പ്രകൃതിയിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ മറ്റു ജീവജാലങ്ങളെ സ്വാധീനിക്കുന്നു എന്നുള്ളതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇതോടൊപ്പം സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് ഷോര്‍ട്ട് ഫിലിം മുന്നോട്ട് പോകുന്നത്.
തിരുവനന്തപുരം: യുവ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'നെല്‍സണ്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടുന്നു. സൈക്കോ ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന മലയാള ചിത്രം വിക്കി വല്‍സന്‍, സിപിന്‍ വല്‍സന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രകൃതിയിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ മറ്റു ജീവജാലങ്ങളെ സ്വാധീനിക്കുന്നു എന്നുള്ളതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇതോടൊപ്പം സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് ഷോര്‍ട്ട് ഫിലിം മുന്നോട്ട് പോകുന്നത്. സമൂഹം ഓരോ പ്രകൃതി ദുരന്തങ്ങളേയും അഭിമുഖീകരിക്കുമ്പോഴും അത് മുതലെടുക്കുന്ന മറ്റൊരു സംഘമുണ്ടെന്ന് ചിത്രത്തില്‍ പറയുന്നു. ഓരോ മനുഷ്യരും എങ്ങനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നും, പ്രകൃതിയെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും പറഞ്ഞുകൊണ്ടാണ് 'നെല്‍സണ്‍' അവസാനിക്കുന്നത്.
മെയ് 12ന് യുട്യൂബിലാണ് നെല്‍സണ്‍ റിലീസ് ചെയ്തത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ജോ ജോണ്‍ ചാക്കോയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഷംനാദ് ഖാന്‍, ജോയ്, വിനോദ്, ശ്രീരാം സഞ്ജീവ് വര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംവിധായകരില്‍ ഒരാളായ വിക്കിയുടേത് തന്നെയാണ് കഥ. ദ ഹോര്‍ഡ് പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രസീദ് എം വര്‍മ (ക്യാമറ) ശബരീഷ് മേനോന്‍ (മ്യൂസിക്), സഞ്ജയ് പ്രസന്നന്‍ (സൗണ്ട്), സനൂജ് ബാലകൃഷ്ണന്‍ (എഡിറ്റര്‍) എന്നിവരാണ് മറ്റു പിന്നണി പ്രവര്‍ത്തകര്‍.