യുട്യൂബില്‍ ശ്രദ്ധ നേടുന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം
പിറ്റേദിവസം നടക്കുന്ന ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനായി രാത്രി നഗരത്തില്‍ എത്തിയിരിക്കുകയാണ് 'അഖിലേഷ്'. അയാളെ കൂട്ടിക്കൊണ്ടുപോകാനായി സുഹൃത്ത് 'റിച്ചാര്‍ഡ്' കാറുമായി എത്തുന്നു. താമസസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്‍ത്, ഗേള്‍ഫ്രണ്ടിനെ കാണാനായി പോവുകയാണ് റിച്ചാര്‍ഡ്. ഈ സമയം ഒരു ഭയാനകദൃശ്യത്തിന് യദൃശ്ചയാ സാക്ഷിയാവുകയാണ് അഖിലേഷ്. പൊടുന്നനെ മുന്നിലെത്തുന്ന അപായവും രാത്രി അപരിചിതമായ സ്ഥലത്ത് നില്‍ക്കുന്ന ചെറുപ്പക്കാരനും.. 17 മിനിറ്റില്‍ ത്രില്ലടിപ്പിക്കുകയാണ് 'റോഡി' എന്ന ഷോര്‍ട്ട് ഫിലിം.
സാരംഗ് വി ശങ്കര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ അഖിലേഷ് ആയി അഖിലേഷ് ഈശ്വറും റിച്ചാര്‍ഡ് ആയി ശ്രീകാന്ത് രാധാകൃഷ്‍ണയും അഭിനയിച്ചിരിക്കുന്നു. മറ്റൊരു പ്രധാന വേഷത്തില്‍ കെ ആര്‍ ജയശങ്കറും എത്തിയിരിക്കുന്നു. സുധീഷ് മോഹന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 10 ജി മീഡിയയ്ക്കു വേണ്ടി വിപിന്‍ കുമാര്‍ വി, ജിനു ജോര്‍ജ്, ലിക്കു മാഹി, ഷിബിന്‍ ശശിധരന്‍, ശ്രീലാല്‍ അരുണന്‍ എന്നിവരാണ്. ഛായാഗ്രഹണം മാധവന്‍ അശോക്. പശ്ചാത്തലസംഗീതം, ശബ്‍ദസന്നിവേശം നിഖില്‍ മാധവ്. പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona