അവര്‍ ഒരാള്‍ക്കെതിരെ പ്രതികാരം എടുത്താല്‍ സ്വയം നശിച്ചാലും അവര്‍ അത് നടപ്പിലാക്കും. സോണിയയ്ക്കും കോണ്‍ഗ്രസിനും ഇത് മനസിലായില്ല. അമ്മയ്ക്കും സഹോദരിക്കും നേരിട്ട അപമാനം അറിഞ്ഞ ജഗന്‍ ശരിക്കും ദേഷ്യത്തോടെ ഒരു തീരുമാനം എടുത്തു. കോണ്‍ഗ്രസ് വിടുക, പുതിയ പാര്‍ട്ടി ഉണ്ടാക്കുക.

പിതാവിന്‍റെ മരണത്തിന് ശേഷം തന്നെ പിതാവിന്‍റെ സ്ഥാനത്ത് നിര്‍ത്തും എന്നാണ് ജഗന്‍ പ്രതീക്ഷിച്ചത്. കുറഞ്ഞത് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം എങ്കിലും ജഗന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദില്ലിയിലെ സോണിയയുടെ ഉപദേശകര്‍ ജഗന്‍റെ ആഗ്രഹങ്ങളെ വലുതായി പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന ഉപദേശമാണ് നല്‍കിയത്. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള കെ റോസയ്യയെ അവര്‍ ആന്ധ്രയിലെ മുഖ്യമന്ത്രിയാക്കി. ഭൂരിപക്ഷം ആന്ധ്ര കോണ്‍ഗ്രസ് എംപിമാരും, എംഎല്‍എമാരും  ഈ സമയം ജഗന് പിന്തുണയായിരുന്നു.

ഈ സമയത്തെ അനുകൂല സമയം മുതലാക്കി തെലുങ്കാന രാഷ്ട്രസമിതി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ തെലുങ്കാന വിമോചന പ്രക്ഷോഭം ശക്തമായി. ആന്ധ്രപ്രദേശ് ആടിഉലഞ്ഞു.  അതേ സമയം ആന്ധ്ര വിഭജനം നടത്തി നേട്ടം കൊയ്യാം എന്നായിരുന്നു ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്വം കരുതിയത്. അതിന് മുന്നോടിയായി ഒക്ടോബര്‍ 2010 ല്‍ റോസയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി കിരണ്‍ റാവുവിനെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇത് ശരിക്കും ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ശവപെട്ടിയില്‍ അടിച്ച അവസാനത്തെ ആണിയായിരുന്നു. സ്വതന്ത്ര്യത്തിന് ശേഷം ആന്ധ്രയിലെ പ്രധാന കക്ഷിയായ ഒരു പാര്‍ട്ടി അവസാനിച്ചു.

അതേ സമയം ജഗന്‍ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. കടപ്പയിലെ എംപി സ്ഥാനം രാജിവച്ച് അവിടെ തന്നെ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇത് കോണ്‍ഗ്രസ് ആസ്ഥാനത്ത് അപായമണി മുഴക്കി. ജഗന്‍ ഒരു ബിസിനസുകാരനാണ്. അതിനാല്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി ജഗന്‍റെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. അധികം വൈകാതെ ജഗനെയും കൂട്ടാളികളെയും അനധികൃത സ്വത്ത് സമ്പദനം അടക്കമുള്ള കേസില്‍ ജയിലിലാക്കി. എന്നാല്‍ ആന്ധ്രയിലെ കോണ്‍ഗ്രസിന്‍റെ ഇതിഹാസമായ വൈഎസ്ആറിനെ അപമാനിക്കുന്നതായാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെ കണ്ടത്.

ആ സമയത്ത് ഇതുവരെ വൈഎസ്ആര്‍ കുടുംബവുമായി വലിയ അടുപ്പം കാണിച്ച ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വം വൈഎസ്ആര്‍ കുടുംബവുമായി അകന്നു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്നാണ് ജഗന്‍ ഇത് സംബന്ധിച്ച് പറഞ്ഞത്. അതേ സമയം വൈഎസ്ആറിന്‍റെ ഭാര്യ വിജയമ്മ ജഗന്‍ അകത്ത് ആയപ്പോള്‍ പാര്‍ട്ടിയും ബിസിനസും നോക്കി നടത്തി. 18 മാസത്തെ ജയില്‍ വാസത്തിന് ശേഷം 2013 സെപ്തംബറില്‍ ജഗന്‍ എല്ലാ കേസിലും ജാമ്യം കിട്ടി പുറത്ത് എത്തി. അപ്പോഴേക്കും ആന്ധ്രയുടെ രാഷ്ട്രീയ ഭൂപടം മാറിയിരുന്നു.

