കൈ കഴുകി കൊറോണയെ അകറ്റാം; ആറാം ക്ലാസ്സുകാരി ഒരുക്കിയ ഹ്രസ്വചിത്രം

By Web Team  |  First Published Mar 21, 2020, 4:16 PM IST

സൂപ്പര്‍ ഹീറോ ആവുന്നത് സ്വപ്‌നം കാണുന്ന കൊച്ചുകുട്ടിയാണ് മിഷിക. ഒരിക്കല്‍ 'വൈറസ് ലാന്‍ഡ്' എന്ന സ്ഥലത്തുനിന്നും 'കൊറോണ' എന്ന ദുര്‍മന്ത്രവാദിനി അവളുടെ നാട്ടിലേക്ക് എത്തുന്നു..


ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊറോണവൈറസിനെതിരേ ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍ സാമൂഹിക അകലം പാലിക്കലാണ്. സ്രവങ്ങളിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തിശുചിത്വം പാലിക്കലും ഇടയ്ക്കിടെ കൈ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കലുമൊക്കെ എല്ലാവരും പുലര്‍ത്തേണ്ട ശീലമാണെന്ന് നമുക്കറിയാം. കൈ കഴുകലിന്റെ പ്രാധാന്യം രസകരമായി പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുകയാണ് വിഭാവരി എന്ന കൊച്ചുമിടുക്കി. കാനഡയില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികളുടെ മകള്‍ വിഭാവരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറാം ക്ലാസ്സുകാരിയാണ് വിഭാവരി.

സൂപ്പര്‍ ഹീറോ ആവുന്നത് സ്വപ്‌നം കാണുന്ന കൊച്ചുകുട്ടിയാണ് മിഷിക. ഒരിക്കല്‍ 'വൈറസ് ലാന്‍ഡ്' എന്ന സ്ഥലത്തുനിന്നും 'കൊറോണ' എന്ന ദുര്‍മന്ത്രവാദിനി അവളുടെ നാട്ടിലേക്ക് എത്തുന്നു. എന്നാല്‍ കാര്യമറിയാവുന്ന മിഷിക കൈ കഴുകി 'കൊറോണ'യെ തുരത്തുകയാണ്. കൊവിഡ് 19 മൂലമുള്ള സ്‌കൂള്‍ അവധിദിനങ്ങളില്‍ അടുത്ത വീട്ടിലെ മൂന്നര വയസ്സുകാരി മിഷികയുമൊത്ത് ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു വിഭാവരി. മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. ആശയവും തിരക്കഥയും സംവിധാനവും എഡിറ്റിംഗും വിഭാവരിയുടേത് തന്നെ. 'കൊറോണ'യായി അഭിനയിച്ചിരിക്കുന്നതും വിഭാവരിയാണ്. കഴിഞ്ഞ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ വസ്ത്രങ്ങളാണ് ചിത്രീകരണത്തിന് വിഭാവരി ഉപയോഗിച്ചിരിക്കുന്നത്. 

click me!