Chilar Short Film |മോഷ്ടാവിനെ തേടിയുള്ള പൊലീസുകാരന്‍റെ യാത്ര; ശ്രദ്ധനേടി 'ചിലര്‍'

By Web Team  |  First Published Nov 18, 2021, 11:43 AM IST

പ്രിയ അധ്യാപകന്‍റെ മോഷണം പോയ പെൻഷൻ കാശ് കണ്ടെത്താൻ ഇറങ്ങി തിരിച്ച സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 


മികച്ച താരനിരയുമായി എത്തിയ 'ചിലർ'(Chilar) എന്ന ഹ്രസ്വചിത്രം(Short Film) ശ്രദ്ധേയമാകുന്നു. ദീലീഷ് പോത്തൻ, ഡോമിൻ ഡിസിൽവ, ഡിൻജിത്ത് അയ്യത്താൻ, നടൻമാരായ രാജേഷ് ശർമ്മ, അർജുൻ അശോകൻ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലെ ഒരു ദിനമാണ് ചിത്രം പറയുന്നത്. പ്രിയ അധ്യാപകന്‍റെ മോഷണം പോയ പെൻഷൻ കാശ് കണ്ടെത്താൻ ഇറങ്ങി തിരിച്ച സലാം എന്ന പൊലീസ് ഉദ്യോഗസ്ഥൻ എത്തിപ്പെടുന്നത് തികച്ചും അപരിചിതമായ അനുഭവത്തിലേക്കാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Latest Videos

അമൽ ജോസ്, ടൈറ്റസ് കണ്ടത്തിൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചർച്ചയാകുന്നത്. അനീഷ് അർജുനൻ, തരുൺ ഭാസ്കരൻ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി സുരേഷ് ബാബു, ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, ജോളി ചിറയത്ത് തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം ,നയന, ജിതിന്‍ പി വി, ടൈറ്റസ് കണ്ടത്തിൽ കുമാരി അൽമിത്ര സുഭാഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

click me!