മത്സരിക്കണമെന്ന് മുറവിളി, ഇല്ലെന്ന വാശിയിൽ മുല്ലപ്പള്ളി, ഒടുവിൽ ആ ഫോൺകോൾ!

By Anju Raj  |  First Published Mar 19, 2019, 12:51 PM IST

മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപനം വന്നതിന് തൊട്ട് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ദില്ലിയിലെ വീട്ടിൽ നടന്നതെന്തൊക്കെ .. ഞങ്ങളുടെ പ്രതിനിധി അഞ്ജുരാജ് എഴുതുന്നു. 



ദില്ലി: കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയിലെ സുനഹരി ബാഗ് ലെയിനിലെ 1 - A വീടാണ് ശ്രദ്ധാ കേന്ദ്രം. ബാക്കിയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ എപ്പോൾ പ്രഖ്യാപിക്കും, ആര് വടകരയിൽ പി ജയരാജനെ എതിരിടും എന്നിങ്ങനെ ഒരു നൂറ് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഉത്തരവാദിത്തപ്പെട്ട ആളുടെ വസതിയാണ് ഇത്. ഇപ്പോഴത്തെ വടകര എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളിയുടെ വീട്ടിൽ രാവിലെ തന്നെ മാധ്യമ പ്രവർത്തകരുടെ ഒരു പട തന്നെ തമ്പടിച്ചിരിക്കുകയാണ്. എന്തെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് എല്ലാവരും. പുറത്ത് വന്ന മുല്ലപ്പള്ളി രാവിലെ മാധ്യമ പ്രവ‍ർത്തകരുമായി കുശലം പറയുന്നു. അതിനിടെ തുരുതുരെ ഫോൺ കോളുകൾ..

Latest Videos

undefined

പല ഭാഗങ്ങളിലായി സമ്മർദ്ദം. കെ കെ രമ വിളിക്കുന്നു, രമേശ് ചെന്നിത്തല വിളിക്കുന്നു, അരമണിക്കൂർ സംസാരിക്കുന്നു, എല്ലാവർക്കും ഒരാവശ്യം മാത്രം ജയരാജനെതിരെ മുല്ലപ്പള്ളി തന്നെ വേണം. ഭാവഭേദമില്ലാതെ മുല്ലപ്പള്ളിക്ക് എല്ലാവരോടും പറയാനുള്ളത് ഒരേ മറുപടി മാത്രം. 'താനില്ല. മത്സരിക്കാൻ'.

ഒടുവിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചപ്പോൾ പോലും ഇത്തവണ മത്സരിക്കുന്നില്ല എന്ന് മാത്രം പറഞ്ഞു. അതിന് തൊട്ടു പിന്നാലെ 11.30-ക്ക് സെക്രട്ടറി ഒരു ഫോൺ നൽകുന്നു, മുല്ലപ്പള്ളി അകത്തേക്ക് പോകുന്നു.

അകത്തേക്ക് കയറുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് കേൾക്കാനായത് 'ആണോ സന്തോഷം' എന്ന വാക്ക് മാത്രം. അത് കഴിഞ്ഞ് മുല്ലപ്പള്ളി വാതിലടച്ചു. എന്തോ സംഭവിച്ചു എന്ന് മനസ്സിലായ മാധ്യമപ്രവർത്തകർ പരസ്പരം നോക്കി. വടകരയിൽ സ്ഥാനാർത്ഥി ആയോ?

അപ്രതീക്ഷിതമായി മുരളീധരൻ മത്സരിക്കുമെന്ന വാർത്ത പുറത്ത് വരുന്നു. ഫോൺ വിളി കഴിഞ്ഞ് പുറത്ത് വന്ന മുല്ലപ്പള്ളിയുടെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ല. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് ബൈറ്റ് നൽകിയ ശേഷം എല്ലാവരോടുമായി ഇത്ര മാത്രം പറഞ്ഞു മുല്ലപ്പള്ളി. 'ഞാൻ പറഞ്ഞിരുന്നില്ലേ... ശക്തനായ സ്ഥാനാർത്ഥി തന്നെ വരും വടകരയിലെന്ന് '.

മുല്ലപ്പള്ളിയുടെ വാർത്താ സമ്മേളനം കാണാം:

click me!