സംരംഭകരുടെ നവീന ആശയങ്ങള്‍ ഉത്പ്പന്നങ്ങളായി വികസിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായിക്കുന്നു
സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു പദ്ധതിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. നേരത്തേ ഇത് ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കേരള സ്റ്റാര്‍ട്ട് അപ്പ് നയം പ്രാവര്‍ത്തികമാക്കുന്ന ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. അതുകൊണ്ടുതന്നെ ഇത് നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, യുവ സംരംഭകര്‍ എന്നിവരിലേക്ക് എത്താനാണ് ഈ പദ്ധതികള്‍. പുതിയ ആശയങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നതോടെ കേരളം സംരംഭകത്വ മികവിലേക്ക് എത്തുകയാണ്. സംരംഭകരുടെ നവീന ആശയങ്ങള്‍ ഉത്പ്പന്നങ്ങളായി വികസിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായിക്കുന്നു. വിപണിക്ക് അനുസൃതമായ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സൗകര്യവും ഇവര്‍ നല്‍കിവരുന്നു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന് കീഴില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഫണ്ട് നല്‍കാനുള്ള ഒരു സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരള ഫിനാന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള കെ എസ് ഇ ഡി എം സ്‌കീമിലൂടെ ഒരു സെക്യൂരിറ്റിയും കൂടാതെ തന്നെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പലിശ രഹിത വായ്പയും നല്‍കുന്നു. 2020-21ല്‍ സ്റ്റാര്‍ട്ട്അപ്പ് മിഷനായി 10 കോടി രൂപയാണ് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചട്ടുള്ളത്.