ആന്ധ്ര പ്രദേശ്, ആന്ധ്രയും തെലുങ്കാനയും ആയിരുന്നു. മാസങ്ങള്‍ മാത്രമായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പിന് ബാക്കിയുണ്ടായിരുന്നത്. കയ്യിലുള്ള വിഭവങ്ങളും പൂര്‍ണ്ണ വളര്‍ച്ച എത്താത്ത പാര്‍ട്ടിയുമായി ജഗന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാല്‍ ചന്ദ്രബാബു നായിഡുവിനോട് പരാജയപ്പെട്ടു. നായിഡു ജയിക്കുക മാത്രമല്ല, കേന്ദ്രത്തില്‍ മോദി സര്‍ക്കാറുമായി മികച്ച ബന്ധവും സ്ഥാപിച്ചു.

അതേ സമയം ജഗന്‍ മോദിയുടെ 2014 ലെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അത്തരത്തില്‍ ഒരു തന്ത്രം ആവിഷ്കരിക്കാനുള്ള ആളെ തേടുകയായിരുന്നു. അങ്ങനെയാണ് മോദിക്ക് 2019 ല്‍ വിജയം സമ്മാനിച്ച പ്രശാന്ത് കിഷോറിലേക്ക് അന്വേഷണങ്ങള്‍ നീളുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ജഗന്‍റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ വിസമ്മതിച്ചു. 2015 ലെ ബിഹാറിലെ മഹാസഖ്യത്തിന്‍റെ വിജയത്തിന് ശേഷം യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി പണിയെടുത്ത പ്രശാന്ത് കിഷോറിന് ആദ്യമായി കാലിടറിയ സമയത്താണ് അദ്ദേഹം ജഗന്‍റെ ഓഫര്‍ പരിഗണിച്ചത്. 2017 അവസാനത്തിലായിരുന്നു അത്.

രാഷ്ട്രീയ  ചാണക്യന്‍ പ്രശാന്ത് കിഷോറിന്‍റെ ഒരു തിരിച്ചു വരവു കൂടിയാണ് ജഗന്‍മോഹന്‍റെ ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രകടമായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രശാന്ത് കിഷോറിന്‍റെ ഓര്‍ഗനൈസേഷന്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഹൈദരാബാദില്‍ പ്രശാന്ത് കിഷോറിന് ഒപ്പമിരുന്നാണ് ജഗന്‍ മോഹന്‍ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞത്.

വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി ജഗന്‍ മോഹന്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ചു.15 മാസം നീണ്ടു നിന്ന പ്രജാ സങ്കല്‍പ്പ പദയാത്ര നടത്തുകയും ഇതിലൂടെ രണ്ടു കോടിയോളം ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ആന്ധ്രയുടെ വികസനത്തിന് വേണ്ടി എന്തെല്ലാം ചെയ്യണമെന്ന് അറിയിക്കാനാവശ്യപ്പെട്ട് 60,000 ഗ്രാമീണര്‍ക്ക് കത്തയച്ചു. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടു വര്‍ഷം കൊണ്ട് 4.8 കോടിയോളം ജനങ്ങളുമായി സംവദിക്കാന്‍ ജഗന്‍ മോഹന് സാധിച്ചു. ഇതെല്ലാമാണ് വലിയ വിജയം പാര്‍ട്ടിക്ക് സംസ്ഥാനത്ത് നേടിക്കൊടുക്കാന്‍ സാധിച്ചത്.

ആന്ധ്രാ പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 22 സീറ്റുകളും നേടിയ ജഗന്‍ മോഹന്‍റെ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 ല്‍ 150 സീറ്റും പിടിച്ചെടുത്തു. ആദ്യമായാണ് ആന്ധ്രയില്‍ വൈഎസ്ആര്‍ അധികാരത്തിലേറുന്നത്. 

46-വയസുകാരനാണ് ആന്ധ്രയിലെ നിയുക്ത മുഖ്യമന്ത്രി. പക്ഷെ ഇദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.  തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഒപ്പം വിഭജനത്തോടെ വിഭാവ പരിമിതിയില്‍ വിങ്ങുന്ന സംസ്ഥാനത്ത് ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് വെല്ലുവിളിയാണ്. ഇത് പോലെ തന്നെയാണ് പകുതിയില്‍ നില്‍ക്കുന്ന പുതിയ സംസ്ഥാന തലസ്ഥാനം അമരാവതിയുടെ പൂര്‍ത്തീകരണവും.

click me!