Are we all stuck on an island ? എന്ന ചോദ്യത്തോടെയാണ് ഈ ഷോട്ട് ഫിലിം ആരംഭിക്കുന്നത്. ഒരു സ്ത്രീയുടെ സ്വപ്നതുല്യമായ അനുഭവങ്ങളിലൂടെ മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ കടന്ന് പോയ മാനസികാവസ്ഥയാണ് ചിത്രത്തിലുടനീളം പറയുന്നത്.
സ്വന്തം ജീവനും ജീവിതവും പണയപ്പെടുത്തി മഹാമാരിയില്‍ മനുഷ്യജീവനുകള്‍ സംരക്ഷിക്കാനായി ഇറങ്ങിത്തിരിച്ച ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ് 'ദി മെറൂൺഡ്' (THE MAROONED). മലയാളിയായ സിജോ ക്രോസ്‍മൂഡ് ആണ് ദി മെറൂൺഡിന്‍റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഓസ്ട്രേലിയയില്‍ ഷൂട്ട് ചെയ്ത ഈ ഷോട്ട് ഫിലിമില്‍ അഭിനേതാവായ അലി മക്നാമറാ ഒഴികെ, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം മലയാളികളെന്ന പ്രത്യേകതയുമുണ്ട്.
കൊവിഡ് മഹാമാരിയുടെ അതിവ്യാപനകാലത്ത് പോലും രോഗത്തെ കുറിച്ച്, രോഗവ്യാപനത്തെ കുറിച്ച് കാര്യമായ അറിവുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കോ ഉണ്ടായിരുന്നില്ല. ആശങ്കയുടെയും ഭയത്തിന്‍റെയും ആ കാലത്ത് പോലും ജീവനും ജീവിതവും പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ് ഈ വീഡിയോയെന്ന് സംവിധായകനായ സിജോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
Are we all stuck on an island ? എന്ന ചോദ്യത്തോടെയാണ് ഈ ഷോട്ട് ഫിലിം ആരംഭിക്കുന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയുടെ സ്വപ്നതുല്യമായ അനുഭവങ്ങളിലൂടെ മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ കടന്ന് പോയ മാനസികാവസ്ഥയാണ് ചിത്രത്തിലുടനീളം പറയുന്നത്. ചില കാഴ്ചകള്‍, ദൃശ്യങ്ങള്‍, ചില സ്ഥലങ്ങള്‍ എന്നിവ അടയാളപ്പെടുത്തുന്നതിലൂടെ മഹാമാരിക്കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ മാനസീകാവസ്ഥയെയാണ് ചിത്രം ദൃശ്യവത്ക്കരിക്കുന്നത്.
2016 ല്‍ മീഡിയ പഠനത്തിന്‍റെ ഭാഗമായാണ് സിജോ ഓസ്ട്രേലിയയിലെത്തുന്നത്. ഇപ്പോള്‍ പെര്‍ത്തില്‍ ജോലി ചെയ്യുന്നു. 2020 ല്‍ കൊവിഡ് വ്യാപന കാലത്ത് ലോകം മുഴുവനും രോഗവ്യാപനമുണ്ടായപ്പോള്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പെര്‍ത്തില്‍ വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്കിടെയിലാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ഷൂട്ടിന്‍റെ സമയത്ത് വെറും മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. അതും പരിമിതമായ വിഭവങ്ങളെ വച്ചായിരുന്നു ഷൂട്ട്. ഷൂട്ട് ചെയ്ത റഷസ് നാട്ടിലേക്ക് അയച്ച് കൊടുത്ത് അവിടെ വച്ചാണ് ഏഡിറ്റിങ്ങും മറ്റും നിര്‍വഹിച്ചത്. ദി മെറൂൺഡിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാവരും മലയാളികണെന്ന പ്രത്യേകതയും ഉണ്ട്.
ചങ്ങനാശ്ശേരിയിലെ സെന്‍റ്. ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നാണ് സിജോ ഡിഗ്രി കഴിഞ്ഞത്. അവിടെ കൂടെ പഠിച്ചവരാണ് ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പലരും. ക്യാമറ ചെയ്തത് ആ സമയത്ത് ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആശിഷ് പീറ്റര്‍. കോളേജ്മേറ്റും 'ആഹാ' സിനിമയുടെ സംവിധായകനുമായ ബിബിന്‍ പോള്‍ സാമുവലാണ് എഡിറ്റ് നിര്‍വഹിച്ചത്. സംസ്ഥാന - ദേശീയ അവാര്‍ഡുകള്‍ നേടിയ ജയദേവന്‍ ചക്കാടത്തും ഷിജോ മോന്‍ ജോര്‍ജുമാണ് ചിത്രത്തിന്‍റെ ശബ്ദസന്നിവേശം പൂര്‍ത്തിയാക്കിയത്. സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രകാശ് അലക്സാണ് സംഗീതം നിര്‍വഹിച്ചത്. ഗ്രേഡിങ്ങ് ചെയ്തത് നിഖില്‍ രമേശ്.
2020 ല്‍ തന്നെ വീഡിയോ പുറത്തിറങ്ങുകയും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് അവര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, അതിനിടെ ആശിഷ് പീറ്റര്‍, അര്‍ബുദം ബാധിച്ച് നാട്ടിലേക്ക് മടങ്ങി. നിരവധി കീമോകള്‍ ചെയ്തെങ്കിലും ആശിഷിന് തിരിച്ച് ജീവിതത്തിലേക്ക് നടന്നുകയറാനായില്ല. ഇതോടെ വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിന്നെന്ന് സിജോ പറയുന്നു. പിന്നീട് 2022 നേഴ്സസ്‍ ഡേയിലാണ് വീഡിയോ യൂറ്റൂബില്‍ പ്രസിദ്ധപ്പെടുത്തിയത്. മഹാമാരിക്കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച് രോഗികളെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ് ഈ വീഡിയോ എന്നും സിജോ പറഞ്ഞു.