മലയാളത്തിലും ത്രില്ലര്‍ വെബ് സിരീസ്; ശ്രദ്ധ നേടി 'റോഡ് റാഷ്'

By Web Team  |  First Published Jul 8, 2019, 6:18 PM IST

15 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡ് ആദ്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ്. രാഹുലന്‍ അശാന്തന്‍ ആണ് രചനയും സംവിധാനവും. നിര്‍മ്മാണം പാര്‍ഥന്‍ മോഹന്‍.
 


ഇത് വെബ് സിരീസുകളുടെ കാലമാണ്. കര്‍ക്കശമായ സെന്‍സറിംഗ് നിയമങ്ങളുള്ളതിനാല്‍ ഫീച്ചര്‍ ഫിലിം സംവിധായകന്‍ പലപ്പോഴും അസ്വാതന്ത്ര്യം നേരിടുമ്പോള്‍ പുതിയ സാധ്യതകള്‍ തുറന്നുകൊടുത്ത മീഡിയമാണ് വെബ് സിരീസുകള്‍. ലോകമെമ്പാടും നാള്‍ക്കുനാള്‍ പ്രേക്ഷകര്‍ കൂടിവരുകയാണ് വെബ് സിരീസുകള്‍ക്ക്. 'കരിക്ക്' പോലെയുള്ള സിരീസുകളുടെ ജനപ്രീതി മതി മലയാളത്തിലും അതിനുള്ള സാധ്യത മനസ്സിലാക്കാന്‍. ഇപ്പോഴിതാ വെബ് സിരീസുകളില്‍ മലയാളത്തില്‍ ഇനിയും പരീക്ഷിക്കപ്പെടാത്ത ത്രില്ലര്‍ ഴോണ്‍റെയിലുള്ള ഒരു പരമ്പര എത്തിയിരിക്കുകയാണ്. 'റോഡ് റാഷ്' എന്ന് പേരിട്ടിരിക്കുന്ന സിരീസിന്റെ പുറത്തെത്തിയ ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് യുട്യൂബില്‍ ലഭിയ്ക്കുന്നത്.

2013 പുതുവര്‍ഷ രാത്രിയില്‍ നടക്കുന്ന ചില സംഭവങ്ങളിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിയ്ക്കുന്നത്. ഒരു പഴയ കാറില്‍ എവിടേയ്‌ക്കോ പോകുന്ന രണ്ട് സുഹൃത്തുക്കളെയാണ് നാം ആദ്യം കാണുന്നത്. ഒരു ട്രാഫിക്ക് സിഗ്നലില്‍ വച്ച് നിര്‍ത്തിയിട്ടിരിയ്ക്കുന്ന മറ്റൊരു കാറിലുള്ള ഒരു സ്ത്രീയെ അവര്‍ കാണുന്നു. സുഹൃത്തുക്കളില്‍ ഒരാളെ അവര്‍ നോക്കുന്നു. പിന്നാലെ ആ സ്ത്രീയുടെ വാഹനത്തെ പിന്തുടരുകയാണ് കൂട്ടുകാര്‍. ഓടിക്കൊണ്ടിരിയ്ക്കുന്ന രണ്ട് കാറുകളും നരേഷനിലേക്ക് പിന്നീടെത്തുന്ന നാലാമതൊരു കഥാപാത്രവും. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡ് ആദ്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ്. 

Latest Videos

രാഹുലന്‍ അശാന്തന്‍ ആണ് രചനയും സംവിധാനവും. നിര്‍മ്മാണം പാര്‍ഥന്‍ മോഹന്‍. ഛായാഗ്രഹണവും എഡിറ്റിംഗും അഭിലാഷ് സുധീഷ്. സംഗീതം അശ്വിന്‍ ജോണ്‍സണ്‍. ജസ്റ്റിന്‍ വര്‍ഗീസ്, ദേവകി രാജേന്ദ്രന്‍, ആനന്ദ് മന്‍മഥന്‍, രാഹുല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാര്‍ഥന്‍ മോഹന്‍ ഒരു ചെറു കഥാപാത്രമായും എത്തുന്നു.

click me!