തനി നാടൻ സൂപ്പർ ഹീറോയുടെ കഥയുമായി എത്തിയിരിക്കുകയാണ് മരണ മാസ്സ് 3 എന്ന ഹ്രസ്വ ചിത്രം
സൂപ്പർ ഹീറോ കഥകളും സിനിമകളും എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകർ. ഇന്ത്യൻ സിനിമയിൽ സൂപ്പർഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സിൽ സൃഷ്‌ടിച്ച ഋതിക് റോഷന്റെ കൃഷ് മുതൽ സ്പൈഡർ മാനും, സൂപ്പർ മാനും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ തനി നാടൻ സൂപ്പർ ഹീറോയുടെ കഥയുമായി എത്തിയിരിക്കുകയാണ് മരണ മാസ്സ് 3 എന്ന ഹ്രസ്വ ചിത്രം. ദേവിദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സദാചാര ഗുണ്ടയിസത്തിനെതിരെ പ്രതികരിക്കുന്ന ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവരുടെ ജീവിതത്തിലേയ്ക്ക് നാടൻ സൂപ്പർ ഹീറോയായ രുദ്രൻ കടന്ന് വരുന്നതോടെ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഡാര്‍ക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകളും, കഥാപാത്രങ്ങളുടെ പ്രകടനവും ചിത്രത്തെ മികവുറ്റതാക്കുന്നു. 2018ൽ ഇറങ്ങിയ മരണ മാസ്സ് 2 എന്ന ഷോർട്ട് ഫിലിമിന്റെ തുടർച്ചയായ മരണ മാസ്സ് 3 നിർമ്മിച്ചിരിക്കുന്നത് വിഷ്ണു എസ്സ് നായർ ആണ്. വിഷ്ണു സുരേഷ്, മിന്റു മരിയ വിൻസെന്റ്, വിഷ്ണു ഷാജി, സുനിൽ കുമാർ, ആരതി മുരളീധരൻ, സജീബ് ഇക്ബാൽ, അശ്വിൻ നായർ, പ്രതാപ് ആര്യൻ, രഞ്ജിത് രജനി, ശ്രുതി സുവർണ്ണ, പ്രവീൺ നാരായൺ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് അക്ഷയ് രവി, വിനീത് വി മോഹൻ ഛായാഗ്രഹണവും, സാം സൈമൺ ജോർജ് പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.