അവതരണത്തിലെ പുതുമയും വേറിട്ട മെയ്ക്കിംഗും കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു
ടോവിനോ തോമസും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ലൂക്ക എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ ശ്രദ്ധേയനായ മൃദുൽ ജോർജ് ഒരുക്കിയ ഹ്രസ്വ ചിത്രമാണ് തത്സമയം. അവതരണത്തിലെ പുതുമയും വേറിട്ട മെയ്ക്കിംഗും കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ തത്സമയം സംവദിക്കാൻ വരുന്ന ഒരു സിനിമ താരത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സമൂഹമാധ്യമത്തിലൂടെ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങിനെ പറ്റിയും ചിത്രം പറയുന്നു. കഥാപാത്രങ്ങൾ എല്ലാം വീടുകളിൽ ഇരുന്നു കൊണ്ടാണ് അഭിനയിച്ചിരിക്കുന്നതെന്നും ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകതയാണ്. വീഡിയോ കോളിലൂടെയും സെല്ഫി വീഡിയോയിലൂടെയുമാണ് ഹ്രസ്വ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ആർദ്ര ബാലചന്ദ്രൻ,നീതു സിറിയക്, എൽന മെറിൻ,ഉല്ലാസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. നിഖിൽ വേണുവാണ് എഡിറ്റിംഗ്. സൂരജ് എസ് കുറുപ്പാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആനുകാലിക പ്രസക്തമായ വിഷയത്തെ വേറിട്ട അവതരണ ശൈലി കൊണ്ട് അവതരിപ്പിച്ച് ശ്രദ്ധേയമായ തത്സമയം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.