മുംബൈ ഇന്‍റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നേടിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് അടക്കം ഇരുപതിലേറെ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞ ചിത്രം
ഭര്‍ത്താവ് മരിച്ചാല്‍ ഒരു മുസ്ലിം സ്ത്രീ അനുഷ്ഠിക്കേണ്ടിവരുന്ന ആചാരമാണ് 'ഇദ്ദ'. ഭര്‍ത്താവ് മരണപ്പെട്ടുപോയവള്‍ നാല് മാസവും പത്ത് ദിവസവും അടച്ചിട്ടൊരു മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നതാണ് 'ഇദ്ദ'. യുവതി ആയിരിക്കെത്തന്നെ ഇദ്ദയിരിക്കേണ്ടിവരുന്ന ഖമറുന്നിസ എന്ന കഥാപാത്രത്തിലൂടെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്ന കൊടുംവേദനയെക്കുറിച്ച് പറയുകയാണ് ഒരു ഹ്രസ്വചിത്രം. 'ഇദ്ദ' എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷമ്മാസ് ജംഷീര്‍ ആണ്.
മുംബൈ ഇന്‍റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നേടിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് അടക്കം ഇരുപതിലേറെ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞ ചിത്രമാണിത്. ബക്കര്‍ അബു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഖമറുന്നിസയായി അഭിനയിച്ചിരിക്കുന്നത് ശ്രുതി ജയന്‍ ആണ്. സരസ ബാലുശ്ശേരി, ജസ്ല മാടശ്ശേരി, ബേബി ദര്‍ശിക ജയേഷ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് തിരക്കഥ. മതാചാരങ്ങളെ പുതുതലമുറ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന്, 'ഖമറുന്നിസ'യുടെ മകള്‍ 'കുഞ്ഞായിശു'വിലൂടെ നോക്കിക്കണ്ടാണ് സംവിധായകന്‍ ചിത്രം അവസാനിപ്പിക്കുന്നത്.
ഇദ്ദ ഇരിക്കുന്ന സ്ത്രീയുടെ മുറിയിലെ ഇരുട്ടില്‍ നിന്നാണ് ചിത്രത്തിന്‍റെ ദൃശ്യഭാഷ സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. രാജേഷ് രാജുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം പ്രതീക് അഭ്യാങ്കര്‍. സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍. എഡിറ്റിംഗ് ആനന്ദ് പൊറ്റെക്കാട്ട്. മേക്കപ്പ് ദിനേശ് കോഴിക്കോട്. ഡബ്ബിംഗ് എന്‍ജിനീയര്‍ ഷൈജു കോഴിക്കോട്. പോസ്റ്റര്‍ ലെനന്‍ ഗോപിന്‍. ഡിഐ സുജിത്ത് സദാശിവന്‍.