നടി സൗപര്‍ണിക സുഭാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഷോര്‍ട് ഫിലിം.
കൊവിഡ് കാലത്ത് പലതരം വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുന്ന മേഖലയാണ് ഹ്രസ്വ ചിത്രങ്ങള്‍. ഇപ്പോഴിതാ സിനിമ- സീരിയല്‍ നടി സൗപര്‍ണിക സുഭാഷും തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ഗംഭീര ഹ്രസ്വ ചിത്രമായി എത്തിയിരിക്കുന്നു. വീഡിയോയുടെ ക്വാളിറ്റി കുറവാണ് എന്ന ക്ഷമാപണത്തോടെയാണ് സൗപര്‍ണിക ഹ്രസ്വ ചിത്രം പുറത്തുവിട്ടത്. എന്നാല്‍ സിനിമയുടെ ആഖ്യാനവും ആശയുവുമാണ് ഒരു ക്വാറന്റീൻ വിചാരണ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടാൻ കാരണമാകുന്നത്. രസകരമായ സംഭാഷണങ്ങളിലൂടെയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
വിശ്വാസ് കെ സുരേഷിന്റെതാണ് കഥ. സൗപര്‍ണിക സുഭാഷ് തന്നെയാണ് എഡിറ്റിംഗും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നതും. ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വാര്‍ത്താ ചാനലിലെ ലൈവ് കാട്ടിയാണ് സിനിമ തുടങ്ങുന്നത്. സാനിറ്റൈസറിനും മാസ്‍ക്കിനും ഹാൻഡ് വാഷിനും കൊവിഡിനും ഒക്കെ പറയാനുള്ളത് കേള്‍ക്കുന്നു. കൊവിഡിനെ കോടതിയില്‍ വിചാരണ ചെയ്യുകയാണ്. അങ്ങനെ രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ഒരു ക്വാറന്റൈൻ വിചാരണ എന്ന ഹ്രസ്വ ചിത്രം പൂര്‍ത്തിയാകുന്നത്